ദുബൈ: കോവിഡിനെ കരകടത്താൻ യുദ്ധസന്നാഹങ്ങളൊരുക്കി ഫൈസർ വാക്സിൻ കാമ്പയിന് തുടക്കമിട്ട ദുബൈ, മലയാളിക്ക് സമ്മാനിച്ചത് ചരിത്ര നിമിഷം. രാജ്യത്തിന് സംരക്ഷണമൊരുക്കാൻ മുൻനിരയിൽ നിലയുറപ്പിച്ച് പോരാടിയവർക്ക് ആദ്യഘട്ടത്തിൽ ഫൈസർ-ബയോടെക് വാക്സിൻ നൽകിയപ്പോൾ ആദ്യ സ്വീകർത്താവായത് കോട്ടയം സ്വദേശിയായ നഴ്സ് ആശ സൂസൻ ഫിലിപ്പായിരുന്നു.
'ഇൗ രാജ്യം നൽകിയ ക്രിസ്മസ് സമ്മാനമാണ് ഫൈസർ വാക്സിൻ. എനിക്ക് മാത്രമല്ല, മലയാളി പ്രവാസി സമൂഹത്തിനുതന്നെ ദുബൈ നഗരം നൽകിയ അത്യുഗ്രൻ ക്രിസ്മസ് സമ്മാനമാണിത് -ദുബൈ ഹെൽത്ത് അതോറിറ്റിയിൽ നഴ്സായി ജോലി ചെയ്യുന്ന ആശക്ക്, ജീവിതത്തിലെ അപൂർവനിമിഷത്തെ ഇങ്ങനെ വിശേഷിപ്പിക്കാനാണ് ഇഷ്ടം. കാമ്പയിൻ ആരംഭിക്കുമ്പോൾ, വാക്സിൻ സ്വീകരിക്കാൻ തയാറുള്ളവർ മുന്നോട്ടുവരണമെന്ന് നേരത്തെ നിർദേശമുണ്ടായിരുന്നു. ഭർത്താവിനോട് ആലോചിച്ചപ്പോൾ, വാക്സിൻ സ്വീകരിക്കൂ എന്നായിരുന്നു മറുപടി. അതുപ്രകാരം സമ്മതപത്രവും തയാറാക്കി നൽകി. രണ്ടുദിവസത്തിനകം രാജ്യത്ത് ആദ്യമായി വാക്സിൻ നൽകിയപ്പോൾ അതിലൊരാൾ ഞാനായിരുന്നു -വാക്സിൻ സ്വീകരിക്കാനിടയായ സാഹചര്യത്തെക്കുറിച്ച് ആശ സൂസൻ ഫിലിപ്പ് പറഞ്ഞു.
കഴിഞ്ഞ 15 വർഷമായി ഡി.എച്ച്.എക്ക് കീഴിലെ ദുബൈ റാശിദ് ആശുപത്രിയിൽ നഴ്സായി ജോലിചെയ്തുവരുന്ന ആശ ദുബൈ ഹെൽത്ത് അതോറിറ്റിയുടെ പ്രതിനിധിയായാണ് വാക്സിൻ സ്വീകരിച്ചത്. എന്നാൽ, ആദ്യഘട്ടത്തിൽ വാക്സിൻ സ്വീകരിച്ച ആദ്യ ഇന്ത്യക്കാരിയും മലയാളിയായ ഇൗ കോട്ടയം സ്വദേശിയായിരുന്നു. കോവിഡ് മുൻനിര പോരാളികൾക്കും സ്വദേശി വയോജനങ്ങൾക്കും നിശ്ചയദാർഢ്യവിഭാഗക്കാർക്കും മാത്രമാണ് ആദ്യഘട്ടം വാക്സിൻ നൽകിയത്.
