ദുബൈ: ലോകമെമ്പാടുമുള്ള ഒരു ലക്ഷം മലയാളികളെ ദുബൈയിൽ പ്രോപ്പർട്ടി ഉടമകളാക്കാനുള്ള വേറിട്ട പദ്ധതിയുമായി പ്രമുഖ റിയൽ എസ്റ്റേറ്റ് ബ്രോക്കറേജ് സ്ഥാപനമായ അറബ് സോൺ. സാങ്കേതിക വിദ്യയുടെ സഹായത്തോടെ സഹ പങ്കാളിത്തം എന്ന ആശയത്തിലൂടെയാണ് പദ്ധതി നടപ്പാക്കുക. പരമാവധി എട്ടുപേർക്ക് ഒന്നിച്ചുചേർന്ന് ദുബൈയിൽ ഒരു ഫ്ലാറ്റ് വാങ്ങാനാവുന്ന ഈ വ്യവസ്ഥ പ്രകാരം ഒരാൾ ചുരുങ്ങിയത് ഒരു ലക്ഷം ദിർഹം മൂലധനമായി മുടക്കണം.
5000 ദിർഹം മുടക്കി രജിസ്റ്റർ ചെയ്യുന്ന ഒരാൾക്ക് ഏറ്റവും സുതാര്യമായ രീതിയിൽ ഓൺലൈൻ വഴി എല്ലാ നടപടികളും പൂർത്തീകരിക്കാനാവുമെന്നതാണ് ഈ ടെക് സ്റ്റാർട്ടപ്പിന്റെ പ്രത്യേകത. ഇതിലൂടെ വാങ്ങുന്ന യൂനിറ്റ് വാടകക്ക് കൊടുത്തുള്ള വരുമാനവും വിൽപന നടത്തി ലാഭം വീതിച്ചു നൽകുവാനും പദ്ധതി വഴി സാധ്യമാകുമെന്ന് അറബ് സോൺ ഡയറക്ടർ കസീർ കൊട്ടിക്കോള്ളൻ പറഞ്ഞു.
അൽ വഫ ഗ്രൂപ്പുമായി സഹകരിച്ചാണ് പദ്ധതിക്കായി സാങ്കേതിക വിദ്യകൾ നടപ്പാക്കുന്നത്. ലോകത്തെവിടെയുമുള്ള മലയാളിക്കും ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യാമെന്ന് അൽ വഫ ഗ്രൂപ് സ്ഥാപകനും സി.ഇ.ഒയുമായ മുനീർ അൽ വഫ പറഞ്ഞു. പണം മുടക്കുന്നവർക്ക് അതിന്റെ പൂർണമായ ഔദ്യോഗിക രേഖകൾ സ്വന്തമായി ലഭിക്കും.
ദുബൈ സർക്കാർ അംഗീകരിച്ച നിയമ വ്യവസ്ഥയിലൂടെ ആയിരിക്കും മുഴുവൻ നടപടികളും പൂർത്തീകരിക്കുക. രജിസ്റ്റർ ചെയ്യുന്നവർക്ക് കൂടെയുള്ള പങ്കാളികളുടെ എല്ലാ വിവരങ്ങളും നേരത്തേതന്നെ ലഭ്യമാക്കുകയും ചെയ്യും. അറബ് സോൺ സ്ഥാപകനും സി.ഇ.ഒയുമായ റഊഫ്, അൽ വഫ ഗ്രൂപ് ഡയറക്ടർ മുഹമ്മദ് ആദിൽ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.