ദുബൈ: പ്രയാസപ്പെടുന്നവർക്ക് പ്രയോജനകരമാകുന്ന കാരുണ്യപ്രവർത്തനങ്ങൾ ദൈവികമാണെന്നും ഈ വഴിയിൽ മഹത്തായ ദൗത്യമാണ് വയനാട് പീസ് വില്ലേജ് നിർവഹിക്കുന്നതെന്നും ഇറ്റാലിയന്‍ എഴുത്തുകാരിയും സാംസ്കാരിക പ്രവര്‍ത്തകയുമായ ഡോ. സബ്രീറീന ലീ. വയനാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന സേവന സംരംഭമായ പീസ് വില്ലേജിന്റെ യു.എ.ഇ ചാപ്റ്റർ സംഘടിപ്പിച്ച സ്നേഹസംഗമം ഡിന്നർ മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. പട്ടിണി പരിഹരിക്കുന്നിടത്തും രോഗികളെ പരിചരിക്കുമ്പോഴും ദൈവികസാന്നിധ്യം ഉണ്ടാകുമെന്ന് പ്രവാചകൻ പഠിപ്പിച്ചിട്ടുണ്ട്. അതിനായി നമ്മുടെ വിഭവങ്ങൾ പ്രയാസപ്പെടുന്നവർക്കുകൂടി പങ്കുവെക്കുന്ന വിശാല മനസ്സ് വളർത്തിയെടുക്കണമെന്നും അവർ കൂട്ടിച്ചേർത്തു. ദുബൈ ഫ്ലോറ ഇൻ ഹോട്ടലിൽ സംഘടിപ്പിച്ച സ്നേഹസംഗമം
ഡിന്നർ മീറ്റിൽ പീസ് വില്ലേജ് സെക്രട്ടറി സദ്റുദ്ദീൻ വാഴക്കാട് പദ്ധതികളും പ്രവർത്തനങ്ങളും വിശദീകരിച്ചു. നവജാത ശിശുക്കൾ മുതൽ വയോധികർ വരെ സംരക്ഷിക്കപ്പെടുന്ന 17 പദ്ധതികൾ വിഭാവനചെയ്യുന്ന പീസ് വില്ലേജിൽ, ഉപേക്ഷിക്കപ്പെട്ട മുതിർന്ന പൗരന്മാർ, പ്രയാസപ്പെടുന്ന സ്ത്രീകൾ എന്നിവർക്കുള്ള സംരക്ഷണ കേന്ദ്രം, പാവപ്പെട്ടവർക്ക് സൗജന്യമായി വസ്ത്രങ്ങൾ നൽകുന്ന ഡ്രസ് ബാങ്ക്, വിദ്യാർഥി - യുവജനങ്ങൾക്ക് സേവന പരിശീലനം എന്നിങ്ങനെ നാലു സംരംഭങ്ങൾ നിലവിലുണ്ട്. ഫിസിയോ തെറപ്പി റിഹാബിലിറ്റേഷൻ, ഡയാലിസിസ് സെൻറർ, പെയ്ൻ ആൻഡ് പാലിയേറ്റിവ് കെയർ യൂനിറ്റ്, കോൺഫറൻസ് ഹാൾ, ഡോർമെറ്ററി, ഒ.പി ക്ലിനിക് തുടങ്ങിയ ഉൾക്കൊള്ളുന്ന രണ്ടാംഘട്ട പദ്ധതി ഈ വർഷം പ്രവർത്തന സജ്ജമാകും -സദ്റുദ്ദീൻ വാഴക്കാട് പറഞ്ഞു.
കെ.വി ശംസുദ്ദീൻ, യു.സി അബ്ദുല്ല, എ.റശീദുദ്ദീൻ, സമിയ്യ ശംസുദ്ദീൻ എന്നിവർ പീസ് വില്ലേജ് സന്ദർശന അനുഭവങ്ങൾ പങ്കുവെച്ചു. ഹിബ ഫാറൂഖ് അവതരണം നിർവഹിച്ച പരിപാടിയിൽ, പീസ് വില്ലേജ് യു.എ.ഇ ചാപ്റ്റർ പ്രസിഡൻറ് അഡ്വ. മുഹമ്മദ് അസ്ലം സ്വാഗതവും സെക്രട്ടറി അശ്റഫ് അബ്ദുല്ല നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.