മാളുകളിലെ പാർക്കിങ് 'സ്മാർടാ'കുന്നു

ദുബൈ: എമിറേറ്റിലെ മാളുകളിൽ വാഹനങ്ങളിൽ എത്തുന്നവർക്ക് പലപ്പോഴും പാർക്കിങ് കണ്ടെത്തൽ വലിയൊരു തലവേദനയാണ്. എന്നാലിതിന് പരിഹാരം കാണണമെന്ന ആവശ്യത്തിന് അന്ത്യമാവുകയാണ്. നേരത്തെ തന്നെ ഓൺലൈനിൽ പാർക്കിങ് സ്ഥലം ബുക്ക് ചെയ്യാനുള്ള സൗകര്യമാണ് ഇതിനായി വികസിപ്പിച്ചിട്ടുള്ളത്.

മാളിലേക്ക് വരുന്നതിന് മുമ്പ് തന്നെ പാർക്കിങ് ബുക്ക് ചെയ്യുന്ന സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചു കഴിഞ്ഞു. ദുബൈയിലെ പ്രധാന ഷോപ്പിങ് മാളുകളുടെ ഉടമകളായ മാജിദ് അൽ ഫുത്തൈം ഗ്രൂപ്പാണ് പരീക്ഷണം തുടങ്ങിയത്. നിലവിൽ സൗജന്യമായാണ് ബുക്കിങ് സംവിധാനം പ്രവർത്തിക്കുന്നത്.

മാൾ ഓഫ് എമിറേറ്റ്സിലാണ് നിലവിൽ പ്രീ ബുക്കിങ് പാർക്കിങ് നടപ്പിലാക്കിയതെന്നും മറ്റു മാളുകളിലേക്കും താമസിയാതെ വ്യാപിപ്പിക്കുമെന്നും മാജിദ് അൽ ഫുത്തൈം പ്രോപർടീസ് എം.ഡി ഫുആദ് ശറഫ് പറഞ്ഞു. മാൾ ഓഫ് എമിറേറ്റ്സ് ആപ്പ് ഡൗൺലോഡ് ചെയ്ത് പാർക്കിങ് പ്രീ ബുക്കിങ് സെക്ഷനിൽ വാഹനത്തിന്‍റെ പ്ലേറ്റ് നമ്പർ ചേർത്താൽ സ്ലോട്ട് അനുവദിച്ച് കിട്ടുന്ന രീതിയിലാണ് സംവിധാനം. യു.എ.ഇയിൽ വാരാന്ത്യ അവധികൾ മാറിയതോടെ ഷോപ്പിങ് സ്വഭാവത്തിലും മാറ്റമുണ്ടായിട്ടുണ്ട്. പ്രവൃത്തി ദിവസങ്ങളിലും മാളുകളിൽ തിരക്കനുഭവപ്പെടുന്നു. ഈ സാഹചര്യത്തിൽ പ്രീ പാർക്കിങ് സംവിധാനം വളരെയധികം ഉപകാരപ്രദമാണ് -ഫുആദ് അൽ ശറഫ് കൂട്ടിച്ചേർത്തു.

മാജിദ് അൽ ഫുത്തൈം ഗ്രൂപ്പിന്‍റെ കീഴിലെ മിർദിഫ് സിറ്റി സെൻററിലെ വോക്സ് സിനിമയിൽ എത്തുന്നവർക്ക് വേണ്ടി പ്രീ ബുക്കിങ് പാർക്കിങ് പരീക്ഷണാടിസ്ഥാനത്തിൽ ഏർപ്പെടുത്തിയിട്ടുണ്ട്. സിറ്റി സെന്‍റർ, മൈ സിറ്റി സെന്‍റർ, മാതാജിർ, മാൾ ഓഫ് എമിറേറ്റ്സ് എന്നിവയുൾപ്പെടെ യു.എ.ഇയിൽ 18 മാൾ ബ്രാൻഡുകൾ ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുണ്ട്.

Tags:    
News Summary - Parking in malls is 'smart'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.