ദുബൈ: വയനാട് ദുരന്തബാധിതർക്ക് 50 വീടുകൾ നിർമിച്ചു നൽകുമെന്ന് പ്രവാസി വ്യവസായിയും ദുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ശോഭ ഗ്രൂപ്പിന്റെ ചെയർമാനുമായ പി.എൻ.സി. മേനോൻ പ്രഖ്യാപിച്ചു. ‘ഈ ദുരന്ത വേളയിൽ വയനാട്ടിലെ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണ്.
50 വീടുകൾ നിർമിച്ചു നൽകുന്നതിലൂടെ ദുരന്തബാധിതരായ കുടുംബങ്ങൾക്ക് അടിയന്തര ആശ്വാസം മാത്രമല്ല, ദീർഘകാല പിന്തുണയാണ് ലക്ഷ്യമിടുന്നത്. ഖലീജ് ടൈംസിന് നൽകിയ അഭിമുഖത്തിൽ പി.എൻ.സി. മേനോൻ പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തുകയാണ്. നിഷ്പക്ഷമായ മാനദണ്ഡങ്ങളിലൂടെയായിരിക്കും ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുക.
ഇതുവഴി ഏറ്റവും കൂടുതൽ സഹായം ആവശ്യമുള്ളവർക്ക് അത് എത്തിക്കാൻ കഴിയും. വയനാട്ടിൽ 50 വീടുകൾ നിർമിച്ചു നൽകുന്നതിന് പുറെമ പാലക്കാട് ജില്ലയിലെ അധസ്ഥിതരായ ജനങ്ങൾക്ക് ശോഭ ഗ്രൂപ് 1000 വീടുകളും നിർമിച്ചു നൽകുന്നുണ്ട്. ശ്രീ കുറുമ്പ എജുക്കേഷൻ ആൻഡ് ചാരിറ്റബ്ൾ ട്രസ്റ്റിന്റെ മേൽനോട്ടത്തിലാണ് ഈ വീടുകളുടെ നിർമാണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പി.എൻ.സി. മേനോനെ കൂടാതെ ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി, ആർ.പി ഗ്രൂപ് ചെയർമാൻ രവി പിള്ള എന്നിവരും വി.പി.എസ് ഹെൽത്ത് കെയർ, ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ തുടങ്ങിയ സ്ഥാപനങ്ങളും പ്രവാസി സംഘടനകളും സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. കേരളം കണ്ട ഏറ്റവും വലിയ ഉരുൾപൊട്ടൽ ദുരന്തത്തിൽ 300ലധികം പേർ മരിക്കുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കാണാതായ നിരവധി പേരെ ഇനിയും കണ്ടെത്താനായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.