ദുബൈ: മതസൗഹാർദത്തിന്റെ മഹത്തായ സന്ദേശം പകർന്ന് വി.കെ.എം കളരിയുടെ ഓണാഘോഷച്ചടങ്ങായ ‘ഓണക്കളരി’ ശ്രദ്ധേയമായി. ഒരേവേദിയിൽ ചെണ്ടമേളവും കോൽക്കളിയും അരങ്ങുതകർത്തപ്പോൾ ആഘോഷച്ചടങ്ങിനെത്തിയവർക്ക് അത് നവ്യാനുഭവമായി. അൽ ഖൂസിലെ ദിവൽ സ്കൂളിൽ നടന്ന ഓണാഘോഷത്തിൽ വി.കെ.എം കളരിയുടെ 800ലധികം കുടുംബാംഗങ്ങൾ സംബന്ധിച്ചു.
യു.എ.ഇ വി.കെ.എം കളരിയുടെയും ഗോൾഡൻ സ്റ്റാർ കരാട്ടേയുടെയും സ്ഥാപകൻ മണികണ്ഠൻ ഗുരുക്കൾ പരിപാടിക്ക് അധ്യക്ഷത വഹിച്ചു. ഭാരതീയ പ്രവാസി ഫെഡറേഷൻ പ്രസിഡന്റ് തോമസ് കോയാട്ട് ഉദ്ഘാടനം ചെയ്തു. വേൾഡ് മലയാളി കൗൺസിൽ അജ്മാൻ ചാപ്റ്റർ പ്രസിഡന്റ് ഡയസ് ഇടിക്കുള മുഖ്യാതിഥിയായി. സി.എ. ഉമേഷ്, സുബ്ബലക്ഷ്മി വി.കെ.എം കളരി, സമീറ ഫിറോസ്, അബ്ദുല്ലത്തീഫ്, അബ്ദുൽ റസാക്ക് തുടങ്ങിയവർ സംസാരിച്ചു.
വാദ്യമേള കലാകാരൻ സ്വാമിദാസ് ആശാനും സംഘവും അവതരിപ്പിച്ച ചെണ്ടമേളവും എടരിക്കോടൻ കോൽക്കളി സംഘത്തിന്റെ കോൽക്കളിയും ഓണാഘോഷത്തെ വേറിട്ടതാക്കി. കുമ്മാട്ടി, വേട്ടക്കാരൻ, പുലികളി തുടങ്ങിയ കലാരൂപങ്ങൾ അണിനിരന്ന ഘോഷയാത്രയും ഇതിനോടനുബന്ധിച്ച് നടന്നു. പൂക്കളമത്സരം, കളരിപ്പയറ്റ് പ്രദർശനം, വിദ്യാർഥികൾ അവതരിപ്പിച്ച വിവിധങ്ങളായ കലാപരിപാടികൾ തുടങ്ങിയവയും അരങ്ങേറി. ചടങ്ങിൽ മത്സരവിജയികൾക്ക് മെമന്റോയും കൈമാറി. വി.കെ.എം കളരിയോടൊപ്പം ഗോൾഡൻ സ്റ്റാർ കരാട്ടേയുടെയും സംയുക്താഭിമുഖ്യത്തിലാണ് ആഘോഷപരിപാടികൾ നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.