ദുബൈ: മധ്യപ്രദേശിലെ ഇന്ദോറിൽ നടക്കുന്ന പ്രവാസി ഭാരതീയ ദിവസിൽ പങ്കെടുക്കാൻ യു.എ.ഇയിൽനിന്ന് പ്രതിനിധികളുടെ ഒഴുക്ക്. 800ൽ കൂടുതൽ ആളുകളാണ് യു.എ.ഇയിൽനിന്ന് ഇന്ദോറിൽ എത്തിയിരിക്കുന്നത്. 3500 പേർ രജിസ്റ്റർ ചെയ്ത പരിപാടിയിൽ ഏറ്റവും കൂടുതൽ പ്രതിനിധികളുള്ളത് യു.എ.ഇയിൽനിന്നാണ്. സാമൂഹിക പ്രവർത്തകർ, സംഘടന പ്രതിനിധികൾ, വ്യവസായികൾ, രാഷ്ട്രീയ പ്രവർത്തകർ, വിദ്യാർഥികൾ തുടങ്ങിയവരെല്ലാം ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നു. പ്രവാസികളുമായി ബന്ധപ്പെട്ട വിഷയങ്ങൾ സർക്കാറിന്റെ ശ്രദ്ധയിൽപെടുത്താനും ഗൾഫിലെ പുതിയ സാധ്യതകൾ പങ്കുവെക്കാനും മന്ത്രിമാർ ഉൾപ്പെടെയുള്ളവരുമായി കൂടിക്കാഴ്ച നടത്താനുമുള്ള അവസരമായി ഉപയോഗപ്പെടുത്താൻ ലക്ഷ്യമിട്ടാണ് പലരും ഇന്ദോറിൽ എത്തിയിരിക്കുന്നത്. യു.എ.ഇയിൽനിന്ന് ബോറോ വിഭാഗം അംഗങ്ങളും എത്തിയിട്ടുണ്ട്.
200ഓളം വിദ്യാർഥികളാണ് യു.എ.ഇയിൽനിന്ന് എത്തിയിരിക്കുന്നത്. ആദ്യമായാണ് ഇത്രയധികം വിദ്യാർഥികൾ യു.എ.ഇയിൽനിന്ന് കൺവെൻഷനിൽ പങ്കെടുക്കാൻ പുറപ്പെടുന്നത്. വിവിധ സ്കൂളുകളിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളാണിവർ. കൺവെൻഷനിലെ വിവിധ സെഷനുകളിൽ പങ്കെടുക്കാൻ ഇവർക്ക് അവസരം ലഭിക്കും. മന്ത്രിമാരായ അനുരാഗ് ഠാകുർ, വി. മുരളീധരൻ തുടങ്ങിയവരുമായി കഴിഞ്ഞ ദിവസം ഇവർ കൂടിക്കാഴ്ച നടത്തി. 100ൽ കൂടുതൽ ബ്ലൂ കോളർ തൊഴിലാളികളും ഇന്ദോറിൽ എത്തിയിട്ടുണ്ട്. സ്ഥാപനങ്ങളാണ് ഇവർക്കുള്ള യാത്രയൊരുക്കിയത്. പതിറ്റാണ്ടുകളായി പ്രവാസ ലോകത്ത് ജോലി ചെയ്യുന്ന തുച്ഛവരുമാനക്കാരായവരാണ് കൂടുതലും. ഷാർജ ഇന്ത്യൻ അസോസിയേഷനെ പ്രതിനിധാനം ചെയ്ത് 21 പേരാണ് പങ്കെടുക്കുന്നത്. യു.എ.ഇയിലെ മറ്റു മലയാളി കൂട്ടായ്മകളും പ്രതിനിധികളെ അയച്ചിട്ടുണ്ട്.
എം.എ. യൂസുഫലി പങ്കെടുക്കും
ദുബൈ: പ്രവാസി ഭാരതീയ ദിവസിലെ പ്ലീനറി സെഷനിൽ ചൊവ്വാഴ്ച ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി പങ്കെടുക്കും. ‘ഇന്ത്യൻ തൊഴിലന്വേഷകരുടെ ആഗോള സ്വീകാര്യതക്ക് ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ പങ്ക്’ വിഷയത്തിൽ നടക്കുന്ന സെഷനിലാണ് അദ്ദേഹം പങ്കെടുക്കുന്നത്.
കേന്ദ്ര വിദ്യാഭ്യാസ-നൈപുണ്യ വികസന മന്ത്രി ധർമേന്ദ്ര പ്രധാൻ അധ്യക്ഷത വഹിക്കുന്ന സെഷനിൽ മൊറീഷ്യസ് സാമൂഹിക ഉദ്ഗ്രഥന-സുരക്ഷ മന്ത്രി ഫാസില ജീവ ദൗരിയാവു, എസ്.ബി.ഐ ഇന്ത്യ സെക്യൂരിറ്റീസ് ബോർഡ് മെംബർ സഞ്ജീവ് സിൻഹ, ആസ്ട്രേലിയ-ഇന്ത്യ ബിസിനസ് കൗൺസിൽ ചെയർപേഴ്സൻ ഷെബ നന്ദ്ക്യോലാർ, സൗദി ഇറാം ഗ്രൂപ് ചെയർമാൻ സിദ്ദീഖ് അഹമ്മദ്, ജോർഡനിലെ മുൻ ഇന്ത്യൻ സ്ഥാനപതി അനിൽ ത്രിഗുണായത്, ബ്രിട്ടനിലെ സ്വാഗത് ടി.വി ഡയറക്ടർ കുൽദീപ് സിങ് ഷെഖാവത് എന്നിവരും പങ്കെടുക്കും.
ദുബൈയിലെ മുൻ ഇന്ത്യൻ കോൺസുൽ ജനറലും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലെ ജോയന്റ് സെക്രട്ടറിയുമായ (ഗൾഫ്) വിപുൽ മോഡറേറ്ററാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.