അബൂദബി: രാജ്യത്തിനകത്തും പുറത്തുമുള്ള പള്ളികൾ, ഖുർആൻ പഠന സ്ഥാപനങ്ങൾ, ചാരിറ്റി കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ സൗജന്യമായി വിതരണം ചെയ്യാനായി ഖുർആനിന്റെ ഒരു ലക്ഷം കോപ്പികൾ അച്ചടിച്ച് യു.എ.ഇ ഭരണകൂടം. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ ചെലവിൽ വൈസ് പ്രസിഡന്റും ഉപ പ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാന്റെ നിർദേശ പ്രകാരം ജനറൽ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫേഴ്സ് ആൻഡ് എൻഡോവ്മെന്റ്സ് (ജി.എ.ഐ.എ.ഇ) ആണ് ഒരു ലക്ഷം ഖുർആൻ പതിപ്പുകൾ അച്ചടിച്ചത്.
വിശുദ്ധ ഖുർആൻ പദ്ധതിയുടെ ഭാഗമായി രണ്ടാമത് ബാച്ചിന്റെ പ്രിന്റിങ് ആണ് നടന്നത്. വിഷയത്തിൽ മികച്ച പിന്തുണ നൽകിയ പ്രസിഡന്റിന്റെ നടപടി പ്രശംസനീയമാണെന്ന് ജി.എ.ഐ.എ.ഇ ചെയർമാൻ ഡോ. ഉമർ ഹബ്തൂർ അൽ ദറായി പറഞ്ഞു. രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാൻ സ്ഥാപിച്ച ഖുർആൻ പഠന കേന്ദ്രങ്ങൾക്കുള്ള പിന്തുണ തുടർന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ലോകത്താകമാനം ഇസ്ലാമിന്റെ മൂല്യങ്ങൾ പ്രചരിപ്പിക്കുകയെന്ന പദ്ധതിയുടെ ഭാഗമായാണ് ഖുർആൻ സൗജന്യമായി വിതരണം ചെയ്യുന്ന പദ്ധതി യു.എ.ഇ ഭരണകൂടം ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.