ദുബൈ: ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യു.എച്ച്.ഒ) പ്രതിനിധി സംഘം റഫയിലെ യു.എ.ഇ ഫീൽഡ് ആശുപത്രി സന്ദർശിച്ചു. യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ പ്രഖ്യാപിച്ച ഓപറേഷൻ ഗാലന്റ് നൈറ്റ്-3യുടെ ഭാഗമായാണിത് സ്ഥാപിച്ചത്. ആശുപത്രിയുടെ സേവനങ്ങൾ അധികൃതർ പ്രതിനിധികൾക്ക് വിശദീകരിച്ചു നൽകി. ഗസ്സയിൽ പരിക്കേറ്റവർക്ക് തുടർച്ചയായ വൈദ്യസഹായവും സഹായവും നൽകിക്കൊണ്ട് ഫലസ്തീനികളുടെ ദുരിതം ലഘൂകരിക്കാനുള്ള യു.എ.ഇയുടെ ശ്രമത്തെയും ഇമാറാത്തി മെഡിക്കൽ സ്റ്റാഫിന്റെ അർപ്പണബോധത്തെയും പ്രതിനിധികൾ പ്രശംസിച്ചു.
ഫലസ്തീനികളെ സഹായിക്കാൻ വിന്യസിച്ചിരിക്കുന്ന നൂതന മെഡിക്കൽ ഉപകരണങ്ങളും സൗകര്യങ്ങളും ആശുപത്രി ജീവനക്കാർ ഡബ്ല്യു.എച്ച്.ഒ സംഘത്തിന് പരിചയപ്പെടുത്തി. കൃത്രിമ അവയവ പദ്ധതി നടപ്പാക്കൽ, വെടിനിർത്തലിനുശേഷം യു.എ.ഇയുടെ സഹായം നിലനിർത്തുന്നതിനുള്ള പദ്ധതി എന്നിവ സംഘവുമായി ചർച്ച ചെയ്തു. യു.എ.ഇ ഫീൽഡ് ആശുപത്രി ഇതിനകം ഒരു ടൺ മെഡിക്കൽ സപ്ലൈസ്, വീൽചെയറുകൾ, ക്രച്ചസുകൾ എന്നിവ ഉൾപ്പെടെ അടിയന്തര സഹായം നൽകിയിട്ടുണ്ട്.
യുദ്ധത്തിന്റെ തുടക്കകാലം മുതൽ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ ഫലസ്തീൻ ജനതക്ക് വേണ്ടി യു.എ.ഇ ചെയ്തുവരുന്നുണ്ട്. ഇവയിലൊന്ന് റഫയിലും മറ്റൊന്ന് അൽ ആരിഷിൽ ഒരു ഫ്ലോട്ടിങ് ആശുപത്രിയായുമാണ് പ്രവർത്തിക്കുന്നത്. കൂടാതെ പ്രതിദിനം 1.2 ദശലക്ഷം ഗാലൻ വെള്ളം ഉൽപാദിപ്പിക്കുന്ന ആറ് ഡീസലൈനേഷൻ പ്ലാൻറുകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ഇതുവഴി 6,00,000-ത്തിലധികം ഗസ്സ നിവാസികൾക്ക് പ്രയോജനം ലഭിക്കുന്നുണ്ട്. ഗസ്സയിൽനിന്ന് പരിക്കേറ്റവരും അർബുദബാധിതരുമായ ചികിത്സ ആവശ്യമുള്ളവരെ യു.എ.ഇയിലെത്തിച്ച് ചികിത്സ ലഭ്യമാക്കുന്നുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.