ദുബൈ: ബ്രിട്ടീഷ് പാര്‍ലമെന്റ് സന്ദര്‍ശിക്കുന്നതിനായി പുറപ്പെട്ട യു.എ.ഇയിലെ ഇന്ത്യൻ സംരംഭക സംഘം ബ്രിട്ടനിലെത്തി. ബ്രിട്ടീഷ് എം.പിമാരുടെ ക്ഷണപ്രകാരമാണ് സംഘത്തിന്റെ സന്ദർശനം. ഇന്റര്‍നാഷനല്‍ പ്രമോട്ടേഴ്സ് അസോസിയേഷനിൽ (ഐ.പി.എ) അംഗങ്ങളായ 50 മലയാളി സംരംഭകരാണ് യാത്രാസംഘത്തിലുള്ളത്.
പതിനാറിനാണ് സംഘം തിരിച്ചെത്തുക. ബ്രിട്ടീഷ് പാർലമെന്റ് അംഗങ്ങളെ സന്ദര്‍ശിക്കുന്ന സംഘം പാർലമെന്റ് മന്ദിരത്തിൽ എംപിമാരുമായി നേരിട്ട് സംവദിക്കുകയും വിവിധ മേഖലകളിലെ നിക്ഷേപ സാധ്യതകൾ ചർച്ച ചെയ്യുകയും ചെയ്യും. എംപിമാർക്ക് പുറമെ, തെരഞ്ഞെടുക്കപ്പെട്ട യു.കെ സംരംഭകര്‍, സ്റ്റാർട്ടപ്പുകളെ പരിപോഷിപ്പിക്കുന്ന സ്ഥാപനമേധാവികൾ എന്നിവരുമായി ആശയവിനിമയം നടത്തും. അന്ന് വൈകുന്നേരം ഐ.പി.എ ഭാരവാഹികൾ ബ്രിട്ടീഷ് സൗത്ത് ഇന്ത്യ കൗൺസിൽ ഓഫ് കോമേഴ്സുമായി വ്യാവസായിക നിക്ഷേപ മേഖലകളിലെ സഹകരണം സംബന്ധിച്ച് ധാരണപത്രത്തിൽ ഒപ്പുവെക്കും. പ്രമുഖ ട്രാവല്‍ സംരംഭമായ സ്മാര്‍ട്ട് ട്രാവല്‍സിന്റെ മേല്‍നോട്ടത്തിലാണ് യാത്രക്ക് ആവശ്യമായ വിസ, ടിക്കറ്റ്, താമസം തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കുന്നത്.
സിറ്റി ഓഫ് ലണ്ടൻ, ഡോക്ക്ലാൻഡ്സ്, കാനറി വാർഫ്, മറ്റ് വിവിധ മെട്രോ നഗരങ്ങൾ തുടങ്ങിയ പ്രമുഖ സ്ഥലങ്ങളിലെ നിക്ഷേപ അവസരങ്ങളെ കുറിച്ച് സാധ്യതാ പഠനം നടത്തുമെന്ന് ഐ.പി.എ ചെയര്മാന് സൈനുദ്ധീൻ ഹോട്ട് പാക്ക് പറഞ്ഞു. യു.എ.ഇയില്‍ നിന്ന് ആദ്യമായാണ് ഈ ഒരു ലക്ഷ്യത്തോടെ സംഘം ബ്രിട്ടനിലേക്ക് യാത്ര തിരിക്കുന്നതെന്ന് ഐ.പി.എ ഫൗണ്ടറും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് എക്സിക്യൂട്ടിവ് ഡയറക്ടറുമായ ഫൈസൽ എ.കെ വ്യക്തമാക്കി. ഐ.പി.എ വൈസ് ചെയർമാൻ റിയാസ് കില്റ്റൺ, ട്രഷറർ സി.എ. ശിഹാബ് തങ്ങൾ തുടങ്ങിയവരും യാത്രാ സംഘത്തിലുണ്ട്. ബ്രിട്ടീഷ് സൗത്ത് ഇന്ത്യ കൗൺസിൽ ഓഫ് കോമേഴ്സുമായി സഹകരിച്ചാണ് യാത്ര സംഘടിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.