ദുബൈ: കഴിഞ്ഞ വർഷം യു.എ.ഇയിലെ പത്തിൽ നാല് ഉപഭോക്താക്കളും ഓൺലൈൻ തട്ടിപ്പ് ശ്രമങ്ങൾക്ക് ഇരയായതായി സർവേ.
എന്നാൽ ഓൺലൈൻ, ഡിജിറ്റൽ പേയ്‌മെൻറുകളിലുള്ള വിശ്വാസം കുറഞ്ഞിട്ടില്ല. മെച്ചപ്പെട്ട സാങ്കേതികവിദ്യയും സുരക്ഷ നടപടികളുമുള്ള ഡിജിറ്റൽ രീതികളിലാണ് ഉപഭോക്താക്കൾക്ക് ഇപ്പോഴും കൂടുതൽ വിശ്വാസ്യത തോന്നുന്നത്. വിസ, ദുബൈ പൊലീസ്, ദുബൈ ഇക്കോണമി എന്നിവർ ചേർന്ന് നടത്തിയ സർവേയിലാണ് ഈ വസ്തുതകൾ കണ്ടെത്തിയതെന്ന് തിങ്കളാഴ്ച പുറത്തിറക്കിയ സംയുക്ത വാർത്തക്കുറിപ്പിൽ വ്യക്തമാക്കി.
പഠനമനുസരിച്ച് യു.എ.ഇയിൽ പണത്തിെൻറ ഉപയോഗം കുറയുകയാണ്. കോവിഡ് ആരംഭിച്ചശേഷം ഇ-കോമേഴ്‌സും കോൺടാക്റ്റ്‌ലെസ് പേയ്‌മെൻറുകളും വർധിച്ചു. അതത് സമയത്ത് പണം നൽകുന്ന ഇടപാടുകൾ 75ശതമാനം കുറഞ്ഞതായും സർവേ ചൂണ്ടിക്കാണിക്കുന്നു.
കോൺടാക്റ്റ്‌ലെസ് കാർഡുകളും മൊബൈൽ വാലറ്റുകളും ഉപയോഗിച്ചുള്ള ഇടപാടുകൾ ഏകദേശം ഇരട്ടിയായിട്ടുണ്ട്. വിശ്വാസ്യത എന്ന ഘടകം കോൺടാക്റ്റ്‌ലെസ് പേയ്‌മെൻറുകൾ ജനപ്രിയമാകാനുള്ള കാരണമാണ്. എന്നാൽ, ഉപഭോക്താക്കൾക്ക് ചില ആശങ്കകൾ അവശേഷിക്കുന്നുണ്ട്.
സാങ്കേതികവിദ്യയെക്കുറിച്ച് വേണ്ടത്ര അറിവില്ലാത്തവർക്ക് ഇപ്പോഴും ഡിജിറ്റൽ പേയ്‌മെൻറുകളുടെ സുരക്ഷയെക്കുറിച്ച് സംശയമുണ്ടെന്നും സർവേ കണ്ടെത്തുന്നു. ഓൺലൈൻ ഉപയോക്താക്കൾക്കിടയിൽ വിശ്വാസ്യത നിലനിർത്തുന്നതിന് സുരക്ഷിതമായ ഡിജിറ്റൽ പേയ്‌മെൻറ് രീതികളെക്കുറിച്ച് നിരന്തരമായ ബോധവത്കരണം വേണമെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു.
39 ശതമാനം പേരാണ് തങ്ങൾ ഒരു ഓൺലൈൻ തട്ടിപ്പ് ശ്രമത്തിന് ഇരയായതായി സമ്മതിച്ചിട്ടുള്ളത്. വഞ്ചനയുണ്ടായാൽ ബാങ്കിനെയും ഉപഭോക്തൃ സേവനത്തെയും അറിയിക്കുകയും അവരുടെ പാസ്‌വേഡ്/പിൻ മാറ്റുകയും ചെയ്യുന്നതാണ് ഉപയോക്താക്കൾ സ്വീകരിക്കുന്ന നടപടികൾ.
യു.എ.ഇ ഉപഭോക്താക്കളിൽ പകുതിയും തട്ടിപ്പുണ്ടായാൽ അധികാരികളുമായി ബന്ധപ്പെടാൻ തയാറുള്ളവരാണെന്നും സർവേ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.