നാട്ടികയിൽ പകൽവീട് നിർമിക്കും -എം.എ. യൂസുഫലി

ഉമ്മുൽഖുവൈൻ: തൃശൂർ ജില്ലയിലെ നാട്ടികയിൽ വയോധികർക്ക് ഒത്തൊരുമിക്കാനും സമയം ചെലവിടാനും സൗകര്യമൊരുക്കുന്ന പകൽവീട് നിർമിച്ചുനൽകുമെന്ന് ലുലു ഗ്രൂപ്​ ചെയർമാനും എം.ഡിയുമായ എം.എ യൂസുഫലി അറിയിച്ചു. ഉമ്മുല്‍ഖുവൈന്‍ ഇന്ത്യൻ അസോസിയേഷൻ ഓഡിറ്റോറിയത്തിൽ നാട്ടിക സ്വദേശികളുടെ കൂട്ടായ്മയായ നെക്സാസ് ഒരുക്കിയ സ്നേഹസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മക്കൾക്ക് പ്രായമായ മാതാപിതാക്കളെ നടതള്ളാനുള്ള വൃദ്ധസദനങ്ങൾക്ക് പകരം അവരെ സന്തോഷിപ്പിക്കാനുള്ള പകൽവീട് പോലുള്ള പദ്ധതികളെയാണ് പ്രോത്സാഹിപ്പിക്കേണ്ടതെന്ന് എം.എ. യൂസുഫലി പറഞ്ഞു.  നെക്സാസാണ് ഇത്തരമൊരു പദ്ധതി മുന്നോട്ടുവെച്ചത്. വൃദ്ധരായ മാതാപിതാക്കൾക്ക് ഉല്ലസിക്കാനുള്ള സൗകര്യം, മെഡിറ്റേഷൻ , ഗ്രന്ഥശാല, വായന മുറി, നിർധനരായ വനിതകൾക്ക് സ്വയംതൊഴിൽ പഠന പദ്ധതി, കമ്യൂണിറ്റി ഹാൾ, നടപ്പാത, കഫറ്റീരിയ, പാർക്ക് എന്നിവ പദ്ധതിയുടെ ഭാഗമാണെന്ന് പ്രസിഡന്റ് സജാദ് നാട്ടിക പറഞ്ഞു.

ഉമ്മുൽഖുവൈൻ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടന്ന പരിപാടിയിൽ ആയിരക്കണക്കിന് നാട്ടിക സ്വദേശികൾ പങ്കെടുത്തു. വിവിധ കലാപരിപാടികൾക്കൊപ്പം നാട്ടികപൂരവും വേദിയിൽ പുനരാവിഷ്കരിച്ചു. പഠന മികവിന് ഗോൾഡൻ വിസ ലഭിച്ച നസ്‌റിൻ സത്താറിനെയും സൈക്കിളിൽ യു.എ.ഇ പര്യടനം നടത്തി ജബൽ ജൈസ് കീഴടക്കിയ മുഹമ്മദ് ഷമീറിനെയും ചടങ്ങിൽ ആദരിച്ചു. സുവനീറിന്‍റെ പ്രകാശനവും എം.എ. യൂസുഫലി നിർവഹിച്ചു. സി.എ. മുഹമ്മദ് റഷീദ് ആദ്യകോപ്പി ഏറ്റുവാങ്ങി. സജാദ് നാട്ടിക അധ്യക്ഷത വഹിച്ചു. ലുലു എക്സ്ചേഞ്ച് എം.ഡി അദീബ് അഹമ്മദ്, ലുലു ഇന്റർനാഷനൽ ഡയറക്ടർ എം.എ. സലീം, എം.എ. ഹാരിഫ് തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി പി.പി. രാജു സ്വാഗതവും ജോ. സെക്രട്ടറി ഗോപി വേളേക്കാട്ട് നന്ദിയും പറഞ്ഞു.

Tags:    
News Summary - pakal veed-M .A Yusufali

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.