നമസ്കാരം പള്ളിയിൽ മതി; റോഡിലേക്ക് നീളരുതെന്ന് പൊലീസ്
text_fieldsഷാര്‍ജ: നമസ്കാരങ്ങൾ പള്ളിയുടെ ഉള്ളിൽ ഒതുക്കണമെന്നും റോഡിലേക്ക് നീളുന്നത് ഒഴിവാക്കണമെന്നും ഷാർജ പൊലീസ്. സാമൂഹിക അകലം പാലിച്ച് നമസ്കരിക്കുന്നതിനാൽ പള്ളികൾക്ക് പുറത്തുള്ള റോഡുകളിലേക്കും നമസ്കാരം നീളുന്ന പശ്ചാത്തലത്തിലാണ് പൊലീസിൻെറ നടപടി. രാത്രി നമസ്കാരമായ തറാവീഹും ഖിയാമുല്ലൈലും റോഡിൽ അനുവദിക്കില്ലെന്ന് പൊലീസ് എടുത്തുപറഞ്ഞു. നമസ്കാരം പള്ളി വളപ്പിനുള്ളിൽ ഒതുങ്ങിനിൽക്കണം. ഇതു നടപ്പാക്കുന്നുണ്ട് എന്നുറപ്പ് വരുത്താൻ പ്രത്യേക പൊലീസ് സംഘത്തെ പള്ളികൾക്ക് സമീപം നിയോഗിക്കും.
പ്രത്യേക ദിവസങ്ങളില്‍ നിയമലംഘനങ്ങള്‍ പൂര്‍ണമായും ഇല്ലാതാക്കാന്‍ ഷാര്‍ജയിലും ഉപനഗരങ്ങളിലും സുരക്ഷ പരിശോധനകള്‍ വര്‍ധിപ്പിക്കുമെന്ന് ഷാര്‍ജ പൊലീസ് ഡെപ്യൂട്ടി കമാൻഡർ ഇൻ ചീഫ് ബ്രിഗേഡിയർ ജനറൽ അബ്ദുല്ല മുബാറക് ബിൻ ആമർ പറഞ്ഞു. പെരുന്നാള്‍ അവധി കണക്കിലെടുത്ത് വടക്കന്‍ എമിറേറ്റുകളിലേക്ക് സന്ദര്‍ശകര്‍ ഒഴുകാന്‍ സാധ്യത ഉള്ളതിനാല്‍ പ്രധാന നിരത്തുകളിലും കവലകളിലും പരിശോധന ശക്തമാക്കും. ക്രമരഹിതമായ പാർക്കിങ് കുറക്കുന്നതിനും ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനും ലക്ഷ്യമിട്ടാണ് നടപടി.
അധികാരികൾ പിന്നീട് പുറപ്പെടുവിക്കുന്ന നിർദേശങ്ങൾക്കനുസൃതമായായിരിക്കും ഈദ്ഗാഹുകള്‍ നടക്കുക. റമദാന്‍ 27, 29 രാവുകളില്‍ ഷാര്‍ജയിലെ മിക്ക പള്ളികളും നിറഞ്ഞുകവിഞ്ഞ് തെരുവിലേക്ക് വരികള്‍ നീളാറുണ്ട്. എന്നാല്‍, നിലവിലെ സ്ഥിതി കണക്കിലെടുത്ത് സുരക്ഷിത അകലം പാലിക്കേണ്ടത് അത്യാവശ്യമായതിനാലാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.