അനാദിക്കടയിലെ കടം, അടച്ചുറപ്പുള്ള വീട്, മക്കളുടെ പഠനം, കല്യാണം... പിന്നെ നടന്നു കൊതിതീരാമണ്ണിലേക്ക് സമാധാനത്തോടെ മടക്കം -ഇതുപോലുള്ള ചെറിയ വലിയ മോഹങ്ങളും ചേർത്തുപിടിച്ചാണ് ഒാരോ പ്രവാസിയും നാടും വീടും വിട്ട്, കാതങ്ങൾ കടന്ന് കടൽതാണ്ടി മരുഭൂമിയിലേക്ക് ചേക്കേറുന്നത്. ഇടുങ്ങിയ മുറികളിലെ അട്ടിക്കട്ടിലിൽ തളർന്നുറങ്ങുേമ്പാഴും ഉറക്കംവരാതെ കിടക്കുേമ്പാഴും അവർ കാണുന്ന കിനാക്കളിലെല്ലാം നാടു മാത്രമാണ്. മാതാപിതാക്കളുടെ മരുന്നിനും കുടുംബാംഗങ്ങളുടെ ഭക്ഷണത്തിനുമുള്ള വകമാത്രമല്ല അവർ തേടിയിരുന്നത്.
പള്ളികൾക്കും പള്ളിക്കൂടങ്ങൾക്കും വായനശാലകൾക്കും പാലിയേറ്റിവ് കേന്ദ്രങ്ങൾക്കും കെട്ടിടങ്ങൾ പടുത്തത് പ്രവാസിയുടെ വിയർപ്പും രക്തവും ചേർത്ത ചാന്തിൻകൂട്ടുകൊണ്ടാണ്. പാർട്ടി സമ്മേളനങ്ങൾക്കും ഉത്സവങ്ങൾക്കും നാടിനാഘോഷങ്ങൾക്കും ആയിരം കാതമകലെയിരുന്ന് അവർ കൊടിതോരണങ്ങളുയർത്തി. നാടിനെ അത്രമേൽ പ്രണയിക്കയാൽ പ്രളയകാലങ്ങളിൽ വീട്ടുചെലവിന് പണമയക്കാതെ പോലുമവർ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയയച്ചു. ഇപ്പോൾ ആഗോള ആരോഗ്യ-സാമ്പത്തിക അടിയന്തരാവസ്ഥയുടെ പശ്ചാത്തലത്തിൽ ജോലി നഷ്ടപ്പെട്ടും ആരോഗ്യം ക്ഷയിച്ചും നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന അവരെ അന്യരായി കണ്ട് അകറ്റിനിർത്തുേമ്പാൾ റദ്ദുചെയ്യപ്പെടുന്നത് നമ്മൾ ഉദ്ഘോഷിക്കുന്ന നവോത്ഥാനമൂല്യങ്ങൾ തന്നെയാണ്.
ലോകത്തിെൻറ വിവിധ കോണുകളിൽനിന്നുള്ള മനുഷ്യർ താമസിക്കുകയും സഞ്ചരിക്കുകയും ചെയ്യുന്ന പല ഗൾഫ്രാജ്യങ്ങളിലും സ്വദേശി ജനസംഖ്യയേക്കാളേറെയുണ്ട് ഇന്ത്യക്കാർ. കോവിഡ് വ്യാപനത്തെ തുടർന്ന് രോഗബാധിതരായവരിലും ഇന്ത്യക്കാരുടെ എണ്ണം കൂടുതലായിരുന്നു. സ്വന്തം ജനതയെന്ന മട്ടിൽ ചേർത്തുപിടിച്ചാണ് ഇൗ നാടുകളിലെ ഭരണകൂടങ്ങൾ ചികിത്സാ സൗകര്യങ്ങളൊരുക്കിയത്. അസുഖ വ്യാപനം അധികരിക്കുന്നതിനുമുമ്പ് നാടണയാൻ പലരും ആഗ്രഹിച്ചിരുന്നെങ്കിലും കോവിഡ് പ്രതിസന്ധിയുടെ തുടക്കത്തിൽ ഇന്ത്യയിൽ മുന്നറിയിപ്പില്ലാതെ പ്രഖ്യാപിക്കപ്പെട്ട അശാസ്ത്രീയ ലോക്ഡൗണും ആകാശവിലക്കും യാത്രമുടക്കി. ഏറെ വൈകി പരിമിതമായ എണ്ണം വിമാനങ്ങൾ അനുവദിക്കപ്പെടുേമ്പാഴേക്ക് നാടണയാൻ കാത്തിരുന്നവരിൽ ചിലർ പാസ്പോർട്ടും വിസയും വേണ്ടാത്ത ലോകം പുൽകിയിരുന്നു.
കോവിഡിനെക്കാളേറെ നമ്മുടെ സർക്കാറും സ്വന്തം ജനതയും പുലർത്തുന്ന കൂർത്ത അവഗണനയിൽ തട്ടി ഹൃദയധമനികൾ പൊട്ടിയാണ് ഒാരോ ദിവസവും പ്രവാസികൾ മരിച്ചുകൊണ്ടിരിക്കുന്നത്. ചാർേട്ടഡ് വിമാനങ്ങൾക്ക് തടസ്സവാദം തീർത്തും ക്വാറൻറീൻ വാഗ്ദാനങ്ങളിൽനിന്ന് ഒളിച്ചോടിയും കോവിഡ് പരിശോധനയുടെ പേരിൽ അനാവശ്യ ആശയക്കുഴപ്പങ്ങൾ തീർത്തും ഒാരോ ദിവസവും ഒരുപാടുപേരെ മരണമുനമ്പിലേക്ക് തള്ളിവിടുന്നുണ്ട് സർക്കാർ. മറുനാട്ടിൽ മരിച്ചുപോയ മനുഷ്യരുടെ കുടുംബങ്ങൾക്ക് ആശ്വാസ നടപടികളൊരുക്കാൻ ഇനി ഒരുനിമിഷംപോലും വൈകിക്കൂടാ.ഭരണകൂടങ്ങളും പൊതുസമൂഹവും പുലർത്തുന്ന ക്രൂരമായ അനാസ്ഥ തിരുത്തണം, ഇനിയും കുഞ്ഞുങ്ങൾ അനാഥമാകുന്നത് തടയണം.
-സവാദ് റഹ്മാൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.