ദുബൈ: മധ്യപ്രദേശിലെ ഇന്ദോറിൽ നടക്കുന്ന പ്രവാസി ഭാരതീയ ദിവസിൽ പ്രവാസി വിഷയങ്ങളുന്നയിച്ച് യു.എ.ഇയിൽ നിന്നെത്തിയ പ്രതിനിധികൾ. വിമാന നിരക്ക് വർധന, കണ്ണൂർ വിമാനത്താവളം, പ്രവാസി വോട്ട് തുടങ്ങിയ വിഷയങ്ങളെല്ലാം ഇവിടെ ഉന്നയിച്ചു. ‘ഇന്ത്യൻ തൊഴിലാളികളുടെ ആഗോള സ്വീകാര്യതക്ക് പ്രവാസി ഇന്ത്യക്കാരുടെ പങ്ക്’ എന്ന വിഷയത്തിൽ നടന്ന സെഷനിലാണ് പ്രവാസി മലയാളികളെ പ്രതിനിധാനംചെയ്ത് ചോദ്യങ്ങൾ ഉയർന്നത്. യു.എ.ഇയിൽ നിന്നെത്തിയ വിവിധ സംഘടനകളുടെ പ്രതിനിധികളാണ് വിഷയങ്ങളുന്നയിച്ചത്. വിവിധ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത സെഷനിൽ ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലിയും വേദിയിലുണ്ടായിരുന്നു.
മധ്യപ്രദേശിലേക്ക് യൂസുഫലിയെ ക്ഷണിച്ച് മുഖ്യമന്ത്രി
ദുബൈ: പ്രവാസി ഭാരതീയ ദിവാസിന് ഇന്ദോറിലെത്തിയ ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാനുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തെ ഭക്ഷ്യ സംസ്കരണ, ലോജിസ്റ്റിക്സ്, റീട്ടെയിൽ മേഖലകളിൽ നിക്ഷേപിക്കാൻ യൂസുഫലിയെ മുഖ്യമന്ത്രി ക്ഷണിച്ചു. സർക്കാറിന്റെ എല്ലാ സഹകരണവും ഇക്കാര്യത്തിൽ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ നിക്ഷേപവുമായി ബന്ധപ്പെട്ട കൂടുതൽ ചർച്ചകൾ അടുത്തുതന്നെ നടത്തുമെന്നും യൂസുഫലി അറിയിച്ചു. സംസ്ഥാന വ്യവസായ വകുപ്പ് ഉദ്യോഗസ്ഥർക്കുപുറമെ ലുലു ഗ്രൂപ് ഇന്ത്യ ഡയറക്ടർ എ.വി. ആനന്ദ് റാം, സി.ഒ.ഒ രജിത്ത് രാധാകൃഷ്ണൻ എന്നിവരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.