ദുബൈ: ലോകത്താകമാനം ഭീതിവിതച്ച ഒമിക്രോൺ ഗുരുതര സാഹചര്യങ്ങൾ സൃഷ്ടിക്കില്ലെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ബിസിനസ് മേഖലയിൽ ആശ്വാസം. കോവിഡിൽ ആടിയുലഞ്ഞ വിപണി യു.എ.ഇയിൽ ഒക്ടോബർ, നവംബർ മാസങ്ങളിൽ സജീവ തിരിച്ചുവരവിന്റെ പാതയിലായിരുന്നു.
അതിനിടെ ഒമിക്രോൺ ഭീതിയും യാത്രാനിയന്ത്രണങ്ങളും വന്നത് വീണ്ടുമൊരു തകർച്ചയിലേക്ക് ബിസിനസ് രംഗം കടന്നുപോകുമോ എന്ന ആശങ്കക്കിടയാക്കി. എന്നാൽ, ഒമിക്രോൺ വ്യാപിച്ച രാജ്യങ്ങളിൽ പോലും ഗുരുതര സാഹചര്യങ്ങൾ ഉണ്ടാക്കാത്തതും യു.എ.ഇയിൽ വാക്സിനേഷൻ വേഗത്തിൽ മുന്നേറിയതും ആശ്വാസകരമായ സാഹചര്യമാണ് സൃഷ്ടിച്ചിട്ടുള്ളത്.
സ്കൂളുകളിൽ ഓൺലെൻ പഠനവും വർക്ക് അറ്റ് ഹോമും നടപ്പിലാക്കിയത് ഹോട്ടൽ രംഗത്തെയടക്കം ചെറിയ രീതിയിൽ ബാധിച്ചിരുന്നു. മുൻകരുതൽ നടപടികൾ സ്വീകരിച്ച് ജനങ്ങൾ പുറത്തിറങ്ങുന്നത് ഹോട്ടൽ, ഹോസ്പിറ്റാലിറ്റി, ടൂറിസം മേഖലക്ക് ആശ്വാസകരമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. എന്നാൽ, നിലവിൽ തിരിച്ചുവരവിന്റെ ലക്ഷണങ്ങളാണ് എല്ലാ മേഖലയിലുമുള്ളതെന്ന് വിവിധ രംഗത്തുള്ളവർ പറയുന്നു.
എക്സ്പോ 2020 ദുബൈയും ഗ്ലോബൽ വില്ലേജും അടക്കമുള്ള വലിയ വേദികളിൽ സന്ദർശകരുടെ എണ്ണത്തിൽ ചെറിയ കുറവ് കഴിഞ്ഞയാഴ്ചകളിൽ ദൃശ്യമായിരുന്നു. എന്നാൽ, വീണ്ടും ഇത്തരം സ്ഥലങ്ങൾ സജീവമാകുന്ന സാഹചര്യമാണുള്ളത്. സ്കൂളുകൾ നിലവിൽ അബൂദബി, അജ്മാൻ, ഫുജൈറ, ഉമ്മുൽഖുവൈൻ എന്നിവിടങ്ങളിൽ ഓൺലൈൻ ക്ലാസുകളാണെങ്കിലും അധികം വൈകാതെ നേരിട്ട് ക്ലാസുകൾ പുനരാരംഭിക്കാനാവുമെന്ന പ്രതീക്ഷയാണുള്ളത്.
ദുബൈ, ഷാർജ, റാസൽഖൈമ എന്നിവിടങ്ങളിൽ നേരിട്ട് ക്ലാസുകൾ നടക്കുന്നുണ്ട്. ഇവിടങ്ങളിൽ ചില സ്കൂളുകൾ ആദ്യഘട്ടത്തിൽ ഓൺലൈനിലേക്ക് മാറിയിരുന്നെങ്കിലും നിലവിൽ പലതിലും നേരിട്ട് ക്ലാസുകൾ പുനരാരംഭിച്ചു. ബൂസ്റ്റർ ഡോസ് നൽകുന്നത് വേഗത്തിലാക്കുകയും കോവിഡ് ബാധിതരെയും സമ്പർക്കത്തിലുള്ളവരെയും ഐസൊലേഷനിലാക്കുകയും ചെയ്താണ് യു.എ.ഇയിൽ പുതിയ വകഭേദം നിയന്ത്രണവിധേയമാക്കാൻ അധികൃതർ ശ്രമിക്കുന്നത്. ഈ പരിശ്രമം വിജയം കാണുന്നതായാണ് വിലയിരുത്തപ്പെടുന്നത്.
ഒമിക്രോണോ കോവിഡിന്റെ മറ്റേതെങ്കിലും വകഭേദങ്ങളോ കാരണമായി യു.എ.ഇയിൽ സമ്പൂർണ ലോക്ഡൗൺ ഇനിയില്ലെന്ന് യു.എ.ഇ വിദേശ വ്യാപാര വകുപ്പ് സഹമന്ത്രി ഡോ. ഥാനി അൽ സയൂദി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുമുണ്ട്. അതിനിടെ വാക്സിനെടുക്കാത്തവരിലും ഒമിക്രോൺ അതിഗുരുതര സാഹചര്യം സൃഷ്ടിക്കില്ലെന്ന് ദക്ഷിണാഫ്രിക്കയിൽ നടന്ന പഠനത്തിൽ തെളിഞ്ഞിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.