ദുബൈ: ഭൂകമ്പം തച്ചുടച്ച തുർക്കിയയിലെ കെട്ടിട കൂമ്പാരങ്ങൾക്കിടയിൽ നിന്ന് പത്താംദിനത്തിൽ ജീവന്റെ തുടിപ്പുകൾ കണ്ടെടുത്ത് യു.എ.ഇ രക്ഷാദൗത്യ സംഘം. തുർക്കിയയിലെ കഹ്റമാൻമറാഷിൽനിന്നാണ് ഒമ്പതു ദിവസം പിന്നിട്ട ശേഷം രണ്ടുപേരെ രക്ഷാപ്രവർത്തകർ ജീവനോടെ കണ്ടെത്തിയത്. തുർക്കിയയിലെ ഇമാറാത്തി സെർച്ച് ആൻഡ് റെസ്ക്യൂ കമാൻഡർ കേണൽ ഖാലിദ് അൽ ഹമ്മാദിയാണ് ഇക്കാര്യം അറിയിച്ചത്. ഭൂകമ്പത്തിൽ പതിനായിരക്കണക്കിന് പേർ കൊല്ലപ്പെട്ട പ്രദേശമാണ് കഹ്റമാൻമറാഷ്.
ഫ്രഞ്ച് രക്ഷാപ്രവർത്തക സംഘത്തോടൊപ്പം ചേർന്നാണ് യു.എ.ഇ സംഘം അദ്ഭുതകരമായ രക്ഷപ്പെടുത്തലിന് നേതൃത്വം നൽകിയത്. ഭൂകമ്പത്തിൽ അകപ്പെട്ടവരെ സഹായിക്കാനും രക്ഷിക്കാനും യു.എ.ഇ പ്രഖ്യാപിച്ച ‘ഗാലന്റ് നൈറ്റ്-2’ ഓപറേഷന്റെ ഭാഗമായാണ് ഇമാറാത്തി രക്ഷാപ്രവർത്തകർ തുർക്കിയയിൽ പ്രവർത്തിച്ചുവരുന്നത്. രക്ഷപ്പെട്ടവർ 19ഉം 21ഉം വയസ്സുള്ളവരാണ്. ബെലറൂസിന്റെ പൊലീസ് ഡോഗ് യൂനിറ്റിന്റെ സഹായത്തോടെ ആദ്യഘട്ടത്തിലും പിന്നീട് ഇമാറാത്തി സംഘവും പ്രദേശത്ത് സർവേ നടത്തി ആരും ജീവിച്ചിരിപ്പില്ലെന്ന് ഉറപ്പുവരുത്തിയിട്ടുമുണ്ട്. എന്നാൽ, വിവിധ സ്ഥലങ്ങളിൽ ഇനിയും ജീവനോടെ പലരും ഉണ്ടാകാൻ സാധ്യതയുണ്ടെന്നും തിരച്ചിൽ തുടരുമെന്നും കേണൽ ഖാലിദ് അൽ ഹമ്മാദി പറഞ്ഞു. ഭൂകമ്പത്തിന്റെ ആദ്യദിനം മുതൽ രക്ഷാദൗത്യത്തിൽ പങ്കെടുക്കുന്ന യു.എ.ഇ സംഘം തുർക്കിയയിലും സിറിയയിലും കഴിഞ്ഞ ദിവസങ്ങളിൽ നിരവധി പേരെയാണ് രക്ഷപ്പെടുത്തിയത്.
രക്ഷാദൗത്യത്തിന് പുറമെ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളും യു.എ.ഇ സംഘം മേഖലയിൽ നടത്തിവരുന്നുണ്ട്. ഭൂകമ്പ ദുരിതത്തിൽ സഹായമൊഴുക്കിയ യു.എ.ഇക്ക് തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ കഴിഞ്ഞദിവസം നന്ദി അറിയിച്ചിട്ടുണ്ട്. പരിക്കേറ്റവരെ സഹായിക്കാനും കുടുങ്ങിയവരെ രക്ഷപ്പെടുത്താനും ഇമാറാത്തി സേന മുന്നിലുണ്ടെന്നും രാജ്യം വീണ്ടും കെട്ടിപ്പടുക്കാൻ എല്ലാവിധ ശ്രമങ്ങളും തുടരുമെന്നും ഉർദുഗാൻ പറഞ്ഞിരുന്നു. ഭൂകമ്പമുണ്ടായതിന് പിന്നാലെ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ 100 ദശലക്ഷം ഡോളർ സഹായം പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.