ഷാർജയിൽ പുതിയ ജൈവ വളം നിർമാണ കേന്ദ്രങ്ങളുടെ യൂനിറ്റുകൾ ആരംഭിച്ചു. കാർഷിക മേഖലയിൽ ഉപയോഗിക്കുന്ന ഉയർന്ന ഗുണമേന്മയുള്ള ജൈവ വളങ്ങളാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. സുസ്ഥിരത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ ഉയർന്ന ഗുണമേന്മയുള്ള വളങ്ങൾ ഉൽപ്പാദിപ്പിക്കുന്നതിനും മാലിന്യ നിർമാർജനം തടയുന്നതിനുമായാണ് ഷാർജ സിറ്റി മുനിസിപ്പാലിറ്റി ജൈവ വളം ഉൽപാദന യൂനിറ്റുകൾ ആരംഭിച്ചത്. ബയോസോളിഡുകളും പോഷകങ്ങളും കൈകാര്യം ചെയ്യുന്നതിനുള്ള നൂതന പരിഹാരങ്ങളും ഈ യൂനിറ്റുകളിൽ ഉൾപ്പെടുന്നു. യു.എസിനും കാനഡക്കും പുറമേ ആദ്യമായി ന്യൂട്രിയന്‍റ് റിക്കവറി സിസ്റ്റം പ്രയോഗിച്ചതും ഷാർജയിലെ ജൈവ വളം നിർമ്മാണ യൂനിറ്റുകളിലാണ്.
ആദ്യഘട്ടമെന്ന നിലയിൽ പ്രതിദിനം അഞ്ച് ടൺ വളം ഉൽപ്പാദിപ്പിക്കുകയും പിന്നീട് ഉൽപ്പാദനക്ഷമത 30 ടണ്ണായി ഉയർത്തുകയും ചെയ്യും. പദ്ധതിയുടെ ഭാഗമായി 1,685,000 പേർക്ക് തൊഴിലവസരം നൽകിയിട്ടുണ്ട്. കൂടാതെ ഈ യൂനിറ്റിലെ ഉൽപന്നങ്ങൾ രോഗരഹിത ദ്രാവക വളങ്ങളാണ്. ഇത് യു.എസ് പരിസ്ഥിതി സംരക്ഷണ ഏജൻസിയും നിയന്ത്രിത വളങ്ങൾക്കായുള്ള കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസിയും പഠനങ്ങളുടെ അടിസ്ഥാനത്തിൽ അംഗീകാരം നൽകിയതാണ്.
വാണിജ്യ വിളകൾക്കു പുറമെ കൂടുതൽ മെച്ചപ്പെട്ട വിളകൾ നൽകാൻ കഴിയുമെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. നൂതന സാങ്കേതിക വിദ്യകളുപയോഗിച്ച് ഒരു മണിക്കൂറിൽ താഴെ സമയമെടുത്തുചെയ്യുന്ന പ്രക്രിയയിൽ ബയോസോളിഡുകളിൽ അടങ്ങിയിരിക്കുന്ന രോഗാണുക്കളെ പുർണമായും ഇല്ലാതാക്കുന്നു. ഈ പ്രക്രിയ സാധാരണ രീതിയിൽ ചെയ്യുമ്പോൾ ആഴ്ചകളോ മാസങ്ങളോ സമയമെടുക്കുന്നതാണ്. കൃഷിക്ക് ആവശ്യമായ പൊട്ടാസ്യം പോലുള്ള മറ്റ് പ്രധാന പോഷകങ്ങൾ അടങ്ങിയ പുതിയ വളവും നിർമ്മിക്കുന്നുണ്ട്. ഉയർന്ന നിലവാരമുള്ള ക്ലാസ് എ വളം ഉൽപ്പാദിപ്പിക്കുന്നതിന് ആവശ്യമായ വെള്ളം ഒഴിവാക്കുന്ന ഉപകരണങ്ങളും മറ്റ് അനുബന്ധ സംവിധാനങ്ങളും യൂനിറ്റിൽ സജ്ജീകരിച്ചിട്ടുണ്ട്.
പുതിയ കണ്ടുപിടിത്തങ്ങൾ നടത്താനും എളുപ്പത്തിലുള്ള സേവനങ്ങൾ അവതരിപ്പിക്കുന്നതിനും ഷാർജ സിറ്റി മുനിസിപ്പാലിറ്റി പരിശ്രമിക്കുന്നുണ്ടെന്നും അതിനായി വർഷം തോറും യു.എ.ഇ ഇന്നൊവേഷൻ മാസത്തിൽ (ഫെബ്രുവരി) പങ്കെടുക്കുന്നുണ്ടെന്നും ഇൻഫർമേഷൻ ടെക്‌നോളജി ഡിപ്പാർട്ട്‌മെന്‍റ് ഡയറക്ടറും ഷാർജ മുനിസിപ്പാലിറ്റിയിലെ ഇന്നവേഷൻ ടീം മേധാവിയുമായ റീം അബ്ദുല്ല അൽ റൂസി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.