ദുബൈ: കേരളത്തിലെ വിമാനത്താവളങ്ങളിലെ റാപിഡ് പരിശോധനക്കെതിരെ കൂടുതൽ പരാതികളുമായി യാത്രക്കാർ. തിരുവനന്തപുരം വിമാനത്താവളത്തിൽ നടത്തിയ റാപിഡ് പരിശോധനയിൽ ഒരാളുടെ ഫലം പോസിറ്റീവായതിനെ തുടർന്ന് യാത്ര മുടങ്ങിയ കുടുംബം മൂന്ന് ദിവസത്തിനുള്ളിൽ നെടുമ്പാശേരിയിലെത്തി യാത്ര ചെയ്തു.
അബൂദബിയിൽ ഓഡിറ്റിങ് സ്ഥാപനത്തിന്‍റെ മാനേജിങ് പാർട്ണറായ കൊല്ലം കൊട്ടാരക്കര സ്വദേശി സാം ജി. ഡാനിയേൽ, ഭാര്യ ഭാര്യ രഞ്ജിനി സാം, മക്കളായ സാറാ സാം ഡാനിയൽ, അന്ന സാം ഡാനിയൽ എന്നിവരുടെ യാത്രയാണ് മുടങ്ങിയത്. നാല് പേർക്ക് ടിക്കറ്റിനത്തിൽ ലക്ഷം രൂപയും റാപിഡ് പരിശോധന നടത്തിയ വകയിൽ 10,000 രൂപയും നഷ്ടമായി. ടിക്കറ്റ് റീ ഫണ്ട് ലഭിക്കില്ലെങ്കിലും മറ്റൊരു ദിവസത്തേക്ക് മാറ്റിക്കിട്ടിയേക്കുമെന്നാണ് പ്രതീക്ഷ.
ജനുവരി രണ്ടിന് പുലർച്ചയാണ് ദുബൈയിലേക്ക് ടിക്കറ്റെടുത്തിരുന്നത്. യാത്രക്ക് 48 മണിക്കൂറിനുള്ളിലെടുത്ത ആർ.ടി.പി.സി.ആർ ഫലം നെഗറ്റീവായതിനെ തുടർന്നാണ് നാല് പേരും തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്. എന്നാൽ, മക്കളിൽ ഒരാളുടെ ഫലം പോസിറ്റീവാകുകയായിരുന്നു. ഇതേ തുടർന്ന് നാല് പേരും വീട്ടിലേക്ക് മടങ്ങി.
കോവിഡിന്‍റെ യാതൊരു ലക്ഷണങ്ങളും ഉണ്ടായിരുന്നില്ല. മകൾക്ക് പത്താം തീയതി പരീക്ഷയുള്ളതിനാൽ ഏത് വിധേനയും യു.എ.ഇയിലേക്ക് തിരിക്കണമെന്ന ആലോചനയെ തുടർന്നാണ് നെടുമ്പാശേരി വഴി യാത്ര ചെയ്യാൻ തീരുമാനിച്ചത്. ഇതിന് മുന്നോടിയായി പുറത്തെ ലാബിൽ ആർ.ടി.പി.സി.ആർ പരിശോധന നടത്തിയപ്പോൾ നെഗറ്റീവ്. അഞ്ചാം തീയതി രാത്രി നെടുമ്പാശേരിയിലെത്തി റാപിഡ് പരിശോധന നടത്തിയപ്പോൾ അതും നെഗറ്റീവ്. അബൂദബിയിലെത്തി നടത്തിയ പരിശോധനയിലും നെഗറ്റീവായിരുന്നു ഫലം.
മകൾക്ക് പരീക്ഷയുള്ളതിനാൽ ടിക്കറ്റ് റി ഷെഡ്യൂളിന് കാത്ത് നിൽക്കാതെ വീണ്ടും ടിക്കറ്റെടുത്താണ് യാത്ര ചെയ്തത്. തിരുവനന്തപുരം വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ ഒരാൾക്ക് 2490 രൂപ വീതം മുടക്കായി. കൊച്ചിയിലെത്തിയപ്പോഴും ഇത്രയും തുക മുടക്കേണ്ടി വന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.