ദുബൈ: എക്സ്പോ അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, പ്രത്യേക ബസുകളിൽ യാത്ര ചെയ്യുന്ന സന്ദർശകരുടെ എണ്ണത്തിൽ വൻ വർധന. വിവിധ എമിറേറ്റുകളിൽ നിന്നും നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി പുറപ്പെടുന്ന ബസുകൾ ദിനംപ്രതി 37,500 യാത്രക്കാർ ഉപയോഗപ്പെടുത്തുന്നതായി റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു.
ഈ സാഹചര്യത്തിൽ സർവിസുകളുടെ എണ്ണം വർധിപ്പിക്കാൻ അധികൃതർ തീരുമാനിച്ചു. തിരക്ക് വർധിക്കാൻ ഇനിയും സാധ്യതയുള്ളതിനാൽ എക്സ്പോയിലേക്ക് ഏറ്റവും മികച്ച യാത്ര സൗകര്യമൊരുക്കുന്നതിനാണ് സർവിസുകൾ വർധിപ്പിച്ചതെന്ന് ആർ.ടി.എ ബസ് സർവിസ് ഡയറക്ടർ മുഹമ്മദ് അൽ അലി പറഞ്ഞു.
നേരത്തെ അനുവദിച്ച 157 ബസുകൾക്ക് പുറമെ, ഈ ആഴ്ച 31പുതിയ ബസുകൾ കൂടി സർവിസ് നടത്തുമെന്നാണ് അതോറിറ്റി അറിയിച്ചത്. ഭൂരിഭാഗം ബസുകളും മുഴുവൻ സീറ്റിലും യാത്രക്കാരുമായാണ് നിലവിൽ എക്സ്പോയിലേക്ക് പോകുന്നത്. നേരത്തെ വൈകുന്നേരങ്ങളിൽ മാത്രമായിരുന്ന തിരക്ക്. ഇപ്പോൾ രാവിലെ മുതൽ തുടങ്ങുന്നുണ്ട്. ബസുകൾക്ക് പുറമെ മെട്രോയിലും നല്ല തിരക്ക് അനുഭവപ്പെടുന്നുണ്ട്. ടാക്സികളിലും സ്വന്തം വാഹനങ്ങളിലും എത്തുന്നവരും ഏറെയുണ്ട്. എക്സ്പോ നഗരിയിലേക്ക് എത്തുന്ന റോഡുകളിൽ തിരക്ക് ദൃശ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.