ഷാർജ: വർഷന്തോറും ആകാശവിസ്മയം തീർത്തെത്തുന്ന പെഴ്സീയഡ് ഉൽക്കമഴ കാണാൻ വാനനിരീക്ഷകരെയും സഞ്ചാരികളെയും ക്ഷണിച്ച് ഷാർജ മലീഹ ആർക്കിയോളജിക്കൽ സെന്റർ. പെഴ്സീഡ്സ് ഉൽക്കാവർഷം ഈമാസം 12ന് ദൃശ്യമാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. മലീഹ മരുഭൂമിയിൽ മനോഹരമായ മലനിരകളുടെ പശ്ചാത്തലത്തിൽ പ്രത്യേകം തയാറാക്കിയ ക്യാമ്പ് സൈറ്റിൽ വൈകുന്നേരം ഏഴു മുതൽ രാത്രി ഒരു മണിവരെയാണ് പരിപാടി സംഘടിപ്പിക്കുക. അത്യാധുനിക ടെലിസ്കോപ്പുകളിലൂടെ വാനനിരീക്ഷണം നടത്താനുള്ള സൗകര്യം ഇവിടെയുണ്ടാവും.
ഉൽക്കാവർഷത്തിന്റെ പാരമ്യത്തിൽ മണിക്കൂറിൽ നൂറ് ഉൽക്കകൾ വരെ ആകാശത്ത് ദൃശ്യമാകുമെന്നാണ് കരുതുന്നത്. ഉൽക്കാവർഷ നിരീക്ഷണത്തിനു പുറമെ, പ്രായഭേദമന്യേ പങ്കെടുക്കുന്നവരെയെല്ലാം ആകർഷിക്കാൻ പാകത്തിൽ വൈവിധ്യമാർന്ന വേറെയും വിശേഷങ്ങൾ പരിപാടിയുടെ ഭാഗമായി ഒരുക്കുന്നുണ്ട്. വിദഗ്ധരുടെ നേതൃത്വത്തിൽ ഉൽക്കാവർഷത്തെക്കുറിച്ച പ്രത്യേക പ്രസന്റേഷൻ, അതിഥികൾക്ക് പങ്കാളികളാവാൻ കഴിയുന്ന ക്വിസ് മത്സരങ്ങൾ എന്നിവയോടൊപ്പം ദൂരദർശിനിയിലൂടെ ചന്ദ്രനെയും ഗ്രഹങ്ങളെയും കാണാനുള്ള സൗകര്യവുമുണ്ടാവും. ആസ്ട്രോ ഫോട്ടോഗ്രഫിയിൽ പരിശീലനം ലഭിച്ച മലീഹയിലെ വിദഗ്ധരുടെ സഹായത്തോടെ ചിത്രങ്ങൾ പകർത്താനുമാവും.
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും +971 6 802 1111 എന്ന ഫോൺ നമ്പറിലോ mleihamanagement@discovermleiha.ae എന്ന ഇ-മെയിൽ വിലാസത്തിലോ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.