ദുബൈ: എക്സ്പോ നഗരിയിലെ ഇന്ത്യൻ പവലിയൻ സന്ദർശിച്ചവരുടെ എണ്ണം ഒന്നരലക്ഷം കടന്നു. മേളയിലെ ഏറ്റവും വലിയ പവലിയനുകളിൽപെട്ട ഇന്ത്യയുടെ പ്രദർശനം 28 ദിവസത്തിനിടയിലാണ് ഇത്രയുംപേർ സന്ദർശിച്ചത്. ചൊവ്വാഴ്ച മുതൽ ദീപാവലി ആഘോഷങ്ങൾക്ക് കൂടി പവലിയൻ വേദിയാകുന്നതോടെ സന്ദർശകർ വർധിക്കുമെന്നാണ് അധികൃതർ കണക്കുകൂട്ടുന്നത്. ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ ഒന്നരലക്ഷമെന്ന നാഴികക്കല്ല് മറികടന്നതിൽ വലിയ ആഹ്ലാദമുണ്ടെന്ന് ദുബൈയിലെ ഇന്ത്യൻ കോൺസുൽ ജനറലും ഇന്ത്യൻ പവലിയൻ ഡെപ്യൂട്ടി കമീഷണർ ജനറലുമായ ഡോ. അമൻ പുരി പറഞ്ഞു. വരും ദിവസങ്ങളിൽ കൂടുതൽ പേരെ ആകർഷിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും ദീപാവലി ആഘോഷത്തിെൻറ അനുഭവം വരുംദിവസങ്ങളിൽ പവലിയനിലെത്തുന്നവർക്ക് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ ഏറ്റവും കൂടുതൽ സന്ദർശകരെത്തിയ പവലിയനുകളിലൊന്നാണ് ഇന്ത്യയുടേത്. വാരാന്ത്യ അവധിദിവസങ്ങളില പ്രദർശനം കാണാൻ വൻ തിരക്കാണ് പവലിയന് മുന്നിൽ അനുഭവപ്പെടുന്നത്. കഴിഞ്ഞ ദിവസങ്ങളിലും ചില സമയങ്ങളിൽ നീണ്ട ക്യൂ ദൃശ്യമായിരുന്നു. സാങ്കേതികരംഗത്ത് ഇന്ത്യ കൈവരിച്ച നേട്ടങ്ങൾ വിവരിക്കുന്ന പവലിയനിലെ പ്രദർശനങ്ങൾ വിവിധ ലോക രാജ്യങ്ങളിലുള്ളവരെ ആകർഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.