ദുബൈ: യു.എ.ഇയിൽ നിർമാണം പുരോഗമിക്കുന്ന ഇത്തിഹാദ് റെയിൽ മറ്റ് ഗൾഫ് രാജ്യങ്ങളും ഏറ്റെടുക്കാനൊരുങ്ങുന്നു. ഇത് യാഥാർഥ്യമായാൽ ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന റെയിൽ ശൃംഖല എന്ന സ്വപ്നം പൂർത്തിയാകും. നാലുവർഷം മുമ്പ് തയാറാക്കിയ ജി.സി.സി റെയിൽവേ നെറ്റ്വർക്കിനാണ് വീണ്ടും പ്രതീക്ഷ ഉയരുന്നത്. ഒമാൻ വൈകാതെ പദ്ധതിയുടെ നിർമാണം തുടങ്ങുമെന്നും റിപ്പോർട്ടുണ്ട്.
ജി.സി.സി റെയിൽ എന്നത് കേവലമൊരു സങ്കൽപമല്ലെന്നും ഓരോ രാജ്യവും റെയിൽവേ നെറ്റ്വർക്കുകൾ നിർമിക്കുന്നുണ്ടെന്നും ഇവ ഗൾഫിനെ പരസ്പരം ബന്ധിപ്പിക്കുമെന്നും യു.എ.ഇ ഊർജ, അടിസ്ഥാനസൗകര്യ വികസന മന്ത്രി സുഹൈൽ അൽ മസ്റൂയി പറഞ്ഞു. ജി.സി.സിയിലെ റെയിൽ നെറ്റ്വർക്ക് ഭാവിയിൽ എല്ലാ അറബ് രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കാൻ കഴിയും. അറബ് രാജ്യങ്ങളിലെ സഹോദരന്മാരുമായി ചേർന്ന് ഈ സ്വപ്നം യാഥാർഥ്യമാക്കാനുള്ള ശ്രമത്തിലാണെന്നും മന്ത്രി പറഞ്ഞു.
ഗൾഫിലുടനീളമുള്ള റെയിൽവേ നെറ്റ്വർക്ക് എന്ന സങ്കൽപത്തോടെയാണ് ഇത്തിഹാദ് റെയിൽ നിർമാണം തുടങ്ങിയത്. യാത്രയും ചരക്കുനീക്കവും ലക്ഷ്യമിട്ടായിരുന്നു പദ്ധതി. 2018ൽ ആദ്യഘട്ടം യാഥാർഥ്യമാക്കാനായിരുന്നു തീരുമാനം. എല്ലാ രാജ്യങ്ങളിലെയും റെയിൽവേ ലൈനിന്റെ രൂപരേഖയും തയാറാക്കിയിരുന്നു. 2177 കി.മീ. നീളമുള്ള പാത വിവിധ നഗരങ്ങളെയും തുറമുഖങ്ങളെയും ബന്ധിപ്പിക്കുന്നതാണ്.
ജി.സി.സി ഉച്ചകോടിയിലും ഇത് ചർച്ചവിഷയമായിരുന്നു. കുവൈത്തിൽനിന്ന് ഇറാഖിലേക്കും സൗദി വഴി ജോർഡനിലേക്കും അവിടെനിന്ന് തുർക്കിയിലേക്കുമെല്ലാം പദ്ധതി വ്യാപിപ്പിക്കാൻ ആലോചനയുണ്ടായിരുന്നു. എന്നാൽ, പല കാരണങ്ങളാൽ പല ഗൾഫ് രാജ്യങ്ങളിലും പദ്ധതി തുടങ്ങാൻ കഴിഞ്ഞിട്ടില്ല. യു.എ.ഇയിൽ നിർമാണം സജീവാണ്. ഇപ്പോൾ ഫുജൈറയിലാണ് നിർമാണം പുരോഗമിക്കുന്നത്.
യു.എ.ഇയിൽ പദ്ധതി പൂർത്തിയാക്കുന്നതോടെ 50 മിനിറ്റുകൊണ്ട് ദുബൈയിൽനിന്ന് അബൂദബിയിലെത്താം. സൗദി അതിർത്തിയിൽ സൗദി റെയിലുമായി ബന്ധിപ്പിക്കും. മറ്റ് ഗൾഫ് രാജ്യങ്ങളിലെയും ഗതാഗത, തൊഴിൽ മേഖലകളിൽ വൻ ചലനമുണ്ടാക്കുന്ന പദ്ധതിയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.