ഷാർജ: ആറു വർഷമായി യു.എ.ഇയിൽ പ്രവർത്തിക്കുന്ന ഷാർജ മലയാളി കൂട്ടായ്മയുടെ ഒരു ദിർഹം വായനശാലയുടെ രണ്ടാമത്തെ ശാഖ തുറന്നു. അബൂഷഗര ന്യൂ സിറ്റി സെന്റർ ഹൈപ്പർ മാർക്കറ്റിന്റെ ഒന്നാം നിലയിലാണ് കൂടുതൽ സൗകര്യങ്ങളോടെ വായനശാല തുറന്നത്.
2020 ഫെബ്രുവരി ഒന്നിനാണ് ഷാർജയിൽ ഒരു ദിർഹം വായനശാല പ്രവർത്തനം ആരംഭിച്ചത്. പിന്തുണയുമായി യു.എ.ഇയിലെ സാംസ്കാരിക പ്രവർത്തകർ പുസ്തകങ്ങൾ എത്തിച്ചുനൽകി. ആറു മാസങ്ങൾക്കകം പുസ്തകങ്ങൾ കൂടുകയും വിവിധ എമിറേറ്റുകളിൽനിന്നുപോലും വായനക്കാർ എത്തുകയും ചെയ്തതോടെ വായനശാല വിപുലീകരണത്തിന്റെ ചിന്തയിലായിരുന്നുവെന്ന് സ്റ്റിയറിങ് കമ്മിറ്റി അംഗം സജീവ് പിള്ള പറഞ്ഞു.
ഒരു ദിർഹം മാത്രം നൽകി ഒരുപാട് അറിവുകൾ സ്വന്തമാക്കാൻ അവസരം നൽകുന്ന വായനശാലയാണിത്. പുതിയ ശാഖയുടെ ഉദ്ഘാടനം ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വൈ.എ. റഹീം നിർവഹിച്ചു. കൂട്ടായ്മ പ്രസിഡന്റ് ജോയ്ദാസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സിറാജ് കാട്ടുകുളം കൂട്ടായ്മ പ്രവർത്തനങ്ങളെക്കുറിച്ചും ലൈബ്രേറിയൻ പ്രജു വായനശാല നടത്തിപ്പിനെക്കുറിച്ചും വിശദീകരിച്ചു.
എഴുത്തുകാരനും കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറിയുമായ വി. വിജയകുമാർ മുഖ്യാതിഥിയായി. സിറ്റി സെന്റർ മാനേജിങ് ഡയറക്ടർ ഇ.കെ. സുഹൈൽ, ഷാർജ ഇന്ത്യൻ അസോസിയേഷൻ മുൻ പ്രസിഡന്റ് ഡോ. ഇ.പി. ജോൺസൺ, കവി മുരളി മംഗലത്ത്, മാധ്യമ പ്രവർത്തക ഐശ്വര്യ, കൂട്ടായ്മ വൈസ് പ്രസിഡന്റ് ലക്ഷ്മി സജീവ്, ജോയന്റ് സെക്രട്ടറി ഖൈറുന്നിസ ശിഹാബുദ്ദീൻ, ട്രഷറർ ഷറഫുദ്ദീൻ നെല്ലിശ്ശേരി, ജോയന്റ് ട്രഷറർ മഞ്ജു വിവേക് എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ എബ്രഹാം തോമസ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.