ദുബൈ: പുതുവർഷത്തിൽ വീണ്ടും സ്കൂളുകൾ സജീവമാകുമ്പോൾ പ്രവൃത്തി സമയത്തിൽ മാറ്റം വരുത്താൻ അനുമതി നൽകി ദുബൈ സ്കൂൾ വിദ്യാഭ്യാസ വകുപ്പ് (കെ.എച്ച്.ഡി.എ). വാരാന്ത്യ അവധിയിൽ മാറ്റം വന്നതോടെ കുറവുവരുന്ന പ്രവൃത്തി സമയം തിരിച്ചുപിടിക്കാൻ ഇതിലൂടെ സാധിക്കും. ജനുവരി മുതൽ വാരാന്ത്യ അവധി ശനി, ഞായർ ദിവസങ്ങളും വെള്ളിയാഴ്ച ഉച്ചക്ക് ശേഷവുമടക്കം രണ്ടര ദിവസമാകുന്നുണ്ട്. നേരത്തേ ക്ലാസുകൾ നടന്ന ഞായറാഴ്ചകൾ ഒഴിവുദിനമാകുന്നതിന് പകരം വെള്ളിയാഴ്ച 12വരെയുള്ള സമയം മാത്രമാണ് സ്കൂളുകൾക്ക് ലഭിക്കുന്നത്. ഈ കുറവ് പരിഹരിക്കുന്നതിനാണ് സമയം ദീർഘിപ്പിക്കാൻ അനുമതി നൽകിയിരിക്കുന്നത്. രാവിലെ ക്ലാസുകൾ നേരത്തേയാക്കുകയോ വൈകീട്ടേക്ക് ദീർഘിപ്പിക്കുകയോ ചെയ്യാൻ അനുമതിയുണ്ട്. പക്ഷേ, രക്ഷിതാക്കളുമായി ആലോചിച്ചായിരിക്കണം തീരുമാനമെടുക്കേണ്ടതെന്ന് കെ.എച്ച്.ഡി.എ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം വെള്ളിയാഴ്ചകളിൽ 12മണിക്കപ്പുറം സമയം ദീർഘിപ്പിക്കരുതെന്ന് നിർദേശത്തിൽ പറയുന്നുണ്ട്.
പുതുവർഷത്തിൽ ആദ്യ സ്കൂൾ ദിനം ജനൂവരി മൂന്ന് തിങ്കളാഴ്ചയായിരിക്കും. സ്വകാര്യ സ്കൂളുകളിലെ വിദ്യാർഥികൾക്കും ജീവനക്കാർക്കുമെല്ലാം രണ്ടര ദിവസം വാരാന്ത്യ അവധി നൽകണം. എന്നാൽ, സ്കൂളുകൾക്ക് പാഠ്യപദ്ധതി ആവശ്യകതക്ക് അനുസരിച്ച് ചില വിട്ടുവീഴ്ചകൾ അനുവദിച്ചിട്ടുണ്ടെന്നും എല്ലാ സ്കൂളുകളും മാറ്റംവരുത്തിയ പ്രവർത്തന സമയം കെ.എച്ച്.ഡി.എയെ അറിയിക്കണമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ആഴ്ചയിൽ മൂന്നുദിന അവധി പ്രഖ്യാപിച്ച ഷാർജയിൽ ജനുവരി മുതൽ പഠനസമയത്തിലുണ്ടാകുന്ന നഷ്ടം നികത്താൻ മൂന്നിന നിർദേശങ്ങൾ ഷാർജ വിദ്യാഭ്യാസ വകുപ്പ് കഴിഞ്ഞ ദിവസം മുന്നോട്ടുവെച്ചിരുന്നു. ദൈനംദിന സമയം വർധിപ്പിക്കുക, സ്കൂൾ സമയം കഴിഞ്ഞ് ഓൺലൈൻ ക്ലാസുകൾ നടത്തുക, അധ്യയന വർഷത്തിലേക്ക് ഒരു ആഴ്ച അധികമായി ചേർക്കുക എന്നീ നിർദേശങ്ങളാണ് ഷാർജ മുന്നോട്ടുവെച്ചിരിക്കുന്നത്.
ഷാർജ സ്കൂളുകൾ രക്ഷിതാക്കളെ സമീപിക്കുന്നു
ഷാർജ: മൂന്നുദിവസത്തെ വാരാന്ത്യം പ്രാബല്യത്തിൽ വരുന്ന ജനുവരി മുതൽ ഒരു അധ്യയന ദിനത്തിെൻറ നഷ്ടം നികത്താൻ ഏറ്റവും അനുയോജ്യമായ മാതൃക നിർണയിക്കാൻ ഷാർജയിലെ സ്വകാര്യ സ്കൂളുകൾ രക്ഷിതാക്കളുമായി ആശയവിനിമയം നടത്തും. ഷാർജയിലെ സർക്കാർ വകുപ്പുകൾക്കൊപ്പം സ്കൂളുകൾക്കും വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ അവധിയായിരിക്കും. ഇതിലൂടെ ഉണ്ടാകുന്ന ഒരുദിവസത്തെ നഷ്ടം നികത്താൻ സ്കൂളുകൾക്ക് മൂന്നു മോഡലുകളിൽ ഒന്ന് തെരഞ്ഞെടുക്കാനുള്ള ഓപ്ഷൻ കഴിഞ്ഞദിവസം നൽകിയിരുന്നു. പുതിയ അവധിദിനങ്ങൾക്കുമുമ്പ് ഷാർജ വിദ്യാഭ്യാസ വകുപ്പ് സ്കൂളുകളെ പങ്കെടുപ്പിച്ചുള്ള യോഗങ്ങൾ നടത്തിവരുന്നുണ്ട്. ആഴ്ചയിൽ നാലു പ്രവൃത്തി ദിനങ്ങൾ എന്ന പുതിയ സമ്പ്രദായം അനുസരിച്ച് ശരിയായ രീതിയിൽ വിദ്യാഭ്യാസ പുരോഗതി ഉറപ്പാക്കുന്ന രീതി തെരഞ്ഞെടുക്കുമെന്നാണ് ഷാർജയിലെ ഭൂരിഭാഗം സ്കൂളുകളും പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.