ദുബൈ: ലോകരാജ്യങ്ങൾ സംഗമിക്കുന്ന ദുബൈ ഗ്ലോബൽ വില്ലേജിന്റെ 27ാം സീസണിൽ 27 പവലിയനുകളുണ്ടാകുമെന്ന് അധികൃതർ. ഒമാനിന്റെയും ഖത്തറിന്റെയും പവലിയനുകൾ ഇത്തവണ പുതുമകളോടെയാണ് മേളയിലെത്തുന്നത്. ആഗോള ഗ്രാമത്തിലെ ആഘോഷങ്ങൾ ഒക്ടോബർ 25ന് ആരംഭിക്കും.
എല്ലാ തവണത്തെയും പോലെ പുതിയ ആകർഷകങ്ങളും വിനോദങ്ങളും പരിചയപ്പെടുത്തിയാണ് ഇത്തവണയും ആഗോള ഗ്രാമം ഒരുങ്ങുന്നത്. ഗ്ലോബൽ വില്ലേജ് പ്രീമിയം, എമിറാത്തി ഡിസ്കവറി, പാചക പാതകൾ, ജിവി ഫുള്ളി ലോഡഡ് എന്നിവ പുതിയ സീസണിൽ അന്താരാഷ്ട്ര വിനോദസഞ്ചാരികൾക്കായി പ്രത്യേകം രൂപകൽപന ചെയ്ത പാക്കേജുകളാണ്. സന്ദർശകർക്ക് മികച്ച അനുഭവം നൽകുന്നതിനാണ് പരിശ്രമിക്കുകയെന്ന് ഗ്ലോബൽ വില്ലേജ് മാർക്കറ്റിങ് എക്സിക്യൂട്ടിവ് ഡയറക്ടർ ജാക്കി എല്ലെൻബി പറഞ്ഞു.
2022 ഒക്ടോബർ മുതൽ 2023 ഏപ്രിൽ വരെയാണ് 27ാമത് സീസൺ അരങ്ങേറുക. കഴിഞ്ഞ സീസണിൽ എത്തിയത് 78 ലക്ഷം സന്ദർശകരായിരുന്നു. കോവിഡാനന്തരം ടൂറിസം മേഖലയിൽ ദുബൈയുടെ തിരിച്ചുവരവ് തെളിയിക്കുന്നതായിരുന്നു കഴിഞ്ഞ ഗ്ലോബൽ വില്ലേജ് സീസൺ. വില്ലേജിന്റെ, വെല്ലുവിളികൾ നിറച്ചതെങ്കിലും മികച്ചതും വിജയകരവുമായ സീസണാണ് കടന്നുപോയത്.
കഴിഞ്ഞ സീസണിൽ ലോകമെമ്പാടുമുള്ള 80ലധികം സംസ്കാരങ്ങളെ പ്രതിനിധാനംചെയ്യുന്ന 26 പവലിയനുകളാണുണ്ടായിരുന്നത്.
യു.എ.ഇ, സൗദി അറേബ്യ, ബഹ്റൈൻ, കുവൈത്ത്, അഫ്ഗാനിസ്താൻ, ചൈന, ഈജിപ്ത്, ഇന്ത്യ, ഇറാൻ, ഇറാഖ്, ജപ്പാൻ, ദക്ഷിണ കൊറിയ, ലെബനൻ, മൊറോകോ, പാകിസ്താൻ, ഫലസ്തീൻ, സിറിയ, തായ്ലൻഡ്, തുർക്കി, യമൻ, റഷ്യ, അമേരിക്ക, ആഫ്രിക്ക, യൂറോപ് എന്നിങ്ങനെയാണ് പവലിയനുകളുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.