ദുബൈ: രക്തസമ്മർദം വലിയ രീതിയിൽ ആരോഗ്യ പ്രശ്നമാകുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടിയുമായി യു.എ.ഇ ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം രംഗത്ത്. ദുബൈയിലെ ഇന്റർനാഷനൽ സൊസൈറ്റി ഓഫ് ഹൈപർ ടെൻഷനുമായി സഹകരിച്ച് രാജ്യത്ത് രോഗം നേരത്തെ തിരിച്ചറിയുന്നതിന് മന്ത്രാലയം കാമ്പയിൻ ആരംഭിച്ചു. ഇതിന്റെ ഭാഗമായി രാജ്യത്തെ വിവിധ ഭാഗങ്ങളിൽ 50,000 പേർക്ക് സൗജന്യ പരിശോധനകൾ നടത്തും. മേയ്, ജൂൺ മാസങ്ങളിലാണ് പരിശോധനാ ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്.
പൊതു, സ്വകാര്യ ആരോഗ്യ സംവിധാനങ്ങൾ, സർവകലാശാലകൾ, ഫാർമസികൾ, എമിറേറ്റ്സ് കാർഡിയാക് സൊസൈറ്റി അടക്കമുള്ള കൂട്ടായ്മകൾ എന്നിവയുമായി സഹകരിച്ചാണ് സൗജന്യ പരിശോധനാ യഞ്ജം സംഘടിപ്പിക്കുന്നത്. രക്തസമ്മർദം പരിശോധന വ്യാപകമാക്കുകയും ആരോഗ്യകരമായ ജീവിതരീതി വളർത്തിയെടുക്കുകയും ചെയ്യുകയാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. 2030 ഓടെ ഉയർന്ന രക്തസമ്മർദത്തിന്റെ ഭീഷണി 30 ശതമാനം കുറക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ വകുപ്പ് അണ്ടർ സെക്രട്ടറി ഷോ. ഹുസൈൻ അൽ റന്ദ് പറഞ്ഞു. ചികിത്സയേക്കാൾ നേരത്തെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കുന്ന സമീപനം സ്വീകരിച്ച് ലക്ഷ്യം നേടിയെടുക്കാനാണ് പദ്ധതികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. 2017ലാണ് കാമ്പയിനിന്റെ ആദ്യഘട്ടം ആരംഭിച്ചത്. 2018ലും 2019ലും കാമ്പയിൻ സർക്കാർ ഏജൻസികളുടെയും സ്വകാര്യ മേഖലയുടെയും സഹകരണത്തിൽ പദ്ധതി നടപ്പിലാക്കിയിരുന്നു. കോവിഡിന് ശേഷം ആദ്യമായാണ് വീണ്ടും കാമ്പയിൻ ഒരുക്കുന്നത്.
2019ൽ ദുബൈയിൽ 2530 പേരിൽ നടത്തിയ ഗാർഹിക ആരോഗ്യ സർവേയിൽ 38 ശതമാനം പുരുഷന്മാർക്കും 16 ശതമാനം സ്ത്രീകൾക്കും ഹൈപർ ടെൻഷനുള്ളതായി കണ്ടെത്തിയിരുന്നു. ലോകത്താകമാനം നൂറുകോടി പേർക്ക് രക്തസമ്മർദവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുണ്ടെന്നാണ് കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.