ദുബൈ: അഞ്ചു ഘട്ടങ്ങളായാണ് കടലാസ് രഹിത സർക്കാർ പദ്ധതി നടപ്പാക്കിയത്. 2018ൽ പദ്ധതി പ്രഖ്യാപിച്ചതിനു പിന്നാലെ 2019ൽ പദ്ധതി പൂർത്തിയാക്കുന്ന തീയതി പ്രഖ്യാപിച്ചിരുന്നു. 2021 ഡിസംബർ 12നുശേഷം ദുബൈയിലെ ഓഫിസുകളിൽ പേപ്പർ ഉണ്ടാകില്ല എന്നായിരുന്നു ശൈഖ് ഹംദാെൻറ പ്രഖ്യാപനം. കൗണ്ട് ഡൗൺ നടത്തിയാണ് പദ്ധതി പൂർത്തിയാക്കിയത്.
2018ൽ ആദ്യ ഘട്ടത്തിൽ ആറു വകുപ്പുകളിലാണ് നടപ്പാക്കി തുടങ്ങിയത്. ആർ.ടി.എ, പൊലീസ്, ദീവ, സാമ്പത്തികകാര്യ വകുപ്പ്, വിനോദസഞ്ചാര വകുപ്പ്, ലാൻഡ് ആൻഡ് പ്രോപർട്ടി എന്നിവയിലാണ് നടപ്പാക്കിയത്. ഇതുവഴി 72.5 ദശലക്ഷം പേപ്പറുകൾ ലാഭിക്കാൻ കഴിഞ്ഞിരുന്നു. രണ്ടാം ഘട്ടത്തിൽ ദുബൈ കോടതി, മുനിസിപ്പാലിറ്റി, പബ്ലിക് പ്രോസിക്യൂഷൻ, കെ.എച്ച്.ഡി.എ, ഹെൽത്ത് അതോറിറ്റി, സി.ഡി.എ, ദുബൈ കസ്റ്റംസ്, ജി.ഡി.ആർ.എഫ്.എ എന്നിവിടങ്ങളിലാണ് നടപ്പാക്കിയത്.
ഇതുവഴി 229.5 ദശലക്ഷം പേപ്പറുകൾ ലാഭിച്ചു. 2019െൻറ അവസാനത്തോടെ ഒമ്പതു വകുപ്പുകളിലും 2020െൻറ തുടക്കത്തിൽ പത്തു വകുപ്പുകളിലും നടപ്പാക്കി. കഴിഞ്ഞ വർഷം ജൂൺ മുതലാണ് അഞ്ചാം ഘട്ടം തുടങ്ങിയത്. മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെൻറർ, ഏവിയേഷൻ എൻജിനീയറിങ് പ്രോജക്ട്, ഫ്യൂച്ചർ ഫൗണ്ടേഷൻ, സിവിൽ ഡിഫൻസ് തുടങ്ങിയവയിലാണ് ഈ ഘട്ടം നടപ്പാക്കിയത്. 8.2 ദശലക്ഷം പേപ്പറുകൾ ഇതുവഴി ലാഭിച്ചു.
ഇത് ഡിജിറ്റൽ ലോകത്തേക്കുള്ള പുതിയ ചുവടുവെപ്പ് –ശൈഖ് ഹംദാൻ
കടലാസ് രഹിത സർക്കാർ എന്ന നേട്ടത്തിനായി ശ്രമിച്ച എല്ലാവരെയും അഭിനന്ദിച്ച് ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ്. ഡിജിറ്റൽ മേഖലയിലേക്കുള്ള പുതിയ ചുവടുവെപ്പിനാണ് ഇന്ന് തുടക്കമിടുന്നത്. സുസ്ഥിര സേവനം നൽകുന്ന സ്മാർട്ട് സിറ്റി എന്ന ദുബൈയുടെ സ്ഥാനം ഒരിക്കൽകൂടി ഊട്ടിയുറപ്പിക്കാൻ ഈ നടപടി സഹായിക്കും. എമിറേറ്റിലെ എല്ലാവർക്കും പൂർണമായ ഡിജിറ്റൽ ജീവിതം പ്രദാനംചെയ്യാൻ ആഗ്രഹിക്കുന്നു.
50 വർഷത്തിനിടെ ഡിജിറ്റൽ മേഖലയിൽ കൂടുതൽ നേട്ടങ്ങൾ കൊയ്യാനാണ് അടുത്ത ലക്ഷ്യം. നാലു വർഷം മുമ്പ് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ ദീർഘവീക്ഷണത്തിൽ രൂപംകൊണ്ടതാണ് ഈ ആശയം. ആ വാക്കാണ് ഇപ്പോൾ പാലിക്കപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.