ദുബൈ: മത്സര പരീക്ഷകളിലെ ഉന്നത വിജയത്തിലും ശാരീരിക വളര്‍ച്ചയിലും മാത്രം ശ്രദ്ധ ഒതുങ്ങുന്ന ആധുനിക പാരന്റിങ്ങിനുപകരം മക്കളുടെ കഴിവുകള്‍ തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടതെന്ന് പ്രഭാഷകനും പാരന്റിങ് കൺസൽട്ടന്റും മോട്ടിവേഷന്‍ സ്പീക്കറുമായ ഡോ. സുലൈമാന്‍ മേല്‍പ്പത്തൂര്‍ അഭിപ്രായപ്പെട്ടു.
ദുബൈ ടൂറിസം വകുപ്പിന്റെയും ദുബൈ മതകാര്യ വകുപ്പിന്റെയും സഹകരണത്തോടെ അല്‍ബറാഹ അല്‍മനാര്‍ സെന്ററും ഖിസൈസ് ഇന്ത്യന്‍ ഇസ്ലാഹി സെന്ററും സംയുക്തമായി ബറാഹ വിമന്‍സ് അസോസിയേഷന് ഹാളില്‍ സംഘടിപ്പിച്ച പാരന്റ്സ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖിസൈസ് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് ഹുസൈന് കക്കാട് അധ്യക്ഷത വഹിച്ചു.
കൽപനയല്ല, പ്രോത്സാഹനമാണ് അനുസരണത്തിന്റെ അടിസ്ഥാനം. കുട്ടികള്‍ക്കും ശാരീരിക, ബൗദ്ധിക, മാനസിക, ആത്മീയ ഘടകങ്ങള്‍ ഉണ്ടെന്ന് തിരിച്ചറിഞ്ഞ് പാരന്റിങ് നടത്തുന്നിടത്താണ് രക്ഷിതാവ് വിജയിക്കുന്നത്.
പ്രായമാവുന്ന രക്ഷിതാക്കള്‍ക്ക് മക്കള്‍ തണലായിത്തീരുന്നത് അവരെ ചെറുപ്പത്തില്‍ മാതാപിതാക്കള്‍ എത്രത്തോളം ചേര്‍ത്തുനിര്‍ത്തുന്നു എന്നതിനെ ആശ്രയിച്ചു നില്ക്കുന്നു-അദ്ദേഹം തുടര്‍ന്നു.
ദേര ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് വി.കെ. സകരിയ്യ, അബ്ദുല്‍വാഹിദ് മയ്യേരി, അഹമ്മദ് മന്‍സൂര്‍ മദീനി, നസീം അക്തര്‍ ഉമരി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. മുനീര്‍ പടന്ന സ്വാഗതവും ദില്‍ഷാദ് ബഷീര്‍ നന്ദിയും പറഞ്ഞു. എൻ.എം അക്ബർഷാ വൈക്കം, അബ്ദുറശീദ് പേരാമ്പ്ര, ശിഹാബ് ഉസ്മാൻ പാനൂർ, അബ്ദുറഹിമാൻ പടന്ന എന്നിവർ വിവിധ പരിപാടികൾ നിയന്ത്രിച്ചു.
വിദ്യാർഥികള്‍ അവതരിപ്പിച്ച വിവിധ പരിപാടികളും സ്ഥാപനങ്ങളെയും സംരംഭങ്ങളെയും പരിചയപ്പെടുത്തിയ വിഷ്വല്‍ ഇഫക്ടും മീറ്റിന് മികവേകി. ഇരുസ്ഥാപനങ്ങളിലെയും നൂറുകണക്കിന് രക്ഷിതാക്കള്‍ പരിപാടിയില്‍ പങ്കാളികളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.