ഷാർജ: ബ്രെസ്റ്റ് കാൻസറും സെർവിക്കൽ ക്യാൻസറുമൊക്കെ നേരത്തെ കണ്ടുപിടിക്കാൻ സ്ക്രീനിംങ് സൗകര്യമുള്ള കാരവൻ മെഡിക്കൽ മൊബൈൽ ക്ലിനിക്ക് ഷാർജയിൽ ഓടിത്തുടങ്ങി. ഈ വർഷം ആദ്യം മുതൽ ഷാർജയിലെ റോഡുകളിലൂടെ പിങ്ക് നിറത്തിൽ ഈ വാൻ സഞ്ചരിക്കുന്നത് കാണാം. യു.എ.ഇയിലെ ആദ്യത്തെ മെഡിക്കൽ മൊബൈൽ ക്ലിനിക്കാണിത്. സൗജന്യ സ്ക്രീനിങും വിദഗ്ദ്ധ ഉപദേശവും നൽകുന്ന ഈ മൊബൈൽ ക്ലിനിക്, നേരത്തെ കണ്ടെത്തിയാൽ ഭേദമാക്കാവുന്ന രോഗമാണ് ക്യാൻസറെന്ന വസ്തുത ആളുകൾക്ക് മനസ്സിലാക്കി കൊടുക്കുകയാണ്.
ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ഷാർജയിലെ കൂടുതൽ മേഖലകളെ മൊബൈൽ ക്ലിനിക്ക് ഉൾപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താനും, സ്വയം പരിശോധിക്കാനും സ്ക്രീൻ ചെയ്യാനും ഈ സംരംഭത്തിന് നേതൃത്വം നൽകുന്ന ഫ്രണ്ട്സ് ഓഫ് കാൻസർ പേഷ്യന്റ്സ്(എഫ്.ഒ.സി.പി) സ്ത്രീകളോട് അഭ്യർത്ഥിച്ചു.
പിങ്ക് കാരവൻ മെഡിക്കൽ മൊബൈൽ ക്ലിനിക്ക് 40 വയസും അതിൽ കൂടുതലും പ്രായമുള്ള ക്യാൻസറിന്റെ ലക്ഷണങ്ങളില്ലാത്ത സ്ത്രീകൾക്ക് സൗജന്യ മാമോഗ്രാം സ്ക്രീനിങ് നൽകും. ആഗസ്റ്റ് 17, 18 തീയതികളിൽ കൽബ നഗരത്തിലെ സുഹൈല സബർബിലെ താമസക്കാർ സുഹൈല സബർബ് കൗൺസിലിലെ മെഡിക്കൽ മൊബൈൽ ക്ലിനിക്കിലെത്തി പരിശോധനകൾ നടത്തിയിരുന്നു. 24, 25 തീയതികളിൽ ദൈദ് നഗരത്തിലെ അൽ ബുസ്താൻ സബർബ് കൗൺസിലിലുമെത്തി. സെപ്റ്റംബർ 15ന് രാവിലെ 10 മുതൽ വൈകിട്ട് 3വരെ കൽബയിലെ ഷാർജ ലേഡീസ് ക്ലബിൽ ആയിരിക്കും സൗജന്യ പരിശോധന നടക്കുക.
രാജ്യമോ, വരുമാനമോ ഒന്നും പരിഗണിക്കാതെ എല്ലാവർക്കും ഒരുപോലെ സൗജന്യമായി പരിശോധനകൾ നടത്തുന്നു എന്നതാണ് പിങ്ക് കാരവന്റെ സവിശേഷത. യു.എ.ഇ ആരോഗ്യ, പ്രതിരോധ മന്ത്രാലയത്തിന്റെ ലൈസൻസുള്ള സ്വതന്ത്ര മെഡിക്കൽ ഫെസിലിറ്റിക്ക് ഒരു ദിവസം 40 വ്യക്തികളെ പരിശോധിക്കാനുള്ള ശേഷിയുണ്ട്. 2018ലാണ് അത്യാധുനിക മൊബൈൽ ക്ലിനിക്ക് പ്രവർത്തനമാരംഭിക്കുന്നത്.
പിങ്ക് കാരവൻ മെഡിക്കൽ മൊബൈൽ ക്ലിനിക്ക് ഈ വർഷം ആദ്യം മുതൽ, അൽ റഹ്മാനിയ്യ, അൽ സിയൂഹ്, വസീത്, മുവോവൈലെഹ്, കൽദെയ്യ, ഖോർഫക്കൻ, ദിബ്ബ അൽ ഹിസ്ൻ, ഷാർജ ഇന്റർനാഷണൽ എയർപോർട്ട്, അൽ മജാസ് വാട്ടർഫ്രണ്ട് എന്നിവിടങ്ങളിലെ പ്രധാന ലൊക്കേഷനുകൾ കവർ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.