ദുബൈ: യു.എ.ഇയിൽ ഒരു വർഷം സൈബർ തട്ടിപ്പുകളിലൂടെ 746 മില്യൺ ഡോളർ നഷ്ടപ്പെടുന്നതായി കണക്ക്. ബ്രിട്ടീഷ് വെബ്സൈറ്റായ 'കംപാരിടെക്' ആണ് ഞെട്ടിക്കുന്ന കണക്ക് പുറത്തുവിട്ടത്. ആഗോളതലത്തിൽ ഓൺലൈൻ തട്ടിപ്പിലൂടെ 318 ബില്യൺ ഡോളർ ഓരോ വർഷവും നഷ്ടപ്പെടുന്നുണ്ട്. ഏഴുകോടിയിലേറെ ആളുകളാണ് ഓരോ വർഷവും പലതരം തട്ടിപ്പുകളിൽ കബളിക്കപ്പെടുന്നത്. ഓരോന്നിലും ശരാശരി നാലായിരം ഡോളറിലേറെ നഷ്ടമുണ്ടാകുന്നതായും സർവേ പറയുന്നു.
കഴിഞ്ഞ രണ്ടുവർഷങ്ങളിൽ 67 രാജ്യങ്ങളിലെ സൈബർ തട്ടിപ്പുകൾ സംബന്ധിച്ച് പഠനം നടത്തിയാണ് റിപ്പോർട്ട് പുറത്തുവിട്ടത്. സൈബർ തട്ടിപ്പുകളുടെ വലിയ ശതമാനം റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്നുണ്ട്. അതിനാൽ യഥാർഥത്തിൽ നഷ്ടപ്പെട്ട സംഖ്യ അജ്ഞാതമാണ്. കോവിഡിന്‍റെ വരവോടെ വിദൂരജോലിയും ഡിജിറ്റൽവത്കരണവും വർധിച്ചതോടെയാണ് തട്ടിപ്പുകൾ കൂടിയത്.
അമേരിക്ക, ബ്രസീൽ, ബ്രിട്ടൻ, റഷ്യ തുടങ്ങിയ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതൽ തട്ടിപ്പുകൾ അരങ്ങേറുന്നത്. യു.എ.ഇയിൽ ഒന്നരലക്ഷത്തിലേറെ പേരാണ് കഴിഞ്ഞ വർഷം തട്ടിപ്പിന് ഇരയായത്. സൈബർ ക്രൈമുകൾ വളരെ വ്യത്യസ്തമായ നിരവധി മേഖലകളിൽ നടക്കുന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഡാറ്റ മോഷണം മുതൽ വ്യക്തികളുടെ പണം അപഹരിക്കുന്നത് വരെയുള്ള തട്ടിപ്പുകൾ ലോകത്തെ വിവിധ രാജ്യങ്ങൾ കൈകാര്യം ചെയ്യുന്നത് വ്യത്യസ്ത രീതിയിലാണ്. ഇത് തടയാനുള്ള സംവിധാനങ്ങളും നിയമനിർമാണവും എല്ലാം പലരാജ്യങ്ങളിലും വികസിച്ചു വരുന്നേയുള്ളൂവെന്നും റിപ്പോർട്ടിൽ പറയുന്നു.
യു.എ.ഇയിൽ സൈബർ തട്ടിപ്പുകൾക്കെതിരെ ശക്തമായ ബോധവത്കരണം അധികൃതർ സംഘടിപ്പിച്ചുവരുന്നുണ്ട്. കഴിഞ്ഞ വർഷം യു.എ.ഇയിലെ പത്തിൽ നാല് ഉപഭോക്താക്കളും ഓൺലൈൻ തട്ടിപ്പ് ശ്രമങ്ങൾക്ക് ഇരയായതായി സമീപകാലത്ത് സർവേയിൽ കണ്ടെത്തിയിരുന്നു. എന്നാൽ ഓൺലൈൻ, ഡിജിറ്റൽ പേമെൻറുകളുടെ വിശ്വാസ്യതക്ക് ഇത് കോട്ടം തട്ടിച്ചിട്ടില്ല.
മെച്ചപ്പെട്ട സാങ്കേതികവിദ്യയും സുരക്ഷ നടപടികളുമുള്ള ഡിജിറ്റൽ രീതികളിലാണ് ഉപഭോക്താക്കൾക്ക് കൂടുതൽ വിശ്വാസ്യതയുള്ളത്. യു.എ.ഇ ഉപഭോക്താക്കളിൽ പകുതിയും തട്ടിപ്പുണ്ടായാൽ അധികാരികളുമായി ബന്ധപ്പെടാൻ തയാറുള്ളവരാണെന്നും നേരത്തെ സർവേ കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.