ദുബൈ: ജി.സി.സി പൗരന്മാർക്കും താമസക്കാർക്കും മാച്ച് ടിക്കറ്റും ഹയ്യാ കാർഡുമില്ലാതെ ഖത്തറിൽ പ്രവേശിക്കാമെന്ന ഖത്തർ ആഭ്യന്തരമന്ത്രാലയത്തിന്റെ നിർദേശം പ്രാബല്യത്തിലായതോടെ യു.എ.ഇയിൽനിന്ന് കൂടുതൽ കാണികൾ ലോകകപ്പ് കാണാനെത്തും. മാച്ച് ടിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് ഖത്തറിലെത്താൻ കഴിയാതെ നിരാശരായവർക്ക് ആശ്വാസം പകരുന്നതാണ് പുതിയ തീരുമാനം. ഇതോടെ, റോഡ് മാർഗവും വിമാന മാർഗവും കൂടുതൽ കാണികൾ ഖത്തറിലെത്തും.
ലോകകപ്പ് മത്സരങ്ങളുടെ പ്രീക്വാർട്ടർ പൂർത്തിയാവുമ്പോഴാണ് വിവിധ ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാർ ഉൾപ്പെടെ പ്രവാസികൾക്കും പൗരന്മാർക്കും ഖത്തറിലെത്താൻ വാതിലുകൾ തുറന്നുനൽകുന്നത്. ഹയ്യാ കാർഡ് കിട്ടാൻ വൈകുന്നത് പലരെയും പ്രതിസന്ധിയിലാക്കിയിരുന്നു. ഗൾഫ് രാജ്യങ്ങളിൽനിന്ന് വിമാനമാർഗം പോകുന്നവർക്ക് മുൻകാലങ്ങളിൽ യാത്ര ചെയ്തിരുന്നതുപോലെ തന്നെ ഖത്തറിലെത്താം. ലോകകപ്പ് സമയത്ത് ഹയ്യാ കാർഡില്ലാത്തവർക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല.
അതേസമയം, മാച്ച് ടിക്കറ്റുള്ള ആരാധകർ സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ ഹയ്യാ കാർഡിന് അപേക്ഷിക്കണമെന്ന് അധികൃതർ വ്യക്തമാക്കി. സ്റ്റേഡിയങ്ങളിലെ മത്സരങ്ങൾക്കുപുറമെ വിവിധ ഇടങ്ങളിൽ നടക്കുന്ന, ലോകകപ്പിന്റെ ആഘോഷങ്ങൾ അനുഭവിച്ചറിയാനുള്ള അവസരമായാണ് ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള പൗരന്മാരെയും താമസക്കാരെയും ഖത്തറിലേക്ക് സ്വാഗതം ചെയ്യുന്നത്.
ഖത്തറിലേക്ക് സ്വകാര്യ വാഹനങ്ങളുമായി പ്രവേശിക്കുന്നവർക്ക് ഡിസംബർ എട്ടുമുതലാണ് ഹയ്യാ കാർഡില്ലാതെ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുന്നത്. എന്നാൽ, 12 മണിക്കൂർ മുമ്പ് ആഭ്യന്തരമന്ത്രാലയം വെബ്സൈറ്റ് വഴി അനുമതിക്ക് അപേക്ഷിക്കണം. വാഹന പെർമിറ്റിന് പ്രത്യേക ഫീസ് നൽകേണ്ടതില്ല.
മാച്ച് ടിക്കറ്റില്ലെങ്കിലും ഖത്തറിലെ ഫാൻ ഫെസ്റ്റ് ഉൾപ്പെടെയുള്ള ആഘോഷങ്ങൾ കാണാനാണ് ആരാധകർ ഖത്തറിലേക്ക് പുറപ്പെടുന്നത്. വിമാന നിരക്ക് ഉയർന്നതോടെ കാറിലും ബസിലുമാണ് യാത്ര. സൽവ അതിർത്തിയിലെ പാർക്കിങ്ങിൽ കാർ നിർത്തിയശേഷം ബസിലാണ് കാർ യാത്രികർ അതിർത്തി കടക്കേണ്ടത്. നേരിട്ട് വാഹനവുമായി പ്രവേശിക്കണമെങ്കിൽ 5000 റിയാൽ ഫീസ് അടക്കണം. 250 ദിർഹം മുതൽ നൽകി ബസിൽ യാത്ര ചെയ്യാം. ജി.സി.സിയിലുള്ളവർക്ക് കുറഞ്ഞ ചെലവിൽ ഖത്തറിൽ എത്താനും ലോകകപ്പ് കാണാനുമുള്ള അവസരമാണ് ഇതുവഴി ലഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.