ദുബൈ: ആശങ്കയുടെയും വേദനകളുടെയും ദിനരാത്രങ്ങൾ യു.എ.ഇ എന്ന പോറ്റമ്മ നാടിന്റെ ഉറവവറ്റാത്ത കാരുണ്യത്താൽ മറികടക്കാൻ സാധിച്ച സന്തോഷത്തിലായിരുന്നു അവർ. പല നാടുകളിൽനിന്ന് ഉപജീവനം തേടിയെത്തി വർഷങ്ങൾ പിന്നിട്ടവർ അവരിലുണ്ടായിരുന്നു.
ദുബൈയിലെ അവീർ ഇമിഗ്രേഷൻ കേന്ദ്രത്തിൽനിന്ന് നാട്ടിലേക്ക് പോകാനോ വിസ പുതുക്കാനോ വഴിതുറന്ന അവർ ഈ നാടിന്റെ സ്നേഹത്തിനും സഹിഷ്ണുതക്കും നന്ദി പറയുന്നുണ്ടായിരുന്നു. വിസ നിയമലംഘകർക്ക് ഇളവ് നൽകിത്തുടങ്ങിയ ആദ്യ ദിനത്തിലെ കാഴ്ചകളിലെല്ലാം പ്രതീക്ഷയും ആഹ്ലാദവും നിറഞ്ഞുനിന്നു.
കെനിയൻ പൗരയായ 41കാരി 2019ൽ യു.എ.ഇയിൽ എത്തിയതാണ്. അഞ്ചുവർഷമായി സ്വദേശത്തേക്ക് പോകാൻ കഴിഞ്ഞിട്ടില്ല. എന്നാൽ, 2021മുതൽ വിസ കാലാവധി കഴിഞ്ഞ ഇവർക്ക് വലിയ പിഴയുണ്ടായിരുന്നു. സ്വന്തം മക്കളെയടക്കം കാണാൻ സാധിക്കാതെ വേദനയിൽ കഴിയുമ്പോഴാണ് പൊതുമാപ്പ് പ്രഖ്യാപനം വരുന്നത്.
ആവശ്യമായ രേഖകളെല്ലാം തയാറാക്കി ആദ്യദിനം തന്നെ എക്സിറ്റ് പാസിന് അപേക്ഷിക്കുകയും ലഭിക്കുകയും ചെയ്തു. ‘ഇപ്പോൾ എന്റെ മക്കൾ സന്തോഷിക്കുന്നുണ്ടാകും, എനിക്കിപ്പോൾ ഞാനെന്ന് വരുമെന്ന് അവരോട് പറയാം’ എന്നു പറഞ്ഞുകൊണ്ട് ആനന്ദക്കണ്ണീർ പൊഴിച്ചാണ് അവർ കേന്ദ്രത്തിൽനിന്ന് മടങ്ങിയത്. ഇത്തരത്തിൽ നിരവധിപേരാണ് ആദ്യദിനം തന്നെ ഇളവ് ഉപയോഗപ്പെടുത്തിയത്.
മുതിർന്നവർക്ക് പുറമെ, കുട്ടികളുടെ വിസ ക്രമപ്പെടുത്താനും എത്തിച്ചേർന്നവരുണ്ടായിരുന്നു. 15 മാസം മാത്രം പ്രായമുള്ള ഒരു കുട്ടിയുടെ ഓവർസ്റ്റേ പിഴകൾ ഒഴിവാക്കി നൽകിയത് ഇതിൽ ഉൾപ്പെടും. അവീർ ഇമിഗ്രേഷൻ കേന്ദ്രത്തിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം പ്രത്യേകമായി രണ്ട് ടെൻറുകൾ നടപടിക്രമങ്ങൾക്കായി ഒരുക്കിയിട്ടുണ്ട്. 2,000പേരെ ഉൾക്കൊള്ളാവുന്ന കേന്ദ്രത്തിൽ വിരളടയാളം ശേഖരിക്കാനും നിരവധി കൗണ്ടറുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.