അബൂദബി: അബൂദബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പ് (അഡെക്) ആരോഗ്യ വകുപ്പുമായി സഹകരിച്ച് അടുത്ത ആഴ്ച മുതല്‍ വിദ്യാർഥികള്‍ക്കും അധ്യാപകർക്കും ജീവനക്കാർക്കും സ്കൂളുകളിൽ പി.സി.ആര് പരിശോധന നടത്തും. വിദ്യാഭ്യാസ നടപടികൾ ലളിതമാക്കുക, രക്ഷിതാക്കളുടെ സമ്മർദം ലഘൂകരിക്കുക തുടങ്ങിയവയാണ് ലക്ഷ്യമിടുന്നതെന്ന് അഡെക് അധികൃതര്‍ അറിയിച്ചു. സ്കൂളുകളില്‍ ഉമിനീര് ഉപയോഗിച്ചുള്ളതും മൂക്കിലെ സ്രവമെടുത്തുള്ളതുമായ ടെസ്റ്റുകളാണ് നടത്തുക. പരിശീലനം ലഭിച്ച മെഡിക്കല്‍ പ്രഫഷനലുകള്‍ ഈ മാസം ഏഴ് മുതല്‍ വിദ്യാർഥികള്‍ക്കും അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കുമായി സ്കൂളുകളില്‍ സ്ക്രീനിങ് നടത്തുമെന്നും അഡെക് അറിയിച്ചു.
നാഷനൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെൻറ് അതോറിറ്റി പതിവ് പി.സി.ആർ പരിശോധന നിർബന്ധമായും നടപ്പാക്കുന്നതിന് നിർദേശം നൽകിയതിനെ തുടർന്നാണ് പദ്ധതി സ്കൂളുകളിൽതന്നെ നടത്തുന്നത്. ഇതോടെ വിദ്യാർഥികൾക്കും അധ്യാപകർക്കും മാതാപിതാക്കൾക്കും പരിശോധനക്കായി മറ്റ് കേന്ദ്രങ്ങളെ സമീപിക്കേണ്ടി വരില്ല.
സ്കൂളിലെ സാധാരണ നടപടികൾക്കൊപ്പം പരിശോധനയും നടക്കും. അബൂദബി എമിറേറ്റിലുടനീളം സ്കൂളിലേക്ക് മടങ്ങുന്ന വിദ്യാർഥികളുടെ എണ്ണം കൂടുതലാണെന്ന് അഡെക് അണ്ടർ സെക്രട്ടറി അമീർ അൽ ഹമ്മാദി ചൂണ്ടിക്കാട്ടി. ആരോഗ്യ സംരക്ഷണത്തിന് അബൂദബിയിലെ സ്കൂളുകൾ ഏറ്റവും ഉയർന്ന മുൻഗണനയാണ് നൽകുന്നത്. ആരോഗ്യ സുരക്ഷ മാനദണ്ഡങ്ങൾ കർശനമായ നടപ്പാക്കുന്നതിന് സ്വകാര്യ-പൊതു പങ്കാളികളുമായി സഹകരിച്ച് അബൂദബി വിദ്യാഭ്യാസ വൈജ്ഞാനിക വകുപ്പ് പ്രവർത്തിക്കുന്നത് തുടരുന്നു.
അടിയന്തര ദുരന്ത നിവാരണ സമിതിയുടെ നിർദേശാനുസരണം എല്ലാ സ്കൂൾ വിദ്യാർഥികളും പതിവ് കോവിഡ് പരിശോധനകൾ നടത്തണം. വിദ്യാർഥികളുടെ വ്യക്തിഗത പരിശോധന ഷെഡ്യൂൾ രക്ഷിതാക്കളെ അറിയിക്കുന്നതിനുള്ള ഉത്തരവാദിത്തം സ്കൂളുകൾക്കുണ്ടായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.