ദുബൈ: മേഖലയിൽ സുസ്ഥിര സമാധാനത്തിന് ഫലസ്തീൻ രാഷ്ട്രം രൂപവത്കരിക്കേണ്ടത് ഒഴിച്ചുകൂടാനാവാത്ത കാര്യമാണെന്ന് തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ. ദുബൈയിൽ പുരോഗമിക്കുന്ന ലോക സർക്കാർ ഉച്ചകോടിയുടെ രണ്ടാംദിനത്തിൽ സംസാരിക്കവെയാണ് ലോകനേതാക്കൾക്കു മുന്നിൽ ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്. രമ്യമായി പരിഹരിക്കപ്പെടാത്ത ഓരോ സംഭവവും ഒരു പ്രശ്നമായിതന്നെ നിലനിൽക്കും. ഇസ്രായേൽ മേഖലയിൽ സ്ഥിരമായ സമാധാനം ആഗ്രഹിക്കുന്നുണ്ടെങ്കിൽ കുടിയേറ്റ വിപുലീകരണ ശ്രമങ്ങൾ അവസാനിപ്പിക്കുകയും ഫലസ്തീൻ രാഷ്ട്രത്തിന്റെ അസ്തിത്വം അംഗീകരിക്കുകയും വേണം. കിഴക്കൻ ജറൂസലം തലസ്ഥാനമായി 1967ലെ അതിർത്തിക്കുള്ളിൽ സ്വതന്ത്രവും പരമാധികാരവും ഭൂമിശാസ്ത്രപരമായി സംയോജിതവുമായ ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കപ്പെടുന്നതുവരെ എടുക്കുന്ന ഓരോ ചുവടും അപൂർണമായിരിക്കും -അദ്ദേഹം വ്യക്തമാക്കി.
ഐക്യരാഷ്ട്രസഭയുടെ ഫലസ്തീൻ അഭയാർഥികൾക്കായുള്ള ഏജൻസിക്ക് സംഭാവന നൽകുന്നത് തുടരാനും അദ്ദേഹം ലോക രാജ്യങ്ങളോട് ആഹ്വാനംചെയ്തു. ജോർഡൻ, സിറിയ, ലബനാൻ, ഫലസ്തീൻ പ്രദേശങ്ങളിലെ 60 ലക്ഷം അഭയാർഥികളുടെ ജീവനാഡിയാണത് -അദ്ദേഹം കൂട്ടിച്ചേർത്തു.
11ാമത് ലോക സർക്കാർ ഉച്ചകോടിയിൽ 120 രാജ്യങ്ങളിലെ സർക്കാർ പ്രതിനിധികളും 25 രാഷ്ട്രനേതാക്കളും പങ്കെടുക്കുന്നുണ്ട്. ഇന്ത്യ, ഖത്തർ, തുർക്കിയ എന്നിവ ഇത്തവണ അതിഥി രാജ്യങ്ങളാണ്. 85 അന്താരാഷ്ട്ര, പ്രാദേശിക കൂട്ടായ്മകളും ഉച്ചകോടിയുടെ ഭാഗമാണ്. 110 സംവാദങ്ങൾ, 200 ആഗോള പ്രഭാഷകരുടെ സംസാരങ്ങൾ, 300 മന്ത്രിമാരുടെ പങ്കാളിത്തം, 4000 പ്രതിനിധികൾ എന്നിങ്ങനെ വിപുലമായ രീതിയിലാണ് ഉച്ചകോടി ഇത്തവണ ഒരുക്കിയിട്ടുള്ളത്. ഇന്ത്യയിൽനിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബോളിവുഡ് താരം ഷാറൂഖ് ഖാനും ചടങ്ങിൽ സംബന്ധിക്കുന്നുണ്ട്. ഇരുവരും ബുധനാഴ്ചയാണ് ഉച്ചകോടിയെ അഭിസംബോധന ചെയ്യുന്നത്. ‘ഭാവി ഗവൺമെൻറുകളെ രൂപപ്പെടുത്തുക’ എന്ന പ്രമേയത്തിലാണ് ഇത്തവണ ഉച്ചകോടി അരങ്ങേറുന്നത്. ഇന്ത്യയടക്കം അതിഥിരാജ്യങ്ങൾ തങ്ങളുടെ വിജയകരമായ സർക്കാർ സംവിധാനങ്ങളും അനുഭവങ്ങളും ഉച്ചകോടിയിൽ പങ്കുവെക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.