ദുബൈ: ഗൾഫ് നാടുകളിലേത് ഉൾപ്പെടെ പ്രവാസി മലയാളികൾക്ക് സംസ്ഥാന സർക്കാറിനു കീഴിലെ റവന്യൂ, സർവേ വകുപ്പുകളുമായി ബന്ധപ്പെട്ട സേവനങ്ങൾ പൂർത്തിയാക്കുന്നതിനായി ‘പ്രവാസി മിത്രം’ഓൺലൈൻ സംവിധാനമെത്തുന്നു. ​ഗൾഫിലെയും മറ്റും പ്രവാസികൾ ദീർഘകാലമായി ഉന്നയിക്കുന്ന ആവശ്യങ്ങളുടെ ഫലമായാണ് റവന്യൂ, സർവേ വകുപ്പുകളുമായി ബന്ധപ്പെട്ട അപേക്ഷകൾ യഥാസമയം തീർപ്പാക്കുന്ന ഓൺലൈൻ പോർട്ടൽ സംവിധാനം ഒരുക്കുന്നത്. ഇതിന്റെ ഉദ്ഘാടനം മേയ് 17ന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം നിയമസഭ മന്ദിരത്തിൽ നിർവഹിക്കും.

പ്രവാസികൾക്ക് നാട്ടിലെ വസ്തു സംബന്ധമായ പോക്കുവരവ് നടപടി ക്രമങ്ങൾ, വിവിധ രേഖകൾ, മക്കളുടെ ഉന്നത പഠനം, തൊഴിൽ ആവശ്യം എന്നിവക്ക് വില്ലേജ് ഓഫിസ്, താലൂക്ക് ഓഫിസ് എന്നിവിടങ്ങളിൽ സർട്ടിഫിക്കറ്റുകൾക്കായി നൽകിയ അപേക്ഷ സംബന്ധിച്ച തുടർനടപടികൾക്ക് സഹായം നൽകുന്നതാവും ‘പ്രവാസി മിത്രം’ഓൺലൈൻ പോർട്ടൽ.

റവന്യൂ- സർവേ വകുപ്പുകളുമായി ബന്ധപ്പെട്ട പ്രവാസികളുടെ അപേക്ഷകളും പരാതികളും നിവേദനങ്ങളും സ്വീകരിക്കുന്നതിനും അവയിൽ സ്വീകരിക്കുന്ന നടപടികൾ യഥാസമയം അറിയിക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് റവന്യൂ വകുപ്പ് തയാറെടുക്കുന്ന ‘പ്രവാസി മിത്രം’ഓൺലൈൻ പോർട്ടൽ.

ഈ സംവിധാനത്തിലൂടെ പ്രവാസികൾക്ക് റവന്യൂ- സർവേ വകുപ്പുകളുമായി ബന്ധപ്പെട്ട് സമർപ്പിച്ച അപേക്ഷകളുടെ തൽസ്ഥിതി അറിയാനും പരാതി സമർപ്പിക്കാനും സാധിക്കും. ലഭിക്കുന്ന അപേക്ഷകളും പരാതികളും കൈകാര്യം ചെയ്യുന്നതിന് ജില്ല കലക്ടറേറ്റുകളിൽ ഡെപ്യൂട്ടി കലക്ടറുടെ നേതൃത്വത്തിലും, ലാൻഡ് റവന്യൂ കമീഷണറുടെ കാര്യാലയത്തിൽ അസി.കമീഷണറുടെ നേതൃത്വത്തിലുമായി പ്രവാസി സെല്ലും പ്രത്യേകം പ്രവർത്തിക്കും.

‘പ്രവാസി മിത്രം’വഴി ലഭിക്കുന്ന അപേക്ഷ കൈകാര്യം ചെയ്ത് പുരോഗതി യഥാസമയം രേഖപ്പെടുത്തുന്നതിനായി ഓരോ റവന്യൂ- സർവേ ഓഫിസിലും പ്രത്യേക നോഡൽ ഓഫിസർമാരെയും നിയമിക്കും. 2020 ജനുവരിയിൽ നടന്ന ലോക കേരളസഭയിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഉന്നയിച്ച​ പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു റവന്യൂ, സർവേ വകുപ്പുകളുമായി ബന്ധപ്പെട്ട് പ്രവാസികൾക്ക് തങ്ങൾ ജോലിചെയ്യുന്ന നാടുകളിൽ നിന്നു തന്നെ പരാതി സമർപ്പിക്കാൻ സൗകര്യം വേണമെന്നത്.

