ദുബൈ: 50ലേറെ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങളിലെ വിദഗ്ധ തൊഴിൽരംഗത്ത് രണ്ടു ശതമാനം സ്വദേശികളെ നിയമിക്കണമെന്ന ലക്ഷ്യം ഡിസംബർ 31നകം പൂർത്തിയാക്കിയില്ലെങ്കിൽ നടപടിയെന്ന് മുന്നറിയിപ്പ്.
വർഷം അവസാനിക്കാനിരിക്കെ മാനവവിഭവശേഷി, എമിററ്റൈസേഷൻ മന്ത്രാലയമാണ് സ്വകാര്യ കമ്പനികളെ ഇക്കാര്യം ഓർമിപ്പിച്ചത്. 2022ൽ ആരംഭിച്ച സ്വദേശിവത്കരണ സംവിധാനമനുസരിച്ച് കഴിഞ്ഞ വർഷത്തെ രണ്ടു ശതമാനവും ഈവർഷത്തെ രണ്ടു ശതമാനവും അടക്കം കമ്പനികൾ നാലു ശതമാനം ജീവനക്കാരെ സ്വദേശികളിൽനിന്ന് നിയമിക്കണം. ഇതിന് അനുവദിച്ച സമയപരിധിയാണ് 31ന് അവസാനിക്കുന്നത്.
2023ലെ വാർഷിക എമിററ്റൈസേഷൻ ലക്ഷ്യം കൈവരിക്കുന്നതിൽ പരാജയപ്പെടുന്ന കമ്പനികൾ 2024 ജനുവരി മുതൽ പിഴ നൽകേണ്ടിവരുമെന്ന് തിങ്കളാഴ്ച മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
ഇതുവരെയും ലക്ഷ്യം കൈവരിക്കാൻ സാധിക്കാത്ത കമ്പനികൾക്ക് ‘നാഫിസ്’ പ്ലാറ്റ്ഫോം വഴി യോഗ്യരായ യു.എ.ഇ പൗരന്മാരെ കണ്ടെത്താം. ടാർഗറ്റ് മറികടക്കുന്നതിന് നിയമപരമല്ലാത്ത രീതികൾ സ്വീകരിച്ചാൽ നടപടിയുണ്ടാകുമെന്നും മന്ത്രാലയം വ്യക്തമാക്കി. നിയമലംഘനത്തിന് 42,000 ദിർഹമാണ് പിഴ ചുമത്തുന്നത്. നിയമലംഘനം ആവർത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങൾക്ക് മൂന്നു മുതൽ അഞ്ചുലക്ഷം ദിർഹം വരെ പിഴയും ചുമത്തും.
അടുത്ത വർഷം മുതൽ സ്വദേശിവത്കരണം 20ന് മുകളിൽ ജീവനക്കാരുള്ള ചില മേഖലകളിലെ കമ്പനികൾക്കും ബാധകമാകുമെന്ന് നേരത്തേ പ്രഖ്യാപിച്ചിട്ടുണ്ട്.
2026നകം സ്വകാര്യ സ്ഥാപനങ്ങളിൽ 10 ശതമാനം സ്വദേശിവത്കരണം എന്നതാണ് സർക്കാറിന്റെ ലക്ഷ്യം. യു.എ.ഇയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം പദ്ധതി നടപ്പാക്കിയശേഷം വലിയതോതിൽ വർധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.