നമസ്​കാരം പള്ളിയിൽ മതി; റോഡിലേക്ക്​ നീളരുതെന്ന്​​ പൊലീസ്​

ഷാര്‍ജ: നമസ്​കാരങ്ങൾ പള്ളിയുടെ ഉള്ളിൽ ഒതുക്കണമെന്നും റോഡിലേക്ക്​ നീളുന്നത്​ ഒഴിവാക്കണമെന്നും ഷാർജ പൊലീസ്​. സാമൂഹിക അകലം പാലിച്ച്​ നമസ്​കരിക്കുന്നതിനാൽ പള്ളികൾക്ക്​ പുറത്തുള്ള റോഡുകളിലേക്കും നമസ്​കാരം നീളുന്ന പശ്ചാത്തലത്തിലാണ്​ ​പൊലീസിൻെറ നടപടി. രാത്രി നമസ്​കാരമായ തറാവീഹും ഖിയാമുല്ലൈലും റോഡിൽ അനുവദിക്കില്ലെന്ന്​ പൊലീസ്​ എടുത്തുപറഞ്ഞു. നമസ്​കാരം പള്ളി വളപ്പിനുള്ളിൽ ഒതുങ്ങിനിൽക്കണം. ഇതു നടപ്പാക്കുന്നുണ്ട്​ എന്നുറപ്പ്​ വരുത്താൻ പ്രത്യേക പൊലീസ്​ സംഘത്തെ പള്ളികൾക്ക്​ സമീപം നിയോഗിക്കും.

പ്രത്യേക ദിവസങ്ങളില്‍ നിയമലംഘനങ്ങള്‍ പൂര്‍ണമായും ഇല്ലാതാക്കാന്‍ ഷാര്‍ജയിലും ഉപനഗരങ്ങളിലും സുരക്ഷ പരിശോധനകള്‍ വര്‍ധിപ്പിക്കുമെന്ന് ഷാര്‍ജ പൊലീസ് ഡെപ്യൂട്ടി കമാൻഡർ ഇൻ ചീഫ് ബ്രിഗേഡിയർ ജനറൽ അബ്​ദുല്ല മുബാറക് ബിൻ ആമർ പറഞ്ഞു. പെരുന്നാള്‍ അവധി കണക്കിലെടുത്ത് വടക്കന്‍ എമിറേറ്റുകളിലേക്ക് സന്ദര്‍ശകര്‍ ഒഴുകാന്‍ സാധ്യത ഉള്ളതിനാല്‍ പ്രധാന നിരത്തുകളിലും കവലകളിലും പരിശോധന ശക്തമാക്കും. ക്രമരഹിതമായ പാർക്കിങ് കുറക്കുന്നതിനും ഗതാഗതക്കുരുക്ക്​ ഒഴിവാക്കുന്നതിനും ലക്ഷ്യമിട്ടാണ്​ നടപടി.

അധികാരികൾ പിന്നീട് പുറപ്പെടുവിക്കുന്ന നിർദേശങ്ങൾക്കനുസൃതമായായിരിക്കും ഈദ്ഗാഹുകള്‍ നടക്കുക. റമദാന്‍ 27, 29 രാവുകളില്‍ ഷാര്‍ജയിലെ മിക്ക പള്ളികളും നിറഞ്ഞുകവിഞ്ഞ് തെരുവിലേക്ക് വരികള്‍ നീളാറുണ്ട്. എന്നാല്‍, നിലവിലെ സ്ഥിതി കണക്കിലെടുത്ത് സുരക്ഷിത അകലം പാലിക്കേണ്ടത് അത്യാവശ്യമായതിനാലാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.