അബൂദബി: അൽ വത്ബ ഫോസിൽ ഡ്യൂൺസുകൾ സംരക്ഷിക്കാൻ സമഗ്ര പദ്ധതികളുമായി അബൂദബി പരിസ്ഥിതി ഏജൻസി. വിനോദ സഞ്ചാരികളെ ഏറ്റവുമധികം ആകർഷിക്കുന്ന തലസ്ഥാന എമിറേറ്റിലെ അൽ വത്ബ ഫോസിൽ ഡ്യൂൺസ് െസെറ്റിലെ അടിസ്ഥാന സൗകര്യങ്ങൾ, സേവനങ്ങൾ, ടൂറിസം സൗകര്യങ്ങൾ എന്നിവ വികസിപ്പിക്കാനാണ് പദ്ധതി.
പ്രകൃതി സംരക്ഷിക്കാനും പരിസ്ഥിതി ടൂറിസത്തെ പ്രോത്സാഹിപ്പിക്കാനുമായി ഫോസിൽ മൺകൂനകളാൽ നിബിഢമായ സൈറ്റ് പ്രകൃതി സംരക്ഷണ കേന്ദ്രമാക്കും.
പരിസ്ഥിതി, ആവാസ വ്യവസ്ഥകൾ, പ്രകൃതി രൂപങ്ങൾ എന്നിവയാൽ സമ്പന്നമായ അബൂദബിയിലെ ഫോസിൽ മൺകൂനകൾ അത്യപൂർവ മണൽ രൂപങ്ങളാണെന്ന് അബൂദബി പരിസ്ഥിതി ഏജൻസി സെക്രട്ടറി ജനറൽ ഡോ. ഷെയ്ഖ സാലം അൽ ദാഹിരി പറഞ്ഞു.
അൽ വത്ബയിലെ സ്വാഭാവികമായ ഈ മണൽ രൂപങ്ങൾ വളരെ ദുർബലവും നശിച്ചുപോകാൻ സാധ്യതയുള്ളതുമാണ്. അതിനാൽ അബൂദബി പരിസ്ഥിതി ഏജൻസി ബന്ധപ്പെട്ട സർക്കാർ സ്ഥാപനങ്ങളുമായി സഹകരിച്ച് ഫോസിൽ ഡ്യൂൺസുകളുടെ പരിശോധനക്കും നിരീക്ഷണത്തിനും സൈറ്റ് സംരക്ഷണത്തിനും പ്രവർത്തിക്കുന്നു.
ഈ സൈറ്റിനെ പ്രത്യേകം സംരക്ഷിക്കുന്നതിനുള്ള സമഗ്ര പദ്ധതി വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ജൈവവൈവിധ്യ വിദഗ്ധരും എൻജിനീയർമാരും അടങ്ങുന്ന സംഘം മൂന്ന് മാസത്തിനകം 20ലേറെ മൂല്യനിർണയ പരിശോധനകൾ നടപ്പാക്കി. സൈറ്റിെൻറ സുസ്ഥിരത ഉറപ്പുവരുത്താൻ വിവിധ സ്ഥാപനങ്ങളും മറ്റു പ്രധാന പങ്കാളികളുമായും പരിസ്ഥിതി ഏജൻസി ഒട്ടേറെ ചർച്ചകളും നടത്തി.
പരിസ്ഥിതി സംരക്ഷണം ഉറപ്പുവരുത്താനും നിയമ ലംഘനങ്ങൾ തടയാനും സൈറ്റിൽ രാവിലെയും വൈകുന്നേരവും പട്രോളിങ് നടത്തി അബൂദബി പരിസ്ഥിതി ഏജൻസി മോണിറ്ററിങ് പ്രോഗ്രാം തയാറാക്കിയതായി ടെറസ്ട്രിയൽ ആൻഡ് മറൈൻ ബയോഡൈവേഴ്സിറ്റി ആക്ടിങ് എക്സിക്യൂട്ടിവ് ഡയറക്ടർ അഹമ്മദ് അൽ ഹാഷിമിയും ചൂണ്ടിക്കാട്ടി. ഫോസിൽ ഡ്യൂൺസ് സൈറ്റിലെ സമ്മർദങ്ങൾക്ക് വിധേയമാകുന്ന പ്രധാന സ്ഥലങ്ങളിൽ താൽക്കാലിക സൂചനാ ബോർഡുകൾ സ്ഥാപിച്ചു. മാലിന്യ നിർമാർജന കമ്പനിയായ തദ്വീറിെൻറ സഹായത്തോടെ സൈറ്റ് വൃത്തിയാക്കാനും നടപടി സ്വീകരിച്ചു.
പ്രകൃതിയുടെ വരദാനമായ ഫോസിൽ ഡ്യൂൺസ് സൈറ്റിെൻറ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിന് സോഷ്യൽ മീഡിയ കാമ്പയിനും പരിസ്ഥിതി ഏജൻസി ആരംഭിച്ചു. ഇവിടെ പരിപാടികൾ സംഘടിപ്പിക്കുന്നതും മൺകൂനകളിൽ കയറുന്നതും മാലിന്യങ്ങൾ നിക്ഷേപിക്കുന്നതും ഒഴിവാക്കണം.
പ്രകൃതി മനോഹരമായ ഫോസിൽ ഡ്യൂൺസുകളിൽ മാലിന്യങ്ങൾ ഉപേക്ഷിക്കുന്നതും മൺകൂനകളിൽ സന്ദർശകർ വരക്കുന്നതും എഴുതുന്നതും നിയമവിരുദ്ധ നടപടിയാവുമെന്നും പ്രകൃതി കലാശിൽപമായ ഡ്യൂൺസുകളെയും സൈറ്റിെൻറ സൗന്ദര്യാത്മകതയെ നശിപ്പിക്കുകയും ചെയ്യുന്നുവെന്ന് പരിസ്ഥിതി ഏജൻസി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.