അബൂദബി: അബൂദബി സിവില്‍ കുടുംബക്കോടതിയില്‍ ഈവര്‍ഷം വിവാഹപൂര്‍വ കരാറുകളില്‍ ഒപ്പുവെച്ചത് നൂറിലധികം ദമ്പതികൾ. വിവാഹമോചന വേളകളില്‍ ആസ്തി സംരക്ഷിക്കുന്നതിനായാണ് സമ്പന്നരായ താമസക്കാര്‍ വിവാഹത്തിനു മുന്നോടിയായി ഇത്തരം കരാറുകളില്‍ ഏര്‍പ്പെടുന്നത്. വിവാഹദിവസംതന്നെ താമസക്കാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും വിവാഹപൂര്‍വ കരാര്‍ പൂര്‍ത്തിയാക്കാനാവും.
2023ലെ ആദ്യ ഏഴു മാസത്തിനുള്ളില്‍ 250ലേറെ കരാറുകളാണ് പൂര്‍ത്തിയായത്. വാര്‍ഷിക നിക്ഷേപം 30 ദശലക്ഷം ഡോളറിലധികമുള്ളവര് സ്വരാജ്യങ്ങളേക്കാള് വിവാഹപൂര്‍വ കരാറുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ യു.എ.ഇ ആണ് തിരഞ്ഞെടുക്കുന്നത്. ഈ വര്‍ഷം 4500 പുതിയ ലക്ഷാധിപതികളെ രാജ്യത്തേക്ക് ആകര്‍ഷിക്കാനാകുമെന്നാണ് യു.എ.ഇ പ്രതീക്ഷിക്കുന്നത്.
ഇസ്ലാമിക നിയമപ്രകാരമല്ലാതെ വിവാഹം, കൈവശാവകാശം, വിവാഹമോചനം, മാതൃത്വം, പിതൃത്വം, പൈതൃകം, വ്യക്തിപദവി മുതലായ വിഷയങ്ങള്‍ പരിഗണിക്കുന്നതിനായി 2021 ഡിസംബറിലാണ് അബൂദബി സിവില്‍ കുടുംബക്കോടതി ആരംഭിച്ചത്. മതത്തിനതീതമായി രാജ്യത്തെ എല്ലാ താമസക്കാര്‍ക്കും നിയമസേവനം നല്‍കുന്നതിന്റെ ഭാഗമായാണ് നിയമപരിഷ്കാരം.
വിവാഹപൂര്‍വ കരാറിലൂടെ ദമ്പതികള്‍ക്ക് ഏതൊക്കെ ആസ്തികളാണ് തങ്ങളുടേത് ഏതൊക്കെ ആസ്തികള്‍ പങ്കുവെക്കാം എന്നതടക്കമുള്ള കാര്യങ്ങള്‍ നിജപ്പെടുത്താനാകുമെന്നതാണ് പ്രത്യേകത. മുസ്ലിം രാജ്യങ്ങളില്‍ നിന്നല്ലാത്ത പ്രവാസി മുസ്ലിംകള്ക്കും അബൂദബി സിവില്‍ കോടതിയില്‍ വിവാഹപൂര്‍വ കരാറിലേര്‍പ്പെടാം.
സ്വദേശികള്‍ക്ക് ഈ കോടതിയില്‍ വിവാഹം നടത്താനാകില്ല. 2023ല്‍ ഇതുവരെ 6700 വിവാഹങ്ങളാണ് കോടതിയില്‍ നടന്നത്. കഴിഞ്ഞവര്‍ഷം 6000 വിവാഹങ്ങളാണ് അബൂദബി സിവില്‍ കോടതിയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. അഭിഭാഷകന്റെ സേവനം ഉപയോഗപ്പെടുത്താന്‍ ശേഷിയില്ലാത്തവര്‍ക്ക് അബൂദബി സിവില്‍ കുടുംബക്കോടതിയുടെ വെബ്സൈറ്റില്‍നിന്ന് ഫോറം ഡൗണ്‍ലോഡ് ചെയ്തെടുക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.