ദുബൈ: എമിറേറ്റിലെ യാത്രക്കാരെ സഹായിക്കുന്നതിനായി ദുബൈ പൊലീസ് രൂപപ്പെടുത്തിയ ‘ഓൺ ദി ഗോ’ സംരംഭം വിജയകരമാണെന്ന് അധികൃതർ. പദ്ധതിയിൽ ഈ വർഷം 991 ഗുണഭോക്താക്കളുണ്ടായതായും 803 പേർക്ക് നഷ്ടപ്പെട്ട വസ്തുക്കൾ തിരിച്ചേൽപിക്കാൻ കഴിഞ്ഞതായും പൊലീസ് വൃത്തങ്ങൾ വാർത്തസമ്മേളനത്തിൽ വെളിപ്പെടുത്തി. പദ്ധതിക്ക് 94.3 ശതമാനം ഉപഭോക്തൃ സംതൃപ്തിയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
എമിറേറ്റിലെ 138 പെട്രോൾ പമ്പുകളോടനുബന്ധിച്ചാണ് ‘ഓൺ ദി ഗോ’ സംരംഭം ആരംഭിച്ചിട്ടുള്ളത്. ചെറിയ അപകടങ്ങൾ സംബന്ധിച്ച റിപ്പോർട്ട് വാങ്ങുന്നതിനും നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതിനുമുള്ള സൗകര്യം, ഇൻഷുറൻസ് ക്ലെയിം, നഷ്ടപ്പെട്ട വസ്തുക്കളെക്കുറിച്ച് അറിയിക്കുന്നതിനുള്ള സൗകര്യം എന്നിവയാണ് പ്രധാനമായും ഈ സേവന കേന്ദ്രത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പൊലീസിന്റെ പരിശീലനം ലഭിച്ച ജീവനക്കാരുടെ സേവനം ലഭിക്കുന്നതിനാൽ മിനിറ്റുകൾക്കകം നടപടിക്രമങ്ങൾ ഇവിടെ പൂർത്തിയാകും.
രേഖകളുടെ ഹാർഡ് കോപ്പി ലഭിക്കാൻ പൊലീസ് സ്റ്റേഷനിൽ പോകേണ്ട ആവശ്യം ഇതിലൂടെ ഇല്ലാതാകും. ഇൻഷുറൻസ് ക്ലെയിം ചെയ്യുന്നതിന് ചെറിയ അപകടങ്ങളുടെ റിപ്പോർട്ട് അതിവേഗത്തിൽ ഇവിടങ്ങളിൽ ലഭിക്കും. ഡ്രൈവിങ് ലൈസൻസ്, വാഹന രജിസ്ട്രേഷൻ, ഇൻഷുറൻസ് സർട്ടിഫിക്കറ്റ് എന്നിവ കേന്ദ്രങ്ങളിൽ സ്വീകരിക്കും. 150 ദിർഹമാണ് ‘ഓൺ ദി ഗോ’ കേന്ദ്രങ്ങളിൽ ഫീസ് ഈടാക്കുന്നത്.
എന്നാൽ, മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ, ഗർഭിണികൾ എന്നിവർക്ക് സേവനം സൗജന്യമാണ്. ദുബൈ പൊലീസും ദുബൈയിലെ ഇന്ധന വിതരണ കമ്പനികളായ എമിറേറ്റ്സ് നാഷനൽ ഓയിൽ കമ്പനി - ഇനോക്, അബൂദബി നാഷനൽ ഓയിൽ കമ്പനി -അഡ്നോക്, എമിറേറ്റ്സ് ജനറൽ പെട്രോളിയം കോർപറേഷൻ - ഇമാറാത്ത് എന്നിവയും സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ദുബൈ പൊലീസ് സ്റ്റേഷനുകളുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് ചെയർമാൻ മേജർ ജനറൽ ഡോ. ആദിൽ അൽ സുവൈദി, കമ്യൂണിറ്റി ഹാപ്പിനസ് വിഭാഗം ഡയറക്ടർ ബ്രി. അലി ഖൽഫാൻ അൽ മൻസൂരി എന്നിവരടക്കം പ്രധാന ഉദ്യോഗസ്ഥർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.