ദുബൈ: സെയിൽസിൽ ജോലി ചെയ്യുന്ന ഷമീമിന് ഡ്രൈവിങ്ങിനിടെ ഒരു വാട്സ്ആപ് മെസേജ് വരുന്നു. ഷമീമിന്റെ പേരുവെച്ച് അഭിസംബോധന ചെയ്ത് അബൂദബി പൊലീസിൽ നിന്നാണെന്ന് തുടങ്ങുന്ന മെസേജിന്റെ ഉള്ളടക്കത്തിൽ ‘നിങ്ങൾ ഈ രാജ്യത്തെ നിയമത്തിന് നിരക്കാത്ത വലിയ കുറ്റകൃത്യത്തിൽ അകപ്പെട്ടിട്ടുണ്ടെന്നും സെക്സ് റാക്കറ്റുമായി ബന്ധമുള്ള കൃത്യമായതിനാൽ പിഴയായി 16,500 ദിർഹം ഉടൻ അടക്കണമെന്നും’ അറിയിച്ചിട്ടുണ്ടായിരുന്നു.
പ്രൊഫൈൽ പിക്ചറായി അബൂദബി പൊലീസിന്റെ യൂനിഫോം ധരിച്ച ഉദ്യോഗസ്ഥന്റെ ചിത്രവും.സാധാരണക്കാരന് പരിഭ്രാന്തനാകാൻ ഇതിൽപരം എന്തുവേണം? സംഗതി തട്ടിപ്പാണെന്ന് ഉറപ്പുണ്ടായതുകൊണ്ട് ഷമീം മറുപടിയൊന്നും അയക്കാൻ മെനക്കെട്ടില്ല. രണ്ടുമണിക്കൂർ കഴിഞ്ഞ് ഫോണിലേക്ക് പൊലീസ് ആണെന്നും പറഞ്ഞ് വിളിവന്നു. മെസേജിൽ പറഞ്ഞപോലെ 16,500 ദിർഹം ഉടൻ അടക്കണമെന്നും അല്ലെങ്കിൽ ലൊക്കേഷൻ നോക്കി ഉടൻ പിടികൂടി അകത്തിടുമെന്നും നല്ല സ്ഫുടതയുള്ള ഇംഗ്ലീഷ് ഭീഷണി. താൻ ചെയ്ത തെറ്റ് എന്താണെന്ന് അറിയണമെന്നും നിങ്ങൾ പിടികൂടാതെതന്നെ, പറയുന്ന പൊലീസ് സ്റ്റേഷനിൽ ഹാജരാകാമെന്നും ഷമീം അറിയിച്ചു. താൻ ദുബൈയിലാണുള്ളതെന്ന് പറഞ്ഞതുകൊണ്ടാവണം ദുബൈ പൊലീസ് ഹെഡ് ക്വാർട്ടേഴ്സിലേക്ക് ഉടൻ എത്തണമെന്നുപറഞ്ഞു ഫോൺ കട്ട് ചെയ്തു.
ഷമീം പൊലീസ് ഹെഡ് ക്വാർട്ടേഴ്സിൽ നേരിട്ടുചെന്ന് ഒറിജിനൽ പൊലീസിനോട് കാര്യങ്ങൾ വിശദീകരിച്ചു. മെസേജ് കണ്ടമാത്രയിൽ ഇത് തട്ടിപ്പാണെന്ന് ഉറപ്പിച്ചുപറഞ്ഞ പൊലീസ് ഉദ്യോഗസ്ഥൻ ഇത്തരം മെസേജുകളോട് പൊതുജനങ്ങൾ പ്രതികരിക്കാതിരിക്കലാണ് ഏറ്റവും ഉചിതമെന്ന് ഓർമിപ്പിച്ചു. ഷമീം അബൂദബിയിലാണെങ്കിൽ സെറ്റിൽമെന്റ് എന്ന രീതിയിൽ വിളിച്ചുവരുത്തി പണം തട്ടാനായിരിക്കും ശ്രമം. അല്ലെങ്കിൽ, ഏതെങ്കിലും അക്കൗണ്ടിലേക്ക് പണം അയച്ചുകൊടുക്കാൻ ആവശ്യപ്പെടും.
ഒരുകാരണവശാലും പണം ബാങ്ക് മുഖേനയോ നേരിട്ടോ കൈമാറരുതെന്ന് പൊലീസ് പൊതുജനങ്ങളെ കൂടെക്കൂടെ ഉണർത്താറുണ്ടെങ്കിലും തട്ടിപ്പുകാർ ഇപ്പോഴും യഥേഷ്ടം വിലസുന്നുണ്ട് എന്നാണ് ഇത്തരം റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കെണികളിൽ അകപ്പെടുന്നവരുടെ എണ്ണവും ഒട്ടും കുറവല്ല. ഇതിൽ വിദ്യാസമ്പന്നരായ മലയാളികളുടെ എണ്ണവും ഒത്തിരി ഉണ്ടെന്നതാണ് സങ്കടകരമായ അവസ്ഥ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.