അബൂദബി: ദര്‍ബ് ടോള്‍ ഗേറ്റുകള്‍ തുറന്നിട്ട് ഒരുവര്‍ഷം. 2021ല്‍ തിരക്കേറിയ സമയങ്ങളില്‍ 4.1 കോടി വാഹനങ്ങളാണ് ടോള്‍ ഗേറ്റിലൂടെ കടന്നുപോയതെന്ന് ഇന്‍റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് സെന്‍റര്‍ വ്യക്തമാക്കി. നിലവില്‍ ദര്‍ബ് സംവിധാനത്തില്‍ 17 ലക്ഷം രജിസ്‌ട്രേഡ് വാഹനങ്ങളാണുള്ളത്. ദിവസം നാലു മണിക്കൂര്‍ മാത്രമായി ടോള്‍ ഗേറ്റിന്‍റെ പ്രവര്‍ത്തനം നിജപ്പെടുത്തിയിട്ടുണ്ട്. അബൂദബിയില്‍ നാല് ദര്‍ബ് ടോള്‍ഗേറ്റുകളാണ് നിലവിലുള്ളത്. രാവിലെ ഏഴു മുതല്‍ ഒമ്പതു വരെയും വൈകീട്ട് അഞ്ചു മുതല്‍ രാത്രി ഏഴുവരെയുമാണ് എല്ലാ ദിവസവും ദര്‍ബ് ടോള്‍ ഗേറ്റുകളുടെ പ്രവര്‍ത്തനസമയം. ഇതുവഴി കടന്നുപോവുന്ന ഓരോ വാഹനത്തിനും നാലു ദിര്‍ഹമാണ് ഗേറ്റില്‍ ഈടാക്കുന്നത്.
ടോള്‍ പിരിവ് നടക്കുന്ന തിരക്കേറിയ സമയങ്ങളില്‍ ഇതുവഴി കടന്നുപോവാതിരിക്കാൻ ആളുകള്‍ ശ്രദ്ധ ചെലുത്തുന്നുണ്ട്. ഇതിലൂടെ അനാവശ്യമായി ടോള്‍ പിരിവ് കൊടുക്കേണ്ടി വരുന്നതില്‍നിന്ന് രക്ഷപ്പെടുകയും സാമ്പത്തികനഷ്ടം ഒഴിവാക്കാനായെന്നും നിരവധി പ്രവാസികള്‍ പറയുന്നു. ടാക്‌സികള്‍, ബസുകള്‍, എമര്‍ജന്‍സി വാഹനങ്ങള്‍, ഭിന്നശേഷിക്കാരുടെ വാഹനങ്ങള്‍ തുടങ്ങിയവക്ക് ദര്‍ബ് ടോളില്‍ പണം ഈടാക്കുന്നില്ല. ടോള്‍ ഗേറ്റിലൂടെ ഒരുദിവസം നിരവധി തവണ കടന്നുപോവേണ്ടിവരുന്ന വാഹനങ്ങള്‍ക്ക് ദിവസത്തേക്കും ആഴ്ചയിലേക്കും മാസത്തിലേക്കും പ്രത്യേക പാക്കേജുകളും അധികൃതര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.