ദുബൈ: സെപ്റ്റംബറിലെ നിരക്ക് പ്രഖ്യാപിച്ചപ്പോൾ യു.എ.ഇയിൽ ഇന്ധനവില കുറഞ്ഞതിൽ പ്രവാസികളും ആശ്വാസത്തിൽ. ആഗോള മാർക്കറ്റിൽ ക്രൂഡ്ഓയിൽ വിലയിലുണ്ടായ മാറ്റമാണ് നിരക്ക് കുറയാൻ കാരണമായത്. കഴിഞ്ഞമാസങ്ങളെ അപേക്ഷിച്ച് വിലയിൽ കാര്യമായ കുറവാണുണ്ടായിരിക്കുന്നത്. പെട്രോൾ വില 60 ഫിൽസിലേറെയാണ് ഇത്തവണ കുറഞ്ഞത്.
കഴിഞ്ഞമാസവും 60 ഫിൽസിന്റെ കുറവ് രേഖപ്പെടുത്തിയിരുന്നു. ഇതോടെ, ആകെ വിലയിൽ കഴിഞ്ഞ രണ്ടുമാസത്തിനിടയിൽ 30 ശതമാനത്തോളം കുറവുണ്ടായി. സൂപ്പർ 98 പെട്രോളിന് 3.41 ദിർഹമാണ് പുതിയ നിരക്ക്. കഴിഞ്ഞമാസം ഇത് 4.03 ദിർഹമായിരുന്നു. 3.92 ദിർഹമായിരുന്ന സ്പെഷൽ പെട്രോൾ 3.30 ദിർഹമായി കുറഞ്ഞു. ഇ പ്ലസ് പെട്രോളിന് 3.84 ദിർഹമിൽനിന്ന് 3.22 ദിർഹമായി കുറഞ്ഞു. ഡീസലിനും വില കുറഞ്ഞിട്ടുണ്ട്. 4.14ൽ നിന്ന് 3.87 ദിർഹമായി കുറഞ്ഞു.
സ്വന്തമായ വാഹനമുള്ളവർക്ക് കഴിഞ്ഞമാസങ്ങളിൽ വലിയൊരു സംഖ്യ കൂടുതലായി പെട്രോൾ ഇനത്തിൽ ചെലവുവന്നിരുന്നു. ടാക്സി നിരക്കിലും ദുബൈ, ഷാർജ, അജ്മാൻ തുടങ്ങിയ സ്ഥലങ്ങളിൽ ആനുപാതികമായ വർധനവുണ്ടായിരുന്നു.
എന്നാൽ, പുതിയനിരക്ക് നിലവിൽ വന്നതോടെ ഈ നിരക്കുകൾ കുറഞ്ഞിട്ടുണ്ട്. അജ്മാനിൽ ടാക്സി നിരക്ക് ആറു ശതമാനമാണ് വ്യാഴാഴ്ച മുതൽ കുറഞ്ഞത്. ദുബൈയിലും ഷാർജയിലും മറ്റിടങ്ങളിലും ആനുപാതികമായി കുറവ് വരുത്തും. പെട്രോൾ, ഡീസൽ വിലയിലെ കുറവ് ഭക്ഷ്യവസ്തുക്കളുടെയും മറ്റും വിലയിൽ കൂടി പ്രതിഫലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്കൂൾ ബസ് സേവനങ്ങളുടെയും മറ്റും നിരക്ക് ചിലയിടങ്ങളിൽ വർധിച്ചിട്ടുണ്ട്. പുതിയ നിരക്ക് പുറത്തുവന്നതോടെ ഇതിലും മാറ്റമുണ്ടാകുമെന്നാണ് രക്ഷിതാക്കൾ പ്രതീക്ഷിക്കുന്നത്. അടുത്ത മാസങ്ങളിൽ പെട്രോൾ നിരക്കിൽ വീണ്ടും കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈവർഷം മാർച്ചിലാണ് ചരിത്രത്തിൽ ആദ്യമായി യു.എ.ഇയിലെ എണ്ണവില മൂന്നു ദിർഹം പിന്നിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.