ദുബൈ: നാട്ടിലുള്ളവരുടെ ഓണാഘോഷം കഴിഞ്ഞോ? എന്നാൽ, ഞങ്ങൾ പ്രവാസികൾ ഇതാ ഇന്ന് മുതൽ ഓണാഘോഷം തുടങ്ങുകയായി. ഓണം പ്രവൃത്തിദിനമായിരുന്നതിനാൽ പ്രവാസി സംഘടനകൾ ഇന്ന് മുതലാണ് ആഘോഷം സംഘടിപ്പിച്ചിരിക്കുന്നത്. ഇനിയുള്ള എല്ലാ ഞായറാഴ്ചകളിലും വമ്പൻ ആഘോഷങ്ങളും സദ്യകളുമാണ് പ്രവാസ ലോകത്ത് ഒരുങ്ങുന്നത്. സെപ്റ്റംബർ 17, 18 തീയതികളിൽ ഷാർജ സഫീർ മാളിലാണ് 'ഗൾഫ് മാധ്യമ'ത്തിന്‍റെ ഓണോത്സവം നടക്കുന്നത്. വടംവലി, പൂക്കളം, പായസ മത്സരം, കപ്പിൾ കോണ്ടസ്റ്റ്, കുടുംബ പാചകം, കുട്ടികളുടെ ചിത്രരചന തുടങ്ങി ഒട്ടേറെ പരിപാടികളുമായാണ് പരിപാടി നടക്കുക. പ്രവാസലോകത്തെ കോളജ് അലുംനികളുടെ കൂട്ടായ്മയായ അക്കാഫ് ഇവന്‍റ്സും ഈ ആഘോഷത്തിൽ പങ്കാളികളാണ്. ആയിരക്കണക്കിനാളുകൾ എത്തുന്ന പരിപാടി സമ്മാനപ്പെരുമഴയാണ് ഒരുക്കുന്നത്.
സെപ്റ്റംബർ 15ന് മൂന്ന് വമ്പൻ ഓണസദ്യകളാണ് യു.എ.ഇയിൽ ഒരുങ്ങുന്നത്. ഷാർജ ഇന്ത്യൻ അസോസിയേഷൻ സംഘടിപ്പിക്കുന്ന ഓണപരിപാടിയിൽ 10000 പേർക്കുള്ള സദ്യയാണ് ഒരുക്കുന്നത്. അന്നേദിവസം തന്നെ അക്കാഫ് അസോസിയേഷനും ഏഴ് സംഘടനകളുടെ കൂട്ടായ്മയായ 'ഉമ'യും ഓണസദ്യ ഒരുക്കുന്നുണ്ട്. ഒക്ടോബർ രണ്ടിന് ദുബൈ അൽനസ്ർ ലെഷർലാൻഡിൽ അക്കാഫ് ഇവന്‍റ്സ് സംഘടിപ്പിക്കുന്ന 'ശ്രാവണ പൗർണ'മിയിൽ താരനിര അണിനിരക്കുന്നുണ്ട്. ശശി തരൂർ എം.പി, എം.എ. യൂസുഫലി എന്നിവർ വേദിയിലെത്തും. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഗാനത്തിലൂടെ ശ്രദ്ദേയയായ നഞ്ചിയമ്മ, സ്റ്റീഫൻ ദേവസി, അനൂപ് ശങ്കർ, രേഷ്മ രാഘവേന്ദ്ര, രാജേഷ് ചേർത്തല, ഫ്രാൻസിസ് സേവ്യർ തുടങ്ങിയവർ പങ്കെടുക്കും.
സെപ്റ്റംബർ 11നും അൽനസ്ർ ലെഷർ ലാൻഡിൽ ഓണാഘോഷവും ഓണ സദ്യയും നടക്കുന്നുണ്ട്. ഒക്ടോബറിലും ആഘോഷങ്ങൾക്ക് കുറവില്ല. അബൂദബി കേരള സോഷ്യൽ സെന്‍ററിന്‍റെ ഓണസദ്യ അടുത്തമാസമാണ്. പ്രവാസികളുടെ ഓണാഘോഷം ഒരുവർഷമാണെന്ന് പറച്ചിലുണ്ട്. ഡിസംബറിൽ ഇത് ഓണം -ക്രിസ്മസ് ആഘോഷമായി പരിണമിക്കും. ചെറിയ പെരുന്നാളെത്തുമ്പോൾ ഇത് ഓണം-ഈദ് ആഘോഷമാണ്. ചെറിയ സംഘടനകൾ മുതൽ സ്ഥാപനങ്ങൾ വരെ വരും ദിനങ്ങളിൽ ആഘോഷങ്ങളൊരുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.