സ്വദേശി പൗരനായ 84കാരൻ അലി സേലം അലി അലാദിദിയായിരുന്നു ആദ്യ വാക്സിൻ സ്വീകരിച്ചത്. ദുബൈ ആംബുലൻസിലെ 36 കാരിയായ ഷമാ സെയ്ഫ് റാഷിദ് അലാലിലി, റോഡ് ട്രാൻസ്പോർട്ട് അതോറിറ്റിയിലെ ഡ്രൈവർ 37 കാരനായ ആസിഫ് ഖാൻ ഫാസെൽ സുബാൻ, ദുബൈ പൊലീസിലെ 32 കാരൻ ആദൽ ഹസ്സൻ ശുക്രല്ല എന്നിവരാണ് ആശക്കൊപ്പം ആദ്യദിവസം വാക്സിൻ സ്വീകരിച്ച മറ്റുള്ളവർ.
കോവിഡ് -19 തടയുന്നതിന് 95 ശതമാനം ഫലപ്രദമായ വാക്സിൻ രണ്ട് ഡോസുകളിലാണ് നൽകുന്നത്. യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അടുത്തിടെ അംഗീകരിച്ചതും യു.എ.ഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം രജിസ്റ്റർ ചെയ്തതുമായ ഫൈസർ-ബയോടെക് വാക്സിനേഷനാണ് ഡി.എച്ച്.എ നൽകുന്നത്. രണ്ടാമത്തെ വിഭാഗത്തിൽ പൊതു-സ്വകാര്യ മേഖലകളിൽ പ്രവർത്തിക്കുന്ന മുൻനിരക്കാർ ഉൾപ്പെടുന്നു.
മൂന്നാമത്തെ വിഭാഗത്തിൽ സുപ്രധാന മേഖലയിലെ തൊഴിലാളികളും നാലാം വിഭാഗത്തിൽ പ്രതിരോധ കുത്തിവെപ്പ് നടത്താൻ ആഗ്രഹിക്കുന്ന പൊതുജനങ്ങളും ഉൾപ്പെടുന്നു. നാലാമത്തെ വിഭാഗത്തിൽ പ്രവാസികൾക്കും സൗജന്യമായി വാക്സിൻ സ്വീകരിക്കാം. ബ്രസൽസിൽനിന്ന് എമിറേറ്റ്സ് സ്കൈ കാർഗോ വിമാനത്തിലെത്തിച്ച ഫൈസർ-ബയോ എൻടെക് വാക്സിെൻറ ആദ്യ ബാച്ച് വാക്സിനാണ് സൗജന്യ വാക്സിൻ കാമ്പയിെൻറ ഭാഗമായി നൽകുന്നത്.
പറ്റാവുന്ന എല്ലാവരും വാക്സിൻ സ്വീകരിക്കണമെന്നാണ് ആശയുടെ അഭിപ്രായം. കോവിഡ് മഹാമാരിക്കെതിരെ പ്രതിരോധം തീർക്കാൻ ഇതാണ് ഉചിതമായ മാർഗം. എല്ലാവരും വാക്സിനെടുത്ത് വളരെ വേഗത്തിൽ തന്നെ പഴയ ജീവിതത്തിലേക്ക് തിരിച്ചെത്തുകയാണ് വേണ്ടതെന്നും രണ്ടര പതിറ്റാണ്ടുകാലമായി ആരോഗ്യരംഗത്ത് സേവനം തുടരുന്ന ഇൗ 46കാരി പറയുന്നു. അൽഖിസൈസ് അൽനാദ-1ൽ കുടുംബസമേതമാണ് ആശ താമസിക്കുന്നത്.
സ്വകാര്യ കമ്പനിയിൽ ഉദ്യോഗസ്ഥനായ ഫിലിപ്പാണ് ഭർത്താവ്. അൽ വർഖ ഔവർഓൺ സ്കൂൾ വിദ്യാർഥികളായ ആകാശ് ഫിലിപ്പ്, ആദിത്ത് ഫിലിപ്പ്, അഭിനവ് ഫിലിപ്പ്, ആരുഷ് ഫിലിപ്പ് എന്നിവരാണ് മക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.