കഴിഞ്ഞ വർഷം നടന്ന ലോക കേരളസഭയിൽ ഈ വിഷയത്തിൽ ഉടൻ പരിഹാരം എന്ന നിലയിൽ ഓൺലൈൻ സംവിധാനം ഒരുക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ വ്യക്തമാക്കി. അതിന്റെ തുടർച്ചയായാണ് പ്രവാസികൾക്ക് ആശ്വാസമാവുന്ന ‘പ്രവാസി മിത്രം’ നിലവിൽ വരുന്നത്.

റവന്യൂ അദാലത്തിനായി കഴിഞ്ഞ വർഷം നിലവിൽ വന്ന ‘റവന്യൂ മിത്രം’മാതൃകയിൽ, കൂടുതൽ സൗകര്യങ്ങളോടെയാവും പ്രവാസി മിത്രം പ്രവർത്തിക്കുന്നത്.


അവധി സർക്കാർ ഓഫിസിൽ തളച്ചിടുന്നവർ

ഏതാനും ആഴ്ച മുതൽ ഒന്നോ ​രണ്ടോ മാസം വരെ അവധിക്ക് നാട്ടിലേക്ക് പോകുന്നവരാണ് പ്രവാസികളിൽ ഭൂരിഭാഗവും. ഏറെ പേരും രണ്ടു വർഷത്തിൽ ഒരിക്കലോ, മറ്റു ചിലർ വർഷത്തിൽ ഒരിക്കലോ ആയി നാട്ടിലെത്തും. എന്നാൽ, ഈ അവധിക്കാലത്ത് ഭൂമി സംബന്ധമായ അപേക്ഷകളും പരാതികളും, വരുമാന സർട്ടിഫിക്കറ്റ്, നികുതി അടയ്ക്കൽ, വീടു നിർമാണം സംബന്ധിച്ച രേഖകൾ, വായ്പാ സംബന്ധമായ ആവശ്യങ്ങൾ എന്നിവക്കായി വില്ലേജ്, താലൂക്ക് ഓഫിസുകളിൽ കയറിയിറങ്ങി ദിവസം കഴിയുന്നതിന്റെ ദുരിതം പങ്കുവെക്കുന്നവർ ഏറെയാണ്.

അവധിക്ക് നാട്ടിലെത്തിയോ, അല്ലെങ്കിൽ ബന്ധുക്കളെ ചുമതലപ്പെടുത്തിയോ ആണ് പല പ്രവാസികളും വരുമാന സർട്ടിഫിക്കറ്റും, നികുതി അടവും ഉൾപ്പെടെ ആവശ്യം പൂർത്തിയാക്കുന്നത്. പുതിയ പ്രവാസി മിത്രം പോർട്ടലിലൂടെ അപേക്ഷ നൽകൽ സാധ്യമല്ലെങ്കിലും, മറ്റുള്ളവർ വഴി നൽകിയ അപേക്ഷകളുടെ തൽസ്ഥിതി അറിയാനും പരാതി ബോധിപ്പിക്കാനും കഴിയുന്നത് ആശ്വാസമാവും. ഓൺലൈൻ പോർട്ടൽ മുഖേന വിദേശത്തുള്ള കേരളീയർക്ക് റവന്യൂ, സർവേ വകുപ്പുകളുമായി ബന്ധപ്പെട്ട് സമർപ്പിച്ച അപേക്ഷകളുടെ തൽസ്ഥിതിയും, അവ സംബന്ധിച്ച പരാതികളും ഓൺലൈൻ വഴി സമർപ്പിക്കാൻ കഴിയുമെന്നാണ് അറിയിക്കുന്നത്. പരാതി പരിഹാരത്തിന് ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള പ്രവാസി സെല്ലുകളും, പോർട്ടൽ വഴി ലഭിക്കുന്ന അപേക്ഷ കൈകാര്യം ചെയ്ത് പുരോഗതി യഥാസമയം രേഖപ്പെടുത്താൻ എല്ലാ റവന്യൂ സർവേ ഓഫിസുകളിൽ നോഡൽ ഓഫിസർമാരെയും നിയമിക്കുമെന്ന് റവന്യൂ മന്ത്രി അറിയിച്ചു. പ്രവാസികൾക്ക് വിവിധ സേവനങ്ങൾക്ക് പണം അടക്കാൻ ഓപ്ഷനൽ ഗേറ്റ് വേ സംവിധാനം സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു. സർക്കാറിന്റെ വാഗ്ദാനം അതേപടി നടപ്പായാൽ ഗൾഫ് ഉൾപ്പെടെ വിവിധ രാജ്യങ്ങളിലുള്ള ദശലക്ഷം പ്രവാസി മലയാളികൾക്ക് വലിയ ആശ്വാസമാകും. 

Tags:    
News Summary - Pravasi Mitram portal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.