ഷാർജ: പ്രതിസന്ധികളെ മറികടന്ന് ജീവിതം കൂടുതൽ വിജയകരവും സന്തോഷകരവുമാക്കാനുള്ള ടിപ്സുകളിലൂടെ കുടുംബ പ്രക്ഷേകരുടെ കൈയടി നേടി പോൾ ആൻഡ് പേളി ഷോ. ലോകപ്രശസ്തനായ പ്രചോദക പ്രഭാഷകൻ പോൾ മാണിയും മകളും അവതാരകയും അഭിനേത്രിയുമായ പേളിയുമാണ് പ്രചോദന പ്രഭാഷണത്തിന്റെ വേറിട്ട അനുഭവം കമോൺ കേരള സന്ദർശകർക്ക് സമ്മാനിച്ചത്. സ്വന്തം ജീവിതത്തിലെ രസകരമായ മുഹൂർത്തങ്ങൾ പങ്കുവെച്ചായിരുന്നു ഇരുവരുടെയും അവതരണം.
സ്റ്റേജിൽനിന്ന് ഇറങ്ങി പ്രേക്ഷകരോട് നേരിട്ട് സംവദിച്ച പോൾ കുടുംബങ്ങളുടെ ശ്രദ്ധനേടിയപ്പോൾ കൊച്ചു കൂട്ടുകാരെ സ്റ്റേജിലേക്ക് വിളിച്ച് വരുത്തി അവരുമായി സംസാരിക്കുകയും ആത്മവിശ്വാസം വളർത്താനുള്ള ചില മാർഗങ്ങൾ പങ്കുവെച്ചുമാണ് പേളി സദസ്സിനെ തന്നിലേക്ക് അടുപ്പിച്ചത്. തനിക്ക് കിട്ടിയ ചെറിയ കാര്യങ്ങൾക്ക് സ്വയം നന്ദി പറഞ്ഞ് പഠിച്ചാൽ ജീവിതത്തിൽ അതുണ്ടാക്കുന്ന ആത്മവിശ്വാസം എത്രത്തോളമാണെന്ന് സ്വന്തം ജീവിതം തന്നെ ഉദാഹരിച്ച് പോൾ സമർഥിച്ചപ്പോൾ കാണികൾ അത് ശരിവെച്ചു.
35 വയസ്സിന് ശേഷമാണ് താൻ സ്റ്റേജിൽ കയറുന്നതെന്നും അന്ന് തോറ്റു പിൻമാറിയിരുന്നെങ്കിൽ ഇങ്ങനെ നിൽക്കാൻ കഴിയുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പലതവണ തോറ്റ് തോറ്റാണ് വിജയം നേടിയതെന്നും പോൾ പറഞ്ഞു. പഠനത്തിൽ മോശമായ കുട്ടിയെന്ന് മുദ്രകുത്തി ഒരിക്കൽ സ്കൂളിൽനിന്ന് മാറ്റിനിർത്തപ്പെട്ട താൻ വർഷങ്ങൾക്കുശേഷം അതേ സ്കൂളിലെ അധ്യാപകർക്ക് പ്രചോദന പ്രഭാഷണത്തിന് ചെന്ന അനുഭവം പങ്കുവെച്ചപ്പോൾ കരഘോഷത്തോടെയാണ് സദസ്സ് ഏറ്റെടുത്തത്. സ്റ്റേജിൽ കയറാനുള്ള ഭയവും മറ്റുള്ളവർക്ക് മുന്നിൽ എഴുന്നേറ്റുനിന്ന് വിഷയം അവതരിപ്പിക്കാനുള്ള പേടിയുമാണ് പലർക്കും കഴിവുണ്ടായിട്ടും ജീവിതത്തിൽ വിജയം നേടാനാവാതെപോകുന്നത്.
സ്വന്തം മനസ്സിനെ ശക്തിപ്പെടുത്തി മുന്നോട്ടുപോയാൽ മറ്റുള്ളതെല്ലാം നമ്മുടെ പിറകെ വരുമെന്നും പോൾ പറഞ്ഞു. സദസ്സിലുള്ള ഒരാളെ വിളിച്ച് സ്വയം പരിചയപ്പെടുത്താൻ ആവശ്യപ്പെട്ടാൽ നമ്മളിൽ പലരുടെയും മുഖം മോന്തയായി രൂപമാറ്റം വരും. അതിന് കാരണം സ്വന്തം മനസ്സിലുള്ള അപകർഷ ബോധവും ഭയവുമാണ്. ഈ ഭയത്തെ ഇല്ലാതാക്കാനായാൽ വിജയം പിറകെ വരും. പുറം നന്നായതു കൊണ്ട് കാര്യമില്ല. അകമാണ് ആദ്യം നന്നാവേണ്ടത്. ഇന്ന് നാണം കെടാൻ തയാറായാൽ നാളെ തലയുയർത്തി നിൽക്കാം. വെള്ളിയാഴ്ച വൈകീട്ട് നമ്മുടെ മുഖം മുഖമായിരിക്കും. എന്നാൽ, തിങ്കളാഴ്ച അത് മോന്തയായി മാറും.
ഇഷ്ടമില്ലാത്ത ജോലികൾ ചെയ്യേണ്ടിവരുന്നതാണിതിന് കാരണം. അങ്ങനെ മനസ്സിന് ഇഷ്ടമില്ലാത്ത കാര്യങ്ങൾ അടിച്ചേൽപിച്ചാൽ ശരീരം അത് ഏറ്റെടുക്കുകയും പലവിധ ജീവിതശൈലി രോഗങ്ങളാൽ നമ്മെ കീഴ്പ്പെടുത്തുകയും ചെയ്യുമെന്നും പോൾ വ്യക്തമാക്കി. സ്ത്രീകളും കുട്ടികളും നേരിടുന്ന പ്രശ്നങ്ങളിലേക്കും അത് പരിഹരിക്കാനുള്ള മാർഗങ്ങൾ പങ്കുവെച്ചുമായിരുന്നു പേളി സദസ്യരെ കൈയിലെടുത്തത്. സിനിമ കഥകൾ ഉൾപ്പെടെ വിവിധ ഉദാഹരണങ്ങളിലൂടെ ലഘുവായാണ് പേളി കാര്യങ്ങൾ അവതരിപ്പിച്ചത്. പ്രേക്ഷകരുടെ പങ്കാളിത്തവും പ്രോഗ്രാമിൽ ഉറപ്പുവരുത്താൻ പേളി പ്രത്യേകം ശ്രദ്ധചെലുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.