അബൂദബി: ഈ മാസം 20 മുതൽ കോവിഡ് പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചവർക്കു മാത്രം അബൂദബിയിലെ പൊതുസ്ഥലങ്ങളിൽ പ്രവേശനം. ഇതുസംബന്ധിച്ച് അബൂദബി അടിയന്തര ദുരന്തനിവാരണ സമിതി എമിറേറ്റിലെ താമസക്കാർക്ക് അറിയിപ്പ് നൽകി. കോവിഡ് പകർച്ചവ്യാധി ചെറുക്കാനും പൊതുജനാരോഗ്യം സംരക്ഷിക്കാനുമുള്ള പ്രതിരോധ മുൻകരുതൽ നടപടികളുടെ ഭാഗമായാണ് തീരുമാനം.
അബൂദബിയിൽ മുൻഗണന വിഭാഗത്തിലെ 93 ശതമാനത്തിലധികം പേരും വാക്സിനേഷൻ പൂർത്തിയാക്കിയശേഷമാണ് കർശന നിയന്ത്രണം നടപ്പിൽവരുന്നത്. എമിറേറ്റിൽ സുരക്ഷ വർധിപ്പിക്കാനും സമൂഹത്തിലെ അംഗങ്ങൾക്ക് മെച്ചപ്പെട്ട സംരക്ഷണം ഉറപ്പാക്കാനും ഈ നടപടി സഹായിക്കുമെന്നും കമ്മിറ്റി വ്യക്തമാക്കുന്നു.
വാക്സിനേഷൻ സംബന്ധിച്ച അപ്ഡേറ്റുകൾ അൽഹുസ്ൻ ആപ്പിൽ ലഭിക്കും. വാണിജ്യകേന്ദ്രങ്ങൾ, റസ്റ്റാറൻറുകൾ, കഫേകൾ, സ്പാകൾ, റീട്ടെയിൽ ഔട്ട്ലെറ്റുകൾ എന്നിവയിൽ പ്രവേശിക്കാൻ വാക്സിനേഷൻ ആവശ്യമാകും. സൂപ്പർമാർക്കറ്റുകൾ, ഫാർമസികൾ എന്നിവക്കാണ് ആദ്യഘട്ട നിയന്ത്രണത്തിൽ ഒഴിവുള്ളത്. ജിംനേഷ്യം, വിനോദസൗകര്യങ്ങൾ, കായിക പ്രവർത്തനകേന്ദ്രങ്ങൾ, ആരോഗ്യ ക്ലബുകൾ, റിസോർട്ടുകൾ, മ്യൂസിയങ്ങൾ, സാംസ്കാരിക കേന്ദ്രങ്ങൾ, തീം പാർക്കുകൾ, യൂനിവേഴ്സിറ്റികൾ, സ്ഥാപനങ്ങൾ, പൊതു-സ്വകാര്യ സ്കൂളുകൾ, കുട്ടികളുടെ നഴ്സറികൾ എന്നിവയിലും പ്രവേശനം കുത്തിവെപ്പെടുത്തവർക്കു മാത്രമാകും.
അൽഹുസ്ൻ ആപ്പിൽ രജിസ്റ്റർ ചെയ്ത വാക്സിനേഷൻ ഇളവുകളുള്ള വ്യക്തികൾക്കും 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും ഈ തീരുമാനം ബാധകമല്ലെന്നും സമിതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.