ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ പബ്ലിക്കേഷൻ കമ്മിറ്റി പ്രവർത്തനോദ്ഘാടനം സുഭാഷ് ചന്ദ്രൻ നിർവഹിക്കുന്നു

രാഷ്ട്രീയ നേതൃത്വത്തിന് സർഗാത്മകത നഷ്ടമായി -സുഭാഷ് ചന്ദ്രൻ

ഷാർജ: പുതിയ കാലത്തെ രാഷ്ട്രീയ നേതാക്കൾക്ക് പ്രസംഗങ്ങളിലോ പ്രവർത്തനങ്ങളിലോ സർഗാത്മകത ഇല്ലെന്ന് എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ പറഞ്ഞു. ഷാർജ ഇന്ത്യൻ അസോസിയേഷൻ പബ്ലിക്കേഷൻ കമ്മിറ്റി പ്രവർത്തനോദ്ഘാടനം നിർവഹിക്കുകയിരുന്നു അദ്ദേഹം. 'എന്‍റെ ജീവിതമാണ് എന്‍റെ സന്ദേശം' എന്ന് ഗാന്ധിജി സ്വന്തം ജീവിതത്തിൽ തൊട്ടുപറഞ്ഞു. എന്നാൽ, പുതിയ നേതാക്കൾക്കോ ഭരണാധികാരികൾക്കോ അങ്ങനെ പറയാനുള്ള ആർജവമില്ല. ഗാന്ധിജി വെടിയേറ്റു മരിച്ചപ്പോൾ 'ഈ പ്രപഞ്ചത്തിലെ വെളിച്ചം കെട്ടുപോയി' എന്നാണ് നെഹ്‌റു പറഞ്ഞത്. ആ വാക്കുകൾക്കുപോലും മഹത്വമുണ്ടെന്നും സുഭാഷ് ചന്ദ്രൻ വ്യക്തമാക്കി.

നാടകം എന്ന വാക്ക് അസഭ്യമെന്നു വിധി പ്രസ്താവിച്ച നേതൃത്വമാണ് നമ്മളെ ഇപ്പോൾ ഭരിക്കുന്നത്. സ്വന്തം ഇഷ്ടപ്രകാരം വാക്കുകളെ സഭ്യവും അസഭ്യവുമായി വേർതിരിക്കുന്ന ഭരണകൂടം ഇന്ത്യയെ എങ്ങോട്ടേക്കാണ് നയിക്കുന്നതെന്ന ആശങ്കയുണ്ടാവുകയാണെന്നും സുഭാഷ് ചന്ദ്രൻ അഭിപ്രായപ്പെട്ടു. പ്രസിഡന്‍റ് അഡ്വ. വൈ.എ. റഹീം അധ്യക്ഷത വഹിച്ചു. മാധ്യമപ്രവർത്തകൻ രമേശ് പയ്യന്നൂരിന് യാത്രയയപ്പ് നല്‍കി.

പബ്ലിക്കേഷൻ കമ്മിറ്റി പ്രസിദ്ധീകരിച്ച ന്യൂസ് ബുള്ളറ്റിൻ സുഭാഷ് ചന്ദ്രൻ പ്രകാശനം ചെയ്തു. ഭാരവാഹികളായ ടി.വി. നസീർ, ശ്രീനാഥ് കാടഞ്ചേരി, മാത്യു ജോൺ, മനോജ് വർഗീസ്, ബാബു വർഗീസ്, പബ്ലിക്കേഷന്‍ കമ്മിറ്റി കോഓഡിനേറ്റർ സുനിൽ രാജ്, കൺവീനർ റെജി മോഹൻ നായർ എന്നിവർ സംസാരിച്ചു.

കുട്ടികൾക്ക് വിവിധ വിഭാഗങ്ങളിലായി സംഘടിപ്പിച്ച ചിത്രരചന മത്സരത്തിൽ സീനിയർ വിഭാഗത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടിയ ഫാത്തിമ റിസ്വിൻ, സുജേത പ്രിയ, അർഫിയ മുഹമ്മദ് ഇർഫാൻ എന്നിവർക്കും അബിയ സൂസൻ വർഗീസ്, ആൻ മേരി സിൽജു, അനന്യ രാജ് (ജൂനിയർ), പർണിത പ്രദീപ്, മഹിത് അയ്യർ, ആൻസ്റ്റൽ ഷായ് ക്രസ്റ്റോ (സബ് ജൂനിയർ) എന്നിവർക്കുമുള്ള സമ്മാനങ്ങളും വിധികർത്താക്കളായ സദാശിവൻ അമ്പലമേട്, സജീബ്ഖാൻ, ഹരികൃഷ്ണൻ എന്നിവർക്കുള്ള ഉപഹാരങ്ങളും സമ്മാനിച്ചു. 

Tags:    
News Summary - Political leadership has lost its creativity - Subhash Chandran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.