ദുബൈ: ഒരുപതിറ്റാണ്ട് പിന്നിട്ട 'കള്ളനും പൊലീസും' കളിയിൽ അധോലോക-മയക്കുമരുന്ന് മാഫിയത്തലവനായ ഫ്രഞ്ചുകാരന് ദുബൈ പൊലീസ് കൈവിലങ്ങ് അണിയിച്ചപ്പോൾ തുണയായത് നൂതന സാങ്കേതികവിദ്യ. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് (നിർമിത ബുദ്ധി) സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് മയക്കുമരുന്ന് ലോകത്തെ ഡോണായി വിലസിയ ഫ്രഞ്ച് പൗരൻ 39കാരനായ മൗഫിദെ ബൗച്ചിബിയെ ദുബൈ പൊലീസ് കുടുക്കിയത്. 20 വർഷം മുമ്പുള്ള ഫോട്ടോ നിർമിത ബുദ്ധി സാങ്കേതികവിദ്യയിലൂടെ പുന:സൃഷ്ടിച്ച് കൊടും കുറ്റവാളിയെ കീഴടക്കിയതോടെ ലോകത്തിലെ നിയമപാലന രംഗത്ത് ദുബൈ പൊലീസ് മിന്നുംതാരമായി മാറി.
അടുത്തിടെ ബൗച്ചിബി യു.എ.ഇയിലേക്ക് കടക്കുന്നതിനിടെ ഇൻറർപോളിൽനിന്ന് ദുബൈ പൊലീസിന് റെഡ് നോട്ടീസ് ലഭിച്ചിരുന്നു. എന്നാൽ, വ്യാജ തിരിച്ചറിയൽ കാർഡുകൾ നിർമിച്ച് ഇദ്ദേഹം മുങ്ങിനടക്കുകയായിരുന്നു. ഫ്രാൻസിലെ മോസ്റ്റ് വാണ്ടഡ് കുറ്റവാളിയെ വലയിലാക്കാൻ വളരെ ആസൂത്രിതമായ പദ്ധതി തയാറാക്കിയ ദുബൈ പൊലീസ്, ഒരു സംഘത്തെ തന്നെ വിന്യസിച്ചാണ് ഓപറേഷന് തുടക്കമിട്ടത്. പിന്നാലെ സാങ്കേതികവിദ്യയുടെ സഹായത്തോടെ ക്രിമിനൽ ഡാറ്റ അനാലിസിസ് സെൻറർ സ്ഥാപിക്കുകയും ചെയ്തു.
ഇൻറർപോളിൽനിന്ന് റെഡ് നോട്ടീസ് ലഭിച്ചയുടൻ, വ്യാജ ഐഡൻറിറ്റിയിലാണ് അദ്ദേഹം രാജ്യത്ത് പ്രവേശിച്ചിരിക്കുന്നതെന്ന് വ്യക്തമായി. പല പേരുകളിലും ഒളിച്ചിരിക്കുകയായിരുന്ന ഇദ്ദേഹം, ചില അവസരങ്ങളിൽ രാജ്യത്ത് നിലവിലില്ലെന്നുവരെ വിശ്വസിപ്പിക്കുന്ന തരത്തിൽ പെരുമാറി. ഇത് ഞങ്ങളുടെ ഡിറ്റക്ടിവുകൾക്ക് വലിയ വെല്ലുവിളിയായിരുന്നു.
ഫ്രഞ്ച് ഡിറ്റക്ടിവുകളുടെ കൈവശം 20 വർഷത്തിലേറെ മുമ്പുള്ള ബൗച്ചിബിയുടെ ഫോട്ടോ മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും, ഇദ്ദേഹം എവിടെയാണെന്ന് തിരിച്ചറിയാൻ ഞങ്ങളുടെ ടീമുകൾക്ക് കഴിഞ്ഞു. ലഭ്യമായ ഡാറ്റകൾവെച്ച് സംശയാസ്പദമായ ചിത്രങ്ങളും വിഡിയോകളും വിശകലനം ചെയ്യുന്നതിനായി ഏറ്റവും പുതിയ നിർമിതബുദ്ധി സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തിയാണ് ഒടുവിൽ കുറ്റവാളിയെ കണ്ടെത്തിയതും ദുബൈ പൊലീസ് കീഴടക്കിയതും -ദുബൈ പൊലീസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപ്പാർട്മെൻറ് ഡയറക്ടർ ബ്രിഗേഡിയർ ജമാൽ സാലിം അൽ ജല്ലഫ് പറഞ്ഞു.
യൂറോപ്പിലുടനീളം 70 മില്യൺ യൂറോ (82.6 മില്യൺ ഡോളർ) വാർഷിക വിപണി മൂല്യമുള്ള മയക്കുമരുന്ന് കടത്ത് നിയന്ത്രിച്ചിരുന്നത് ബൗച്ചിബിയായിരുന്നു. എല്ലാ വർഷവും യൂറോപ്പിൽനിന്ന് 60 ടൺ ലഹരിമരുന്ന് ഇറക്കുമതി ചെയ്യുന്നുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. വിപണയിലെത്തുന്ന ലഹരിക്കടത്തിെൻറ പ്രധാന ഏജൻറുമാരിലൊരാളും ബൗബിച്ചിയാണ്. ബൗച്ചിബിയെ തുടർ നിയമനടപടികൾക്കായി പബ്ലിക്ക് പ്രോസിക്യൂഷന് കൈമാറും. ഇൻറർപോളുമായി ബന്ധപ്പെടുകയും ചെയ്തിട്ടുണ്ടെന്ന് ദുബൈ പൊലീസ് അറിയിച്ചു.
ഇൻറർപോളുമായുള്ള നിലവിലുള്ള കരാറുകൾ പ്രകാരം അദ്ദേഹത്തെ കൈമാറുന്നത് സംബന്ധിച്ച് നീതിന്യായ മന്ത്രാലയം തീരുമാനിക്കുമെന്നും പൊലീസ് വ്യക്തമാക്കി. കുറ്റാന്വേഷണത്തിന് സാങ്കേതികവിദ്യ ഫലപ്രദമായി പ്രയോജനപ്പെടുത്തിയ ദുബൈ പൊലീസ് നടപടിയെ ഫ്രഞ്ച് ജുഡീഷ്യറി പൊലീസ് സെൻട്രൽ ഡയറക്ടർ ജെറോമി ബോണെറ്റ് പ്രശംസിച്ചു. ഫ്രഞ്ച് ആൻറി നാർകോട്ടിക്സ് ഏജൻസിയും ദുബൈ പൊലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് ബൗച്ചിബിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.