ദുബൈ: കേരള സിലബസ് പ്ലസ് ടു പരീക്ഷഫലം ബുധനാഴ്ച പ്രഖ്യാപിക്കാനിരിക്കെ പ്രതീക്ഷയോടെ യു.എ.ഇയിലെ വിദ്യാർഥികൾ. യു.എ.ഇ സമയം 1.30 ഓടെയാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തുക.
കോവിഡും നിയമസഭ തെരഞ്ഞെടുപ്പും കാരണം ഇത്തവണ പരീക്ഷകൾ വൈകിയിരുന്നു. ജൂലൈ 15ന് പ്രാക്ടിക്കൽ പരീക്ഷ അവസാനിച്ച് 15 ദിവസത്തിനകമാണ് ഫലപ്രഖ്യാപനം വരുന്നത്. മൂല്യനിർണയവും ടാബുലേഷനും അതത് സ്കൂളുകളിൽനിന്ന് തന്നെയാണ് ഇത്തവണ ചെയ്തത്. യു.എ.ഇയിൽ എട്ട് സ്കൂളുകളിലായി 460 കുട്ടികളാണ് ഇത്തവണ പരീക്ഷക്ക് രജിസ്റ്റർ ചെയ്തത്. ഇവരിൽ ഏഴുപേർ കോവിഡ് കാരണം പരീക്ഷ എഴുതിയില്ല.
92 പേർ രജിസ്റ്റർ ചെയ്ത ദുബൈയിലെ ന്യൂ ഇന്ത്യൻ മോഡൽ സ്കൂളിലാണ് കൂടുതൽ പേർ പരീക്ഷക്കിരുന്നത്. ഇവരിൽ രണ്ടുപേർ കഴിഞ്ഞ വർഷം ഒരുവിഷയമോ മറ്റോ നഷ്ടപ്പെട്ട് വീണ്ടും പരീക്ഷ എഴുതുന്നവരാണ്. ദുബൈ ഗൾഫ് മോഡൽ സ്കൂൾ-76, അബൂദബി ദ മോഡൽ സ്കൂൾ-83, ഷാർജ ദ ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ-41, അൽ ഐൻ ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ-14, റാസൽഖൈമ ന്യൂ ഇന്ത്യൻ എച്ച്.എസ്.എസ്- 58, ഉമ്മുൽഖുവൈൻ ദ ഇംഗ്ലീഷ് സ്കൂൾ-58, ഫുജൈറ ദ ഇന്ത്യൻ സ്കൂൾ-38 എന്നിങ്ങനെയാണ് പരീക്ഷക്ക് രജിസ്റ്റർ ചെയ്തവരുടെ എണ്ണം.
അബൂദബി ദ മോഡൽ സ്കൂളിലെ മൂന്നുപേരും റാസൽഖൈമ ന്യൂ ഇന്ത്യൻ എച്ച്.എസ്.എസിലെ നാലുപേരുമാണ് കോവിഡ് കാരണമായി പരീക്ഷക്കിരിക്കാൻ സാധിക്കാത്തത്.ഇത്തവണ പത്താം ക്ലാസ് പരീക്ഷ ഫലം റെക്കോഡ് വിജയം രേഖപ്പെടുത്തിയ സാഹചര്യത്തിൽ, പ്ലസ് ടുവിലും വിജയശതമാനവും എ പ്ലസുകാരും വർധിക്കുